Breaking News
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ |
ഹൃദയം തകർന്ന് ബ്ലാസ്റ്റേഴ്‌സ്, ഐ.എസ്. എൽ കിരീടം ഹൈദരാബാദിന്

March 20, 2022

March 20, 2022

രണ്ട് തവണ പിന്തുടർന്ന നിർഭാഗ്യം വീണ്ടും പിടികൂടിയ ഐ.എസ്.എൽ ഫൈനലിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോൽവി. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ച മത്സരത്തിൽ, പെനാൽറ്റി ഷൂട്ടൗട്ടാണ് അന്തിമവിധിയെഴുതിയത്. ഷൂട്ടൗട്ടിൽ മാസ്മരികമികവ് പുറത്തെടുത്ത ഗോൾകീപ്പർ കട്ടിമണിയാണ് ഹൈദരാബാദിന് വിജയമേകിയത്. ഷൂട്ടൗട്ടിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പട അടിയറവ് പറഞ്ഞത്. നിർഭാഗ്യത്തിനൊപ്പം റഫറിയിങ്ങിലെ പതിവ് പാകപ്പിഴകളും മത്സരത്തിന്റെ വിധിയിൽ നിർണ്ണായക പങ്ക് വഹിച്ചു. 

പ്ലേയിങ് ഇലവനിൽ ഇടംപിടിക്കുമോ എന്ന ആശങ്കകളെ ആസ്ഥാനത്താക്കി, നായകൻ ലൂണയെ ഉൾപ്പെടുത്തിയ സംഘവുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കിറങ്ങിയത്. മറുവശത്ത് ഹൈദരാബാദും തങ്ങളുടെ മികച്ച ടീമിനെ തന്നെ അണിനിരത്തി. ആദ്യപകുതിയുടെ സമയവും പന്ത് കൈവശം വെച്ചത് കേരളം ആയിരുന്നെങ്കിലും, അവസരം കിട്ടിയപ്പോഴൊക്കെ ഹൈദരാബാദ് പ്രത്യാക്രമണം നടത്തി. പ്രതിരോധത്തിൽ ഹോർമിപാമും, പോസ്റ്റിന് കീഴിൽ പതിവ് ഫോമിൽ ഗില്ലും നിലയുറപ്പിച്ചപ്പോൾ, ആദ്യപകുതി ഗോൾരഹിതമായി. കൂടുതൽ ഉണർവോടെ പന്തുതട്ടുന്ന ഹൈദരാബാദിനെയാണ് രണ്ടാം പകുതിയിൽ കണ്ടത്. ഒന്നിന് പിന്നാലെ ഒന്നായി കോർണറുകൾ നേടിയ ടീം ഏത് നിമിഷവും മുന്നിലെത്തുമെന്ന പ്രതീതി ജനിപ്പിച്ചു. 

എന്നാൽ, 68ആം മിനിറ്റിൽ കളിയുടെ ഗതി മാറി, ഗാലറിയിൽ തൊണ്ടപൊട്ടുമാറുച്ചത്തിലാർത്ത മഞ്ഞപ്പട കാത്തിരുന്ന നിമിഷമെത്തി.. മധ്യവരയ്ക്കരികിൽ നിന്നും ജിക്ക്സൺ നൽകിയ പന്തുമായി രാഹുൽ മുൻപിലേക്ക് മുന്നേറി..ബോക്‌സിന് മീറ്ററുകൾക്ക് വെളിയിൽ നിന്നും രാഹുൽ തൊടുത്തുവിട്ട വലംകാലനടി കട്ടിമണിയുടെ കയ്യിലുരസിയ ശേഷം വലയുടെ വലതുമൂലയിലേക്ക് പറന്നിറങ്ങി. ബെഞ്ചിലെ താരങ്ങളെ കളത്തിലെത്തിച്ച്, മുന്നേറ്റത്തിന്റെ മൂർച്ച കൂട്ടി, സമനിലഗോൾ നേടാൻ ഹൈദരാബാദ് കിണഞ്ഞുപരിശ്രമിച്ചെങ്കിലും മഞ്ഞപ്പടയുടെ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്താനായില്ല. ഗോളെന്നുറപ്പിച്ച ഫ്രീക്കിക്കടക്കം വായുവിലുയർന്ന് തടുത്തിട്ട ഗിൽ, തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതോടെ, കേരളം വിജയത്തിലേക്കെന്നുറപ്പിച്ചു. എന്നാൽ, 88 ആം മിനിറ്റിൽ ഫട്ടോഡ സ്റ്റേഡിയത്തിലെ കാണിക്കൂട്ടം നിശബ്ദരായി. പകരക്കാരനായി കളത്തിലിറങ്ങിയ സാഹിൽ ടവാരോയുടെ കൃത്യതയാർന്ന വോളി, ഗില്ലിനെ മറികടന്ന് വലയിലെത്തുകയായിരുന്നു. പിന്നീടിരുനിരകളും ഗോൾ നേടാതിരുന്നതോടെ മത്സരം എക്ട്രാ ടൈമിലേക്ക് നീണ്ടു. അധികസമയത്തെ ആദ്യ അവസരം ലഭിച്ചത് ബ്ലാസ്റ്റേഴ്‌സിനായിരുന്നു. ജിക്ക്സന്റെ ഹെഡർ പക്ഷേ ക്രോസ് ബാറിൽ തട്ടി മടങ്ങി. രണ്ടാം പകുതിയിലെ സുവർണ്ണാവസരം ഹൈദരാബാദിനായിരുന്നു. ഓഗ്‌ബെച്ചെയുടെ ഷോട്ട്, ഗില്ലിനെ മറികടന്നെങ്കിലും, ഗോൾലൈനിൽ നിന്നും പന്ത് ക്ലിയർ ചെയ്ത ലെസ്‌കോവിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷക്കെത്തി. കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും കഴിയാതെ പോയതോടെ മത്സരം ഷൂട്ടൗട്ടിന്റെ ഭാഗ്യനിർഭാഗ്യത്തിലേക്ക് നീങ്ങി. കട്ടിമണിയുടെ ചിറകിലേറി ഹൈദരാബാദ് വിജയത്തിലേക്കും നീങ്ങി. 


Latest Related News