November 08, 2019
November 08, 2019
മസ്കത്ത്: ന്യൂനമര്‍ദത്തിന്റെ ഫലമായി ഒമാനില്‍ ശനിയാഴ്ച മുതല്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. മസ്കത്ത് അടക്കം ഒമാന്റെ മിക്ക ഭാഗങ്ങളിലും ഇടിയോടു കൂടിയ മഴക്കാണ് സാധ്യത.
തെക്കന്‍ ഇറാന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദം ശനിയാഴ്ച മുതല്‍ ഒമാനെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റിയുടെ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.
തിങ്കളാഴ്ച വരെ മഴയുണ്ടാകാന്‍ സാധ്യതയുണ്ട്. മുസന്ദം ഗവര്‍ണറേറ്റില്‍ നിന്ന് മഴ ആരംഭിച്ച് ബുറൈമി, തെക്ക്-വടക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ, മസ്കത്ത്, തെക്ക്-വടക്കന്‍ ശര്‍ഖിയ മേഖലകളിലെല്ലാം മഴയുണ്ടാകാനിടയുണ്ട്. ഒമാന്‍ തീരത്ത് കടല്‍ സാമാന്യം പ്രക്ഷുബ്ധമായിരിക്കും. തിരമാലകള്‍ രണ്ടു മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്.കടലില്‍ പോകുന്നവർ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.