Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബർദ് അൽ അസരിഖ്’ തുടങ്ങി,ഖത്തറിൽ കൊടുംതണുപ്പിനൊപ്പം ആഘോഷങ്ങളും

January 25, 2023

January 25, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ‘ബർദ് അൽ അസരിഖ്’ എന്നറിയപ്പെടുന്ന വർഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങൾക്കൊപ്പം ഖത്തര്‍ ടൂറിസം ആരംഭിച്ച 'ഫീല്‍ വിന്റര്‍ ഇന്‍ ഖത്തര്‍' ആഘോഷ പരിപാടികൾക്കും തുടക്കമായി.ജനുവരി 24 മുതൽ എട്ടു ദിവസം നീണ്ടുനിൽക്കുന്ന ബാർദ് അൽ അസരിഖ് മാസാവസാനം വരെ രാജ്യത്ത് അതിശൈത്യ കാലാവസ്ഥക്ക് കാരണമാകുമെന്നാണ് ഖത്തർ കലണ്ടർ ഹൗസ് കഴിഞ്ഞ ദിവസം അറിയിച്ചത്.

തണുപ്പിന്റെ കാഠിന്യം നിമിത്തം “മുഖങ്ങളും കൈകാലുകളും നീലയായി കാണപ്പെടുന്നതിനാലാണ്, അൽ അസരിഖ്/അസ്രാഖ് (നീല) സീസൺ എന്നറിയപ്പെടുന്നത്. ശൈത്യകാലത്ത് ഏറ്റവും തണുപ്പുള്ള ദിവസങ്ങളാണ് ഇവ.
അതേസമയം,'ഫീല്‍ വിന്റര്‍ ഇന്‍ ഖത്തര്‍' കാമ്പയിന്റെ  ഭാഗമായി, ഈ തണുപ്പുകാലത്ത് ഖത്തറില്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ വേറിട്ടതും വ്യത്യസ്തമായതുമായ നിരവധി ആഘോഷങ്ങളാണ് അരങ്ങേറുന്നത്.

ബലൂണ്‍ ഫെസ്റ്റിവലോടെ ആരംഭിച്ച ആഘോഷങ്ങള്‍ക്ക് റമദാന്‍ ബസാറോടെ സമാപനമാകും. മൂന്നു മാസത്തിനിടെ, ഡസനോളം വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഖത്തര്‍ ടൂറിസം അണിയിച്ചൊരുക്കുന്നത്.

കുടുംബവുമൊത്ത് ആസ്വദിക്കാന്‍ അനുയോജ്യമായ പരിപാടികളാണേറെയും. വരും മാസങ്ങളില്‍ നടക്കുന്ന ആവേശകരമായ ആഘോഷങ്ങള്‍ ഇവയൊക്കെയാണ്:

ഡിസ്നി പ്രിന്‍സസ് കണ്‍സേര്‍ട്ട്
ലോകപ്രശസ്തമായ ഡിസ്നി പ്രിന്‍സസ് - ദി കണ്‍സേര്‍ട്ട് ടു ദോഹ ജനുവരി 26 മുതല്‍ 28 വരെ മൂന്ന് രാത്രികളിലായി കതാറ ആംഫി തിയറ്ററില്‍ നടക്കും. ഡിസ്നി കണ്‍സേര്‍ട്ട്സ്, ബ്രോഡ്‌വേ എന്റര്‍ടെയിന്‍മെന്റ് ഗ്രൂപ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി. ബ്രോഡ്‌വേയുടെയും വെസ്റ്റ് എന്‍ഡിന്റെയും പ്രശസ്ത കലാകാരന്മാര്‍ അരങ്ങിലെത്തുന്നതോടൊപ്പം, ഖത്തര്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ തത്സമയ പ്രകടനവുമുണ്ടാകും.

ജി.കെ.എ കൈറ്റ് സര്‍ഫിങ് ടൂര്‍ണമെന്റ്
ഖത്തര്‍ ടൂറിസം ആവേശകരമായ വാട്ടര്‍ സ്പോര്‍ട്ട് ലോകകപ്പ് ദോഹയിലെത്തിക്കുകയാണ്. ഫുവൈരിത് കൈറ്റ് ബീച്ചില്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി നാലുവരെ ഖത്തര്‍ ജി.കെ.എ ഫ്രീസ്റ്റൈല്‍ കൈറ്റ് ലോകകപ്പ് നടക്കും.

റമദാന്‍ ബസാര്‍
നോമ്ബ് തുറന്നതിനുശേഷമുള്ള നിങ്ങളുടെ സായാഹ്നങ്ങള്‍, കുടുംബവുമൊത്ത് ഖത്തറിന് ചുറ്റിലുമുള്ള ഹൃദ്യമായ ആക്ടിവിറ്റികള്‍ക്കൊപ്പം ചെലവഴിക്കാം. റമദാനില്‍ ഖത്തര്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് രാജ്യത്തിന്റെ അതിശയകരമായ പാരമ്ബര്യവും ആഘോഷങ്ങളും അറിയാനും റമദാന്‍ ബസാര്‍ വഴിതുറക്കും. ഖത്തര്‍ ടൂറിസമാണ് റമദാന്‍ ബസാറിനെ പ്രയോഗവത്കരിക്കുന്നത്.

ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍
10 ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവല്‍ കണ്ണഞ്ചിപ്പിക്കും കാഴ്ചകളാണൊരുക്കുന്നത്. മനംമയക്കുന്ന സൂര്യോദയ ബലൂണ്‍ ലോഞ്ചുകള്‍, രാത്രിയിലെ ആകാശത്ത് വര്‍ണബലൂണുകള്‍ മിന്നിത്തിളങ്ങുന്ന 'നൈറ്റ് ഗ്ലോ ഷോ', ടെതര്‍ഡ് ലൈറ്റുകള്‍, തത്സമയ വിനോദപരിപാടികള്‍, രുചികരമായ ഭക്ഷ്യവിഭവങ്ങളുമായി ഫുഡ് കിയോസ്കുകള്‍ എന്നിവ ഫെസ്റ്റിവലിന്റെ സവിശേഷതകളാണ്.

സൂര്യന്‍ ഉദിച്ചുതുടങ്ങുമ്ബോള്‍ ഹോട്ട് എയര്‍ ബലൂണുകള്‍ വാനില്‍ പറക്കാന്‍ തുടങ്ങും. ബലൂണില്‍ പറക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് അതിനും സൗകര്യമുണ്ട്. വൈകുന്നേരങ്ങളിലെ 'നൈറ്റ് ഗ്ലോ ഷോ' വേറിട്ട അനുഭവങ്ങളൊരുക്കും. വൈവിധ്യമാര്‍ന്ന രൂപവും വര്‍ണവുമുള്ള 50 ബലൂണുകള്‍ അവരുടെ രാത്രിയെ പ്രഭാപൂരിതമാക്കും. ഡി.ജെ ഗായകരും മ്യൂസിക് ബാന്‍ഡുകളും നര്‍ത്തകര്‍, മാജിക് ഷോകള്‍, വയലിനിസ്റ്റുകള്‍ തുടങ്ങി ആസ്വാദനങ്ങളുടെ അതിരുകളില്ലാ കാഴ്ചകളൊരുക്കുകയാണ് ബലൂണ്‍ ഫെസ്റ്റിവല്‍.

ഖത്തര്‍ ലൈവ്
ജനുവരി 26ന് ആരംഭിക്കുന്ന ഖത്തര്‍ ലൈവ് സീസണ്‍ മുഴുവന്‍ നീണ്ടുനില്‍ക്കും. 2022 ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിനുശേഷം, ഖത്തര്‍ ടൂറിസത്തിന്റെ 'ഫീല്‍ വിന്റര്‍ ഇന്‍ ഖത്തര്‍' കാമ്ബയിനില്‍ പ്രമുഖ കലാകാരന്മാരുടെ അതിശയിപ്പിക്കുന്ന തത്സമയ പ്രകടനങ്ങളാണ്. പ്രമുഖ പ്രാദേശികതലത്തിലും മേഖലതലത്തിലും രാജ്യാന്തര തലത്തിലുമുള്ള നിരവധി കലാകാരന്മാരാണ് ലൈവ് പെര്‍ഫോര്‍മന്‍സുകളൊരുക്കുന്നത്.

ഖത്തര്‍ ടോട്ടല്‍ എനര്‍ജീസ് ഓപണ്‍ ടെന്നിസ്
ലോക റാങ്കിങ്ങിലെ ആദ്യ പത്തു സ്ഥാനക്കാരില്‍ ഒമ്ബതുപേരും അണിനിരക്കുന്ന ഖത്തര്‍ ടോട്ടല്‍ എനര്‍ജീസ് ഓപണ്‍ ടെന്നിസ് ഇക്കുറി വീറുറ്റ കായികാനുഭവമാകും. ഒന്നാം നമ്ബര്‍ താരവും നിലവിലെ ചാമ്ബ്യനുമായ പോളണ്ടിന്റെ ഇഗ സ്വിയാതെക്കും രണ്ടാം നമ്ബറുകാരിയായ തുനീഷ്യയുടെ ഒന്‍സ് ജാബീറും ഉള്‍പ്പെടെ റാക്കറ്റേന്തും. ഫെബ്രുവരി 13 മുതല്‍ 18 വരെ ഖലീഫ ഇന്റര്‍നാഷനല്‍ ടെന്നിസ് ആന്‍ഡ് സ്ക്വാഷ് കോംപ്ലക്‌സിന്റെ ഔട്ട്‌ഡോര്‍ ഹാര്‍ഡ് കോര്‍ട്ടാണ് ചാമ്ബ്യന്‍ഷിപ്പിന് വേദിയൊരുക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News