Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പിന് പഴുതടച്ച സുരക്ഷ,സുപ്രധാന സമ്മേളനം ഇന്നും നാളെയും

May 22, 2022

May 22, 2022

ദോഹ: ലോകകപ്പിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനുള്ള  'സെക്യൂരിറ്റി ലാസ്റ്റ് മൈല്‍ കോണ്‍ഫറന്‍സ്' ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ദോഹയില്‍ നടക്കും.ലോകകപ്പിന്‍റെ സുരക്ഷാ ചുമതലവഹിക്കുന്ന സേഫ്റ്റി ആന്‍റ് സെക്യൂരിറ്റി ഓപറേഷന്‍സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോകത്തെ ശ്രദ്ധേയമായ കുറ്റാന്വേഷണ-സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

ലോകകപ്പിനായി ഖത്തറിന്‍റെ സുരക്ഷാ ഒരുക്കങ്ങള്‍ സംബന്ധിച്ച്‌ ലോകരാജ്യങ്ങള്‍ക്ക് കൃത്യമായ ചിത്രം നല്‍കുന്നുവെന്നനിലയില്‍ ഏറെ സുപ്രധാനമാണ് രണ്ടു ദിവസത്തെ സമ്മേളനമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

.ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളില്‍ നിന്നുള്ള സുരക്ഷാ വിഭാഗങ്ങള്‍, ഇന്‍റര്‍പോള്‍, യൂറോപോള്‍ എന്നിവക്കു പുറമെ, ഫിഫ, ഐക്യരാഷ്ട്ര സഭ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സേഫ്റ്റി ആന്‍റ് സെക്യൂരിറ്റി ഓപറേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ എഞ്ചി. അബ്ദുല്‍ അസീസ് അല്‍ അന്‍സാരി പറഞ്ഞു. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി, ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ലെഖ്വിയ  പ്രതിനിധികളും പങ്കാളികളാവും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകരാജ്യങ്ങളുടെ കൂടി സഹകരണത്തോടെ സുരക്ഷാ മേഖലയില്‍ നടത്തിയ തയ്യാറെടുപ്പുകളും പദ്ധതികളും അവര്‍ക്ക് വ്യക്തമാവുന്ന വിധത്തില്‍ സമ്മേളനത്തിൽ വിശദീകരിക്കും.

ടൂര്‍ണമെന്‍റിന്‍റെ മുഴുവന്‍ രൂപരേഖ, സുരക്ഷാ അവലോകനം, സുരക്ഷാ ആസൂത്രണം, ടൂര്‍ണമെന്‍റുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളിലെയും സുരക്ഷാ സംവിധാനങ്ങള്‍, സൈബര്‍ സെക്യൂരിറ്റി, രാജ്യാന്തര പങ്കാളികളുമായുള്ള ആശയവിനിമയവും സഹകരണവും തുടങ്ങിയ കാര്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

ടീം അംഗങ്ങളും ആരാധകരും ഖത്തറിലെത്തുന്നത് മുതല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സുരക്ഷിതമായ നാട്ടിലേക്ക് മടങ്ങുന്നത് വരെയുള്ള ക്രമീകരണങ്ങള്‍ രണ്ടു ദിനത്തിലായി കൃത്യമായി വിശദീകരിക്കപ്പെടും. കളിക്കാരുടെയും കാണികളുടെയും സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം, ഇരിപ്പിട വിന്യാസം, പരിശീലന സ്ഥലങ്ങളിലേക്കും താമസ സ്ഥലങ്ങളിലേക്കുമുള്ള യാത്രകള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും വിശദമായ രൂപരേഖ ഇതിനകം തയ്യാറാക്കപ്പെട്ടതായും, ഇവ ടീം പ്രതിനിധികള്‍ക്കും അതാത് രാജ്യങ്ങളുടെ സുരക്ഷ വിഭാഗത്തിനും വിശദമാക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ലോകകപ്പ് പ്രഖ്യാപിച്ചത് മുതല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടന്ന ടൂര്‍ണമെന്‍റുകളുടെ സുരക്ഷാ വിന്യാസത്തില്‍ സഹകരിച്ചും, പാഠങ്ങള്‍ പഠിച്ചും പരിശീലിച്ചുമാണ് സുരക്ഷാ വിഭാഗങ്ങള്‍ ലോകകപ്പിനായി ഒരുങ്ങുന്നത്.

ഇതിനിടയില്‍ ഫിഫ അറബ് കപ്പും, ക്ലബ് ലോകകപ്പും ഉള്‍പ്പെടെയുള്ള സുപ്രധാന മേളകളിലും സുരക്ഷാ വിഭാഗം കാര്യമായ തയ്യാറെടുപ്പ് നടത്തി. ഇവയെല്ലാം അടിസ്ഥാനമാക്കിയാവും രാജ്യത്തിന്‍റെ ക്രമീകരണങ്ങള്‍ അവതരിപ്പിക്കുന്നത്. ലോകകപ്പ് ടീമുകള്‍ക്കു പുറമെ, സൗഹൃദരാജ്യങ്ങളും മറ്റും പങ്കെടുക്കുന്നുണ്ട്.

ലോകകപ്പ് വേദിയൊരുക്കുന്നതിനായി ഖത്തര്‍ നടത്തിയ തയ്യാറെടുപ്പുകള്‍, തുടര്‍ന്നുള്ള ലോകമേളകള്‍ക്കായി ഇന്‍റര്‍പോളുമായി സഹകരിച്ച്‌ പങ്കുവെക്കുന്ന 'പ്രൊജക്ട് സ്റ്റേഡിയ' വിവരങ്ങളും സമ്മേളനത്തില്‍ സമര്‍പ്പിക്കും.

ഞായറാഴ്ച ആരംഭിക്കുന്ന സമ്മേളനം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍അബ്ദുല്‍ അസീസ് ആല്‍ഥാനി ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ എസ്.എസ്.ഒ.സി മീഡിയ ഹെഡ് ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ മുഫ്തഹ്, ലീഗല്‍ അഫയേഴ്സ് ആന്‍റ് കമ്യൂണിക്കേഷന്‍ മേധാവി ബ്രിഗേഡിയര്‍ ഇബ്രാഹിം ഖലീല്‍ അല്‍ മുഹംനദി എന്നിവരും പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News