August 14, 2022
August 14, 2022
മുംബൈ: ചികിത്സക്കായി മുംബൈയിലെത്തിയ ഒമാനി കുടുംബത്തെ പൊലീസ് ചമഞ്ഞെത്തിയ തട്ടിപ്പുകാര്‍ കൊള്ളയടിച്ചു. 1.56 ലക്ഷം രൂപ മൂല്യംവരുന്ന ഒമാനി, യു.എ.ഇ കറന്‍സികളും ഐ.ഡി കാര്‍ഡ്, ചികിത്സ രേഖകള്‍ ഉള്‍പ്പെടെ വിലപ്പെട്ട രേഖകളും കവര്‍ന്നു.
സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
വെള്ളിയാഴ്ചയായിരുന്നു സംഭവം. ഒമാന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ 41കാരനായ മുഹമ്മദ് അബ്ദുല്ലയും കുടുംബവും മാതാപിതാക്കളുടെ ചികിത്സക്ക് വേണ്ടിയാണ് ആഗസ്റ്റ് 10ന് ഇന്ത്യയിലേക്ക് വന്നത്. അബ്ദുല്ലയുടെ പ്രായമായ മാതാപിതാക്കള്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ നിരവധി അസുഖങ്ങളുണ്ടായിരുന്നു. മുംബൈ കൊളാബയിലെ ഹോട്ടലിലാണ് കുടുംബം താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 10.30ഓടെ അബ്ദുല്ലയും ഭാര്യയും സഹോദരനും മരുമകനും കൂടി ഹോട്ടലിന് പുറത്തേക്കിറങ്ങി. ഏതാനും മരുന്നുകള്‍ വാങ്ങാനായിരുന്നു ഇവര്‍ പുറത്തിറങ്ങിയത്. അല്‍പസമയം കഴിഞ്ഞപ്പോള്‍ ഒരു വെള്ള കാറിലെത്തിയ നാലുപേര്‍ ഇവരെ തടഞ്ഞുനിര്‍ത്തി. കൂട്ടത്തില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു.
പുറത്തിറങ്ങിയ നാല്‍വര്‍സംഘം, ഏതുഭാഷയില്‍ സംസാരിക്കാനാണ് സൗകര്യമെന്ന് ഇവരോട് ഹിന്ദിയില്‍ ചോദിച്ചു. അറബിയിലാണെന്ന് മറുപടി നല്‍കി. ഇതോടെ സംഘത്തിലെ ഒരാള്‍ അറബിയില്‍ സംസാരിച്ചു തുടങ്ങി. തങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്നും ബാഗില്‍ ഹാഷിഷ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് വന്നതെന്നും പറഞ്ഞു. കൈവശമുള്ള ബാഗുകള്‍ പരിശോധനക്ക് നല്‍കാനും ആവശ്യപ്പെട്ടു.
കുടുംബം ഞെട്ടിനില്‍ക്കവേ, അബ്ദുല്ലയുടെ ഭാര്യയുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിക്കാനെന്ന വ്യാജേന കൈക്കലാക്കിയ സംഘം പെട്ടെന്ന് കാറില്‍ കയറി സ്ഥലംവിടുകയായിരുന്നു. സംഘത്തിലൊരാളുടെ ഷര്‍ട്ടില്‍ പിടിച്ച് നിര്‍ത്താന്‍ അബ്ദുല്ല ശ്രമിച്ചെങ്കിലും കുതറി രക്ഷപ്പെട്ടു. കൊളാബ മാര്‍ക്കറ്റ് ഭാഗത്തേക്ക് സംഘം കാര്‍ ഓടിച്ചുപോവുകയായിരുന്നു.
അബ്ദുല്ലയുടെ മരുമകന്‍ കാറിന്‍റെ നമ്ബര്‍ പ്ലേറ്റ് വ്യക്തമാകുന്ന ചിത്രം ഇതിനിടെ തന്‍റെ ഫോണില്‍ പകര്‍ത്തിയിരുന്നു. പരിശോധനയില്‍ ഇതൊരു സ്വകാര്യ കമ്ബനിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത കാറാണെന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു. അജ്ഞാതരായ നാലുപേര്‍ക്കെതിരെ തട്ടിപ്പറിക്കല്‍, വേഷംമാറി കുറ്റകൃത്യം നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു.
1.34 ലക്ഷം രൂപ മൂല്യമുള്ള ഒമാനി റിയാല്‍, 22,200 രൂപ മൂല്യമുള്ള യു.എ.ഇ ദിര്‍ഹം എന്നിവ ബാഗിലുണ്ടായിരുന്നു. ഇതുകൂടാതെ കുടുംബത്തിന്‍റെ ഒമാനിലെ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ്, രക്ഷിതാക്കളുടെ ചികിത്സാ രേഖകള്‍ തുടങ്ങിയവയും ഉണ്ടായിരുന്നു. ഇവയില്‍ പലതും അക്രമിസംഘം റോഡില്‍ ഉപേക്ഷിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക