April 22, 2024
April 22, 2024
ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ വർഗീയ വിദ്വേഷത്തിന്റെ ബ്രാൻഡ് അംബാസഡറായിരുന്ന നരേന്ദ്രമോദി കഴിഞ്ഞ ദിവസം നടത്തിയ വർഗീയ പരാമർശത്തിനെതിരെ പ്രതികരിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ.'നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നിങ്ങളുടെ സ്വത്ത് വിഭജിച്ചുനൽകിയാൽ അത് അംഗീകരിക്കാനാകുമോ? കോൺഗ്രസ് അധികാരത്തിലെത്തിയാൽ അതാണ് നടക്കാൻ പോകുന്നത്.'-മുസ്‍ലിം സമുദായത്തിനെതിരെ അങ്ങേയറ്റം വിഷംപുരണ്ട ഈ വാക്കുകൾ ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്നുണ്ടായത് അങ്ങേയറ്റം ഭരണഘടനാ വിരുദ്ധമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.അന്താരാഷ്ട്ര മാധ്യമങ്ങളും പരാമർശത്തിൽ നടുക്കം പ്രകടിപ്പിച്ചു.
എന്നാൽ,മോദി കഴിഞ്ഞ ദിവസം മുസ്‍ലിംകൾക്കെതിരെ നടത്തിയത്. എന്നിട്ടും പ്രധാനമന്ത്രിക്കെതിരെ ഒരു ചെറുവിരൽ പോലുമനക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറായില്ല. തെരഞ്ഞെടുപ്പ് കാലത്ത് വർഗീയ പ്രചാരണം നടത്തിയ മോദിക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടപ്പോഴും പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ.
പ്രചാരണത്തിനിടെ ഹിന്ദു, ജയ് ഭവാനി എന്ന വാക്കുകൾ ഉപയോഗിക്കരുതെന്ന് പറഞ്ഞ് ഉദ്ധവ് താക്കറെക്കെതിരെ നോട്ടീസയച്ച തെരഞ്ഞെടുപ്പ് കമ്മീഷനാണിത്. എന്നാൽ താക്കറെ ആ നോട്ടീസ് വകവെക്കാൻ തയാറായില്ല. ആദ്യം മോദിക്ക് നോട്ടീസ് അയക്കൂ എന്നാണ് താക്കറെ കമീഷനോട് പറഞ്ഞത്.
നുഴഞ്ഞുകയറ്റക്കാർക്ക് സ്വത്തുക്കൾ വിഭജിച്ചു നൽകുമെന്ന മോദിയുടെ വാക്കുകൾ പരാജയഭീതിയെ തുടർന്നുണ്ടായ പ്രസംഗമാണെന്നാണ് പ്രതിപക്ഷം തിരിച്ചടിച്ചത്.
2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്നും 2028ഓടെ നമ്മുടെ രാജ്യത്തെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്നുമാണ് മോദിയുടെ മാനിഫെസ്റ്റോ. മോദിയെ പിന്തുണക്കുന്നവർ തലയിലേറ്റുന്നതും അദ്ദേഹത്തിന്റെ ഈ വികസന സങ്കൽപങ്ങളാണ്. എന്നിട്ടും ആത്മവിശ്വാസം നഷ്ടപ്പെട്ട മോദിയും കൂട്ടരും തുടക്കം മുതൽ അവസാനം വരെ പ്രയോഗിച്ചു പോന്ന മുസ്‍ലിം വിദ്വേഷം എന്ന വർഗീയ കാർഡിറക്കിയാണ് ഇക്കുറിയും തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നതാണ് വസ്തുത.
ബി.ജെ.പിയുടെ വർഗീയ വിദ്വേഷത്തിന് എക്കാലവും ഇരയാക്കപ്പെട്ടവരാണ് മുസ്‍ലിംകൾ. അയോധ്യയിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത രാമക്ഷേത്രം പ്രതിപക്ഷത്തിന്റെ ഹിന്ദു വിരുദ്ധതയും മുസ്‍ലിം ചായ്‍വും ഉയർത്തിക്കാട്ടി വോട്ട് പിടിക്കുകയായിരുന്നു മോദിയും ബി.ജെ.പിയും. ഇന്ത്യയിലെ മുസ്‍ലിംകളുടെ നെഞ്ചിലേക്ക് കാഞ്ചിവലിച്ചാണ് ബാബരി മസ്ജിദ് തകർത്തിടത്ത് മോദിയും സംഘവും അയോധ്യക്ഷേത്രം പണിതത് തന്നെ.
തൊഴിലില്ലായ്മയും, പണപ്പെരുപ്പവും, സാമ്പത്തിക അസമത്വവും പ്രതിപക്ഷം ഉയർത്തിക്കാണിക്കുമ്പോൾ, ലോക്സഭ തെരഞ്ഞെടുപ്പിൽ അതിനെയെല്ലാം നിലംപരിശാക്കാനുള്ള മോദിയുടെയും സംഘത്തിന്റെയും പ്രധാന ആയുധമായിരുന്നു രാമക്ഷേത്രം. എന്നാൽ പ്രതീക്ഷിച്ചതു പോലെ രാമക്ഷേത്രം ഒരു വിഭാഗം ഹിന്ദുക്കളിൽ പ്രതിഫലനമൊന്നുമുണ്ടാക്കുന്നില്ലെന്നു അവർക്ക് മനസിലായി. ആദ്യഘട്ട ലോക്സഭ വോട്ടെടുപ്പിൽ ഉത്തർപ്രദേശിലടക്കം വോട്ടിങ് ശതമാനം ഗണ്യമായി കുറഞ്ഞുവെന്ന റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് രാമക്ഷേത്രം മുസ്‍ലിംകളെയും ഹിന്ദുക്കളെയും ഭിന്നിപ്പിക്കാനുള്ള തുറുപ്പുചീട്ടായി മാറിയിട്ടില്ല എന്ന യാഥാർഥ്യം സംഘം മനസിലാക്കിയത്. അതോടെയാണ് ഹിന്ദു-മുസ്‍ലിം വിഭജനം ലക്ഷ്യമിട്ട് മോദി തന്നെ രംഗത്തിറങ്ങിയത്.
2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ മുസ്‍ലിം വിരുദ്ധത ഏറ്റവും കൂടുതൽ പുറത്തുവന്നത്. ഗുജറാത്ത് കലാപത്തിൽ മുസ്‍ലിംകൾക്ക് അഭയകേന്ദ്രങ്ങൾ നിർമിച്ചുനൽകാൻ മോദി തയാറായില്ല. നാം രണ്ട് നമുക്ക് 25 എന്ന് ചിന്തിക്കുന്ന ഒരു വിഭാഗത്തിന് പുനരധിവാസ കേന്ദ്രങ്ങൾ ആവശ്യമില്ലെന്നായിരുന്നു അന്ന് മോദിയുടെ മറുപടി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F