ദോഹ:കഴിഞ്ഞ ഒരു വർഷത്തിലേറെയായി തുടരുന്ന ഇസ്രയേൽ കൂട്ടക്കുരുതിയും വെടിനിർത്തൽ കരാർ ചർച്ചകളും ഫലപ്രാപ്തിയിലേക്ക് നീങ്ങുമ്പോൾ ഗസയിൽ വെടിയൊച്ച കേൾക്കാത്ത നല്ല ദിവസങ്ങൾക്കായി ലോകം കാത്തിരിക്കുകയാണ്. തിങ്കളാഴ്ച ദോഹയിൽ നടന്ന ചർച്ചകൾ വെടിനിർത്തൽ കരാറിനുള്ള അന്തിമ ധാരണയിലെത്തിയെങ്കിലും ഇസ്രായേൽ ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അന്തിമ വെടിനിർത്തൽ കരാറിന്റെ കരട് ഇരു രാജ്യങ്ങൾക്കും ഖത്തർ കൈമാറിയതായി വാർത്താ ഏജൻസികൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഘട്ടം ഘട്ടമായി സൈന്യത്തെ പിൻവലിക്കുന്ന കാര്യവും ബന്ദികളെ കൈമാറുന്നതു സംബന്ധിച്ചും ഖത്തർ കൈമാറിയ കരടിൽ പറയുന്നുണ്ടെന്നാണ് വിവരം.
ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ തലവനും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിനിധിയും ഖത്തർ പ്രധാനമന്ത്രിയും തമ്മിൽ നടന്ന ചർച്ചകളെ തുടർന്നാണ് വെടിനിര്‍ത്തല്‍ കരാറിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ട്രംപ് അധികാരമേല്‍ക്കും മുൻപ് വെടിനിര്‍ത്തല്‍ സാധ്യമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കഴിഞ്ഞ ഞായറാഴ്ച ഫോണിലൂടെ സംസാരിച്ചിരുന്നു. യുഎസിലെ നിലവിലെയും വരാനിരിക്കുന്നതുമായ ഭരണകൂടങ്ങളുമായുള്ള ചർച്ചയ്ക്കുശേഷമാണു മൊസാദ് തലവനെ അയച്ചതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫിസ് പറഞ്ഞിരുന്നു. ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബേത്തിന്റെ തലവൻ റൊണൻ ബാർ, സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥൻ നിറ്റ്സൻ അലോൺ എന്നിവരാണ് ഇടനിലക്കാരായി മുഖ്യമായുള്ളത്. അതെസമയം വിഷയത്തിൽ ഇസ്രയേലിന്റെയും ഹമാസിന്റെയും ഔദ്യോഗിക പ്രതികരണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.
ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് കൂടി പങ്കെടുത്ത ചർച്ചകളിൽ ഞായറാഴ്ച അർധരാത്രിയോടെയാണ് നിർണായക വഴിത്തിരിവുണ്ടാവുന്നത്.
വെടിനിർത്തലും ബന്ദി കൈമാറ്റവും സംബന്ധിച്ച് പലതവണ വഴിമുട്ടിയ ചർച്ചകളിൽ വിറ്റ്കോഫിനെക്കൂടാതെ ഇസ്രയേൽ ചാരഏജൻസികളുടെ മേധാവികളും ഹമാസ് പ്രതിനിധികളും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനിയും ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അയച്ച ഉന്നതതല പ്രതിനിധികളുമാണ് പങ്കെടുത്തത്.
ട്രംപ് ഭരണമേൽക്കുമ്പോൾ യുഎസ് അംബാസഡറാകുന്ന വിറ്റ്കോഫ് ഇസ്രയേൽ പ്രതിനിധികളെ അനുനയിപ്പിക്കുമ്പോൾ ഹമാസ് സംഘത്തോട് ഖത്തർ പ്രധാനമന്ത്രിയാണ് സംസാരിച്ചത്. ബൈഡൻ ഞായറാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഏതാനും മണിക്കൂറിനുള്ളിൽ അന്തിമതീരുമാനമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചർച്ചയിൽ പുരോഗതിയുള്ളതായി ഇസ്രയേലും ഹമാസും നേരത്തേ സൂചന നൽകിയിരുന്നു.
അഭിപ്രായഭിന്നതകൾ സംസാരിച്ചു പരിഹരിക്കാനുള്ള ശ്രമത്തിൽ വലിയ പുരോഗതി ഉണ്ടെന്നാണ് പലസ്തീൻ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. യുഎസും ഖത്തറും ഈജിപ്തും മുൻകയ്യെടുത്ത് ഒരു വർഷമായി നടന്നുവരുന്ന വെടിനിർത്തൽ ചർച്ചകളിൽ ഇതുവരെ കാര്യമായ മുന്നേറ്റം ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിൽ മധ്യസ്ഥശ്രമം ഉപേക്ഷിച്ചു പിന്മാറുക വരെ ചെയ്ത ഖത്തർ യുഎസിലെ ഭരണമാറ്റത്തിനിടെ വീണ്ടും ചർച്ചകൾക്ക് തയ്യാറാവുകയിരുന്നു.
ബൈഡൻ സ്ഥാനമൊഴിയുന്ന ദിവസമോ അതിനു തലേന്നോ വെടിനിർത്തൽ കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പറയുന്നത്. ബന്ദികളെ കൈമാറുന്നതിൽ ഹമാസ് പരാജയപ്പെട്ടാൽ കാര്യങ്ങൾ അത്ര സുഗമമായിരിക്കില്ലെന്ന് ട്രംപ് സൂചന നൽകിയിരുന്നു.
അതേസമയം, ഗാസയിൽ തിങ്കളാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ ഇസ്രയേൽ ആക്രമണങ്ങളിലായി 33 പേർ കൊല്ലപ്പെട്ടെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഗാസ സിറ്റിയിലെ സ്കൂളിലൊരുക്കിയ അഭയാർഥി ക്യാംപിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 5 പേരും ഇതിൽ പെടും.. 2023 ഒക്ടോബർ 7ന് ആരംഭിച്ച യുദ്ധത്തിൽ ഗാസയിൽ ഇതുവരെ 46,584 പലസ്തീൻകാർ കൊല്ലപ്പെട്ടിരിക്കുന്നത്
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ