Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
'ഉപരോധം നിരുപാധികം നീക്കണം'; ജോ ബെയ്ഡനോട് ഇറാന്‍ വിദേശകാര്യമന്ത്രി

January 23, 2021

January 23, 2021

തെഹ്‌റാന്‍: ഇറാനെതിരായ അമേരിക്കയുടെ ഉപരോധം നിരുപാധികം നീക്കണമെന്ന് പുതിയ യു.എസ് ഭരണകൂടത്തോട് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ്. ഉപരോധം നിരുപാധികം നീക്കിയാല്‍ ഇറാന്‍ ആണവകരാറുമായി പൂര്‍ണ്ണമായി പൊരുത്തപ്പെടുമെന്നും ഫോറിന്‍ അഫയേഴ്‌സ് മാസികയില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു. അതേസമയം ഇറാന്റെ പ്രാദേശികനയങ്ങളില്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 

ഇറാനെതിരെ 'പരമാവധി സമ്മര്‍ദ്ദം' എന്ന ട്രംപിന്റെ പരാജയപ്പെട്ട നയം അവസാനിപ്പിച്ച് ട്രംപ് ഉപേക്ഷിച്ച കരാറിലേക്ക് മടങ്ങുക എന്ന മാര്‍ഗമാണ് ജോ ബെയ്ഡന്‍ സ്വീകരിക്കേണ്ടത്. ബെയ്ഡന്‍ അങ്ങനെ ചെയ്താല്‍ ഇറാനും അതേപോലെ ആണവകരാറിനോടുള്ള പ്രതിജ്ഞാബദ്ധത പൂര്‍ണ്ണമായി വീണ്ടും നടപ്പാക്കും. എന്നാല്‍ ഇറാനുള്ള ഇളവുകള്‍ എടുത്തുമാറ്റാനാണ് വാഷിങ്ടണ്‍ ശ്രമിക്കുന്നതെങ്കില്‍ ആണവകരാറിലേക്ക് മടങ്ങിയെത്താനുള്ള അവസരം നഷ്ടപ്പെടുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

ആണവപദ്ധതിയിലെ നിയന്ത്രണങ്ങള്‍ ഇറാന്‍ അംഗീകരിച്ചാല്‍ കരാറിലേക്ക് മടങ്ങിയെത്തുമെന്ന് ബുധനാഴ്ച യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ജോ ബെയ്ഡന്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ബെയ്ഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിമര്‍ശകര്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയെ ഉള്‍പ്പെടെ അഭിസംബോധന ചെയ്യുന്ന ഒരു പ്രാദേശിക കരാര്‍ വേണമെന്നാണ് ആവശ്യപ്പെടുന്നത്. 

ബെയ്ഡന്‍ ആണവകരാര്‍ പുനരുജ്ജീവിപ്പിക്കുമെന്ന് അമേരിക്കയുടെ പുതിയ സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കന്‍ കഴിഞ്ഞയാഴ്ച സഭാംഗങ്ങളോട് പറഞ്ഞിരുന്നു. ഇത് ദീര്‍ഘവും ശക്തവുമായ കരാറിനായുള്ള ഒരു പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജോയിന്റ് കോംപ്രിഹന്‍സിവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെ.സി.പി.ഒ.എ) എന്നറിയപ്പെടുന്ന ബഹുരാഷ്ട്ര ആണവ കരാറില്‍ ഇറാനും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഒപ്പുവച്ചത് 2015 ല്‍ ഒബാമയുടെ ഭരണകാലത്തായിരുന്നു. കരാര്‍ പ്രകാരം ആണവ പദ്ധതി പിന്‍വലിച്ചതിനു പകരമായി ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരായ ഉപരോധം പിന്‍വലിക്കപ്പെട്ടു. 

എന്നാല്‍ 2017 ജൂലൈയില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്‍മാറുകയും ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും 'പരമാവധി സമ്മര്‍ദ്ദം ചെലുത്തുക' എന്ന നയം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇറാനും കരാറില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. 

ട്രംപിന്റെ തെറ്റുകള്‍ തിരുത്തണമെന്ന് സരീഫ് ബെയ്ഡനോട് ആവശ്യപ്പെട്ടു. ഇറാനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍ ഇറാന്‍ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപരോധം നിരുപാധികം പിന്‍വലിച്ചാല്‍ ഇറാന്‍ സ്വീകരിച്ച നടപടികള്‍ തിരിച്ചെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. 

മിഡില്‍ ഈസ്റ്റിനെ ലോകത്തെ ഏറ്റവും സൈനികവല്‍ക്കരിക്കപ്പെട്ട പ്രദേശമാക്കി മാറ്റിയതിന് അമേരിക്കയെയും പടിഞ്ഞാറന്‍ ലോകത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. 27 ദശലക്ഷം പൗരന്മാരുള്ള സൗദി അറേബ്യയാണ് ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാര്‍. അവര്‍ ഇറക്കുമതി ചെയ്യുന്ന ആയുധങ്ങളില്‍ ഭൂരിഭാഗവും വരുന്നത് അമേരിക്ക, ഫ്രാന്‍സ്, യു.കെ എന്നിവിടങ്ങളില്‍ നിന്നാണ്. 

'അമേരിക്കയുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്ന മറ്റൊരു പ്രമുഖ രാജ്യമാണ് 15 ദശലക്ഷത്തിലേറെ ജനസംഖ്യയില്ലാത്ത യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. എന്നാല്‍ ഈ ഗ്രഹത്തിലെ എട്ടാമത്തെ വലിയ ആയുധ ഇറക്കുമതിക്കാരാണ് യു.എ.ഇ.' -സരീഫ് പറഞ്ഞു. 

വാങ്ങിക്കൂട്ടിയ ആയുങ്ങള്‍ യെമനിലെ ജനങ്ങളെ കൊല്ലാനും അവിടെ നാശം വിതയ്ക്കാനുമാണ് ഈ രാജ്യങ്ങള്‍ ഉപയോഗിച്ചത്. ഒബാമ പ്രസിഡന്റായിരിക്കെ വൈറ്റ്ഹൗസ് അവര്‍ക്ക് പച്ചക്കൊടി കാണിച്ചു. തുടര്‍ന്ന് വന്ന ട്രംപ് ഭരണകൂടം അവര്‍ക്ക് അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യം നല്‍കി. 

ഇങ്ങനെയൊക്കെയാണെങ്കിലും പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടല്‍ ഇല്ലാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പൊതുവായ വെല്ലുവിളികളെ നേരിടാനും മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളുമായി ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. 

അറബ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് നേരത്തേ ഖത്തര്‍ ആവശ്യപ്പെടുകയും ഖത്തറിന്റെ ആഹ്വാനം ഇറാന്‍ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News