Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ട്രംപിന്റെ അവകാശവാദങ്ങള്‍ തെറ്റ്; അഫ്ഗാനിസ്ഥാനില്‍ യു.എസ് നടത്തിയ വ്യോമാക്രമണങ്ങളില്‍ സാധാരണക്കാര്‍ വലിയ തോതില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

December 09, 2020

December 09, 2020

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്കയും സഖ്യകക്ഷികളും കഴിഞ്ഞ വര്‍ഷം നടത്തിയ വ്യോമാക്രമണങ്ങളില്‍ 700 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുദ്ധം തുടങ്ങിയ 2001 മുതല്‍ ഇന്ന് വരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ സാധാരണക്കാരുടെ മരണം നടന്ന വര്‍ഷമാണ് 2019 എന്നും അമേരിക്കയിലെ ബ്രൗണ്‍ സര്‍വ്വകലാശാലയുടെ കോസ്റ്റ് ഓഫ് വാര്‍ പ്രൊജക്റ്റിന്റെ ഭാഗമായ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 

മിഡില്‍ ഈസ്റ്റിലും അയല്‍ രാജ്യങ്ങളിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച വ്യോമാക്രമണ നയം എന്താണ് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. സുതാര്യമല്ലാത്തതും നിയന്ത്രണാതീതവുമായ നയങ്ങളാണ് ഇക്കാര്യത്തില്‍ ട്രംപ് സ്വീകരിച്ചത്. 

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം കാലഗണനയനുസരിച്ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2017 മുതല്‍ 2019 വരെ അഫ്ഗാനിസ്ഥാനില്‍ അമേരിക്കയും സഖ്യസേനയും നടത്തിയ വ്യോമാക്രമണങ്ങള്‍ കാരണം സിവിലിയന്‍ മരണങ്ങള്‍ ഗണ്യമായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

'2019 ല്‍ അന്താരാഷ്ട്ര വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട അഫ്ഗാനിലെ സാധാരണക്കാരുടെ എണ്ണം ഒബാമയുടെ അവസാന കൊല്ലമായിരുന്ന 2016 ല്‍ ഉള്ളതില്‍ നിന്ന് 330 ശതമാനം വര്‍ധിച്ചു. ഇതിന്റെ സമ്പൂര്‍ണ്ണമായ വിവരങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ കൈവശം ഉണ്ട്.' -റിപ്പോര്‍ട്ടില്‍ പറയുന്നു. 

അഫ്ഗാന്‍ എയര്‍ ഫോഴ്‌സിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണവും വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2020 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം അഫ്ഗാന്‍ വ്യോമസേനയുടെ ആക്രമണങ്ങളില്‍ 86 സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 103 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 

ഈ ആക്രമണങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നോ അതോ മനുഷ്യ നിയന്ത്രിതമായ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നോ എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടിന്റെ രചയിതാവായ നേത ക്രോഫോര്‍ഡ് പറയുന്നു. എന്നാല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം പറയുന്നത് രാജ്യത്തെ കൂടുതല്‍ വ്യോമാക്രമണങ്ങളും ഡ്രോണുകള്‍ ഉപയോഗിച്ചാണ് എന്നാണ്. 

'ഭീകരതയ്‌ക്കെതിരായ' അമേരിക്കയുടെ 'യുദ്ധത്തി'ന്റെ ഫലമായി കുറഞ്ഞത് 3.7 കോടി ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടുവെന്നാണ് ബ്രൗണ്‍ സര്‍വ്വകലാശാലയുടെ പ്രൊജക്റ്റിന്റെ ഭാഗമായി സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

വ്യോമാക്രമണങ്ങളിലുള്ള നിയന്ത്രണങ്ങളില്‍ ട്രംപ് ഭരണകൂടം ഇളവു നല്‍കിയതാണ് ഇത്രയും അധികം സാധാരണക്കാര്‍ കൊല്ലപ്പെടാന്‍ കാരണം. അമേരിക്ക നിയമങ്ങള്‍ കര്‍ശനമാക്കുകയും സാധാരണക്കാര്‍ക്ക് അപകടമാകുന്ന വ്യോമാക്രമണങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തപ്പോള്‍ സിവിലിയന്‍ മരണങ്ങള്‍ കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

താലിബാനെതിരെ മുന്നില്‍ വയ്ക്കാനുള്ള 'രാഷ്ട്രീയ കാലാള്‍പ്പട'യായിട്ടാണ് അമേരിക്ക അഫ്ഗാനിലെ സാധാരണക്കാരെ കാണുന്നതെന്ന് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സര്‍വ്വകലാശാലയിലെ മനശാസ്ത്ര വിശകലനത്തിലും വംശം ലിംഗഭേദം എന്നിവയിലെ ഗവേഷകനായ സഹാര്‍ ഘുംഖോര്‍ പറഞ്ഞു. 

'സാധാരണക്കാരുടെ മരണസംഖ്യ വര്‍ധിക്കുമ്പോഴും മനുഷ്യ സുരക്ഷയും അഫ്ഗാന്റെ സ്വയം നിര്‍ണ്ണയവും ഒരിക്കലും ഈ യുദ്ധത്തിന്റെ ലക്ഷ്യമായിരുന്നില്ല. ലോകത്തെ ചിലയിടങ്ങളില്‍ അക്രമങ്ങള്‍ എത്രമാത്രം സാധാരണവല്‍ക്കരിക്കപ്പെട്ടുവെന്ന് ഈ ഉയര്‍ന്ന മരണസംഖ്യകള്‍ നമ്മെ കാണിക്കുന്നു. രാഷ്ട്രീയ അക്രമങ്ങളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താം എന്ന് പോലും കരുതുന്ന ഇടങ്ങളാണ് അത്. ആ അര്‍ത്ഥത്തില്‍ അഫ്ഗാനിലെ ഭൂരിഭാഗം രാഷ്ട്രീയ അക്രമങ്ങള്‍ക്കും അമേരിക്കയും അതിന്റെ സഖ്യകക്ഷികളും ഉത്തരവാദികളാണ്.' -സഹാര്‍ ഘുംഖോര്‍ പറഞ്ഞു. 

ഡ്രോണ്‍ ആക്രമണങ്ങളുടെ പേരില്‍ വലിയ തോതില്‍ വിമര്‍ശനം നേരിട്ട വ്യക്തിയാണ് മുന്‍ യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമ. മുന്‍ഗാമിയായ ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ കാലത്തെതിനേക്കാള്‍ പത്ത് മടങ്ങ് അധികം ഡ്രോണ്‍ ആക്രമണങ്ങളാണ് ഒബാമയുടെ കാലഘട്ടത്തില്‍ നടന്നത്. 

ഇക്കാരണത്താല്‍ സിറിയ, അഫ്ഗാനിസ്ഥാന്‍, സൊമാലിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്ന് തങ്ങളുടെ സൈനികരെ പിന്‍വലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. മിഡില്‍ ഈസ്റ്റിലെ 'എന്നെന്നേക്കുമായുള്ള യുദ്ധങ്ങള്‍' അവസാനിപ്പിക്കാനായുള്ള നടപടികള്‍ ട്രംപ് സ്വീകരിച്ചതായും അദ്ദേഹത്തിന്റെ അനുയായികള്‍ പ്രചരിപ്പിച്ചിരുന്നു. 

എന്നാല്‍ ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് അമേരിക്കയിലെ റോഡ് ഐലന്റ് സംസ്ഥാനത്തെ പ്രൊവിഡൻസിലുള്ള ബ്രൗണ്‍ സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്തും ഡ്രോണുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള വ്യോമാക്രമണത്തില്‍ കുറവുണ്ടായിട്ടില്ല എന്നും ഈ ആക്രമണങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 


Latest Related News