May 14, 2024
May 14, 2024
മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ (സിഎസ്എംഐഎ) വ്യാജ ടിക്കറ്റ് ഉപയോഗിച്ച് അകത്ത് കയറാൻ ശ്രമിച്ച രണ്ട് യുവാക്കളെ സഹാർ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് (മെയ് 12) സംഭവം. സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ഡിപ്പാർച്ചർ ഗേറ്റിലെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കേസുകൾക്കാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഫൈസൽ ബൽവ (34), ഫൈജാൻ ബൽവ (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വിമാനത്താവളത്തിൽ നിന്ന് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് ഇവർ, ഡിപ്പാർച്ചർ ഗേറ്റിലെ മൂന്നാം നമ്പറിലുണ്ടായിരുന്ന സിഐഎസ്എഫിലെ ഉദ്യോഗസ്ഥനായ വിജയ് ഉറവിനെ സമീപിക്കുകയായിരുന്നു. മുംബൈയിൽ നിന്ന് ദോഹയിലേക്ക് പോകുന്ന വിസ്താര എയർലൈൻസ് വിമാന ടിക്കറ്റും ഇവരുടെ കയ്യിലുണ്ടായിരുന്നു. സാധാരണഗതിയിൽ ഫ്ളൈറ്റുകൾ ഒഴിവാക്കുന്ന യാത്രക്കാരെ തിരിച്ച് ഡിപ്പാർച്ചർ ഗേറ്റ് വരെ കൊണ്ടുവിടുന്ന എയർലൈൻ ജീവനക്കാരും അവർക്കൊപ്പമുണ്ടായിരുന്നില്ല. തുടർന്ന്, വിസ്താര എയർലൈൻസിലെ ജീവനക്കാരോട് അന്വേഷിച്ചു. ഇരുവരും നൽകിയ ടിക്കറ്റുകൾ അവരുടെ ഡാറ്റാബേസിൽ ഇല്ലെന്ന് എയർലൈൻസ് അധികൃതർ സ്ഥിരീകരിച്ചു.
വ്യാജ ടിക്കറ്റുകൾ ഉപയോഗിച്ച് വിമാനത്താവളത്തിൽ പ്രവേശിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, തങ്ങളുടെ സഹോദരി സുനേസര മരിയ റാഷിദ് ദോഹയിലേക്ക് പോകാനിരിക്കുകയാണെന്നായിരുന്നു മറുപടി.. തങ്ങളുടെ സഹോദരി ആദ്യമായി വിമാനത്തിൽ കയറുന്നതിനാലും, ധാരാളം ലഗേജുകൾ ഉള്ളതിനാലും, അവൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയുമാണ് ഇത് ചെയ്തതെന്നും ഇരുവരും പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇരുവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 420 (വഞ്ചന), 465 (വ്യാജരേഖ), 468 (വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കൽ), 471 (യഥാർത്ഥ വ്യാജരേഖ ഉപയോഗിച്ച്), 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F