Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കത്താറ ആംഫി തിയേറ്ററിലേക്ക് മലയാളികൾ ഒഴുകിയെത്തി,അപൂർവാനുഭവമായി മലയാളികളുടെ റമദാൻ സംഗമം

April 23, 2022

April 23, 2022

ദോഹ: ഖത്തറിന്റെ സാംസ്കാരിക തലസ്ഥാനമായ കതാറയിൽ അപൂർവാനുഭവമായി മലയാളികളുടെ റമദാൻ സംഗമം. ലോക ശ്രദ്ധ നേടിയ കതാറ ആംഫി തിയേറ്ററിന്റെ വിശാലമായ വേദിയിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഇതാദ്യമായി നടന്ന മലയാളികളുടെ റമദാൻ പ്രഭാഷണം കേൾക്കാൻ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ്  ഒഴുകിയെത്തിയത്.യുവപണ്ഡിതനും വാഗ്മിയും കേരള ഇസ്ലാമിക പണ്ഡിത സഭാംഗവും സെന്റർ ഫോർ സ്റ്റഡി ആൻഡ് റിസർച് ദോഹ ഡയറക്ടറുമായ ഡോ. അബ്ദുല്‍ വാസിഅ് ധർമഗിരി റമദാൻ പ്രഭാഷണം നടത്തി.

റമദാനിന്റെ സന്ദേശവും ആത്മാവും ദോഹയിലെ ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾക്ക് പകർന്നു നൽകാൻ ലക്ഷ്യമാക്കി ഖത്തര്‍ ഇസ്‌ലാമിക കാര്യ മന്ത്രാലയം- കതാറ കള്‍ച്ചറല്‍ വില്ലേജുമായി സഹകരിച്ചാണ് കതാറ റമദാൻ സംഗമം സംഘടിപ്പിച്ചത്. ജീവിതവിഭവങ്ങള്‍ ഉളളവര്‍ ഇല്ലാത്തവര്‍ക്ക് പകുത്തുനല്‍കുന്നതിലൂടെ സാമൂഹിക സന്തുലിതത്വം സൃഷ്ടിക്കാനുള്ള ശ്രമമാണ് റമദാനിൽ നടക്കേണ്ടതെന്ന്  ഡോ. അബ്ദുല്‍വാസിഅ് ധർമഗിരി പ്രഭാഷണത്തിൽ ആഹ്വനം ചെയ്തു.

'നോമ്പെടുത്തിട്ടും അയല്‍‌ക്കാരന്റെ വിശപ്പിന്റെ വിളി കേള്‍‌ക്കാതിരിക്കുന്ന അവസ്ഥയില്‍ നോമ്പിന്റെ ആത്മാവ്‌ നഷ്‌‌ടപ്പെടും. ദാന ധര്‍‌മ്മങ്ങള്‍ മുറപോലെ അനുഷ്‌‌ഠിച്ചിട്ടും കൊടുക്കുന്നവന്‍ വാങ്ങുന്നവന്‍ എന്ന അനുപാതത്തില്‍ മാറ്റങ്ങള്‍ സം‌ഭവിക്കുന്നില്ലെങ്കില്‍ റമദാൻ മുന്നോട്ടു വെക്കുന്ന സാമൂഹിക വിഭാവന പൂര്‍‌ത്തിയാക്കപ്പെടുന്നില്ല.' 'വിശപ്പും ദാഹവുമറിയുന്നവനേ സഹജീവിയുടെ വേദനയറിയൂ. വയറൊട്ടിയവന്റെ വേവലാതികളറിയാതെ ധൂര്‍ത്തും ദുര്‍വ്യയവുമായി ഇഫ്താറുകള്‍ ആഘോഷമാക്കുന്നവര്‍ നോമ്പിന്റെ പൊരുളറിയാത്തവരാണ്. ഇസ്‌ലാമിലെ എല്ലാ ആരാധനകളിലും സാമൂഹികതയുടെ മുഖം കൂടിയുണ്ട്.'

'കര്‍മങ്ങളിലെ പോരായ്മകള്‍ക്ക് നിശ്ചയിക്കപ്പെട്ട പ്രായശ്ചിത്തങ്ങളിലെല്ലാം സമൂഹത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. ദുര്‍ബലരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും വിമോചനവും വിഭവങ്ങളുടെ പങ്കുവെപ്പും നിര്‍ബന്ധമാക്കുക വഴി വിശ്വാസിയുടെ സാമൂഹികപ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. ദേശത്യാഗം ചെയ്ത് മദീനയിലെത്തിയ വിശ്വാസി സംഘത്തിന് ജീവിതവിഭവങ്ങള്‍ വാരിക്കോരി നല്‍കി ചേര്‍ത്തുനിര്‍ത്തിയ പാരമ്പര്യമാണ് ഇസ്‌ലാമിനുള്ളത്. ദുര്‍ബലന്റെ പ്രാര്‍ഥനകളാണ് ലോകത്തെ സുഗമമായി മുന്നോട്ടുനയിക്കുന്നതെന്ന് തിരിച്ചറിയണമെന്നും' അബ്ദുല്‍വാസിഅ് പറഞ്ഞു.'

മോഹങ്ങളെ നിയന്ത്രിച്ചും ആത്മീയമായി ഉയാർത്തിയും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മാതൃകായോഗ്യരായ മനുഷ്യരെ സൃഷ്ടിച്ചെടുക്കുകയാണ് നോമ്പ്‌ എന്ന് പരിപാടിയിൽ ആമുഖ ഭാഷണം നിർവഹിച്ച ടി കെ ഖാസിം പറഞ്ഞു. ഇസ്‌ലാമോഫോബിയയുടെ കാലഘട്ടത്തില്‍ ആത്മാഭിമാനത്തോടെ എഴുന്നേറ്റ് നില്‍ക്കാന്‍ വിശ്വാസികളെ പ്രാപ്തമാക്കുന്നതാണ് വ്രതാനുഷ്ഠാനമെന്നും അദ്ദേഹം ഉണർത്തി. ഡോ. അബ്ദുൽ വാസിഇനുള്ള മന്ത്രാലയത്തിൻറെ ഉപഹാരം അബ്ദുല്ലാഹ് ബിൻ സൈദ് കൾച്ചറൽ സെന്റർ കമ്മ്യൂണിറ്റി മാനേജർ നാസിർ ബിൻ ഇബ്‌റാഹിം അൽ മന്നാഇ സമ്മാനിച്ചു. യാസിർ ഇല്ലത്തൊടി പരിപാടി നിയന്ത്രിച്ചു. ഹംസ മുഹ് യുദ്ദീൻ ഖിറാഅത്തും, നൗഫൽ പാലേരി നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News