Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പൊന്നിയൻ സെൽവൻ,നിർബന്ധമായും കണ്ടിരിക്കേണ്ട തിയേറ്റർ അനുഭവം :ഖത്തറിൽ പ്രദർശനം തുടരുന്നു

October 02, 2022

October 02, 2022

ഷാഹിർ അബൂബക്കർ / ദോഹ റീൽസ്
കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്ത തമിഴ് ചിത്രം,പൊന്നിയൻ സെൽവൻ ദോഹയിലെ ഏറ്റവും മികച്ച തിയേറ്ററുകളിലൊന്നായ മാൾ ഓഫ് ഖത്തറിലെ ഐ-മാക്‌സിലാണ് കണ്ടത്.ഖത്തറിലെ മൾട്ടിപ്ലെക്സിലാണ് സിനിമ കണ്ടതെങ്കിലും തമിഴ്‌നാട്ടിലെ ഏതോ തീയേറ്ററിൽ ഇരിക്കുന്ന പ്രതീതിയായിരുന്നു.കൂടുതൽ പേരും തമിഴ്നാട്ടുകാർ. പിറകിലിരുവർ പടം തുടങ്ങി അവസാനിക്കുന്നത് വരെ പതിവുരീതിയിൽ  വിസിൽ മുഴക്കി  ബഹളം വെക്കുന്നുണ്ടായിരുന്നു.

ഇത്തരം കഥാപശ്ചാത്തലമുള്ള  സിനിമകൾ കൂടുതൽ പേരും  ബാഹുബലി ഒരു ബെഞ്ച്മാർക്കായി വെച്ചുകൊണ്ടായിരിക്കും വിലയിരുത്താൻ സാധ്യത. പക്ഷെ, ഇത് ബാഹുബലി പോലുള്ള  ഒരു പടമോ ബാഹുബലി പോലെ പ്രതീക്ഷിക്കേണ്ട പടമോ അല്ല.
ബാഹുബലി തികച്ചും നാടകീയമായ രംഗങ്ങളും ഡയലോഗുകളും നിറഞ്ഞ ഒരു സിനിമയായിരുന്നു. ആ സിനിമ അങ്ങനെ തന്നെ എടുക്കേണ്ടതുമായിരുന്നു.ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമായതുകൊണ്ട്  ഭാവന എത്ര വേണമെങ്കിലും കെട്ടഴിച്ചു വിടാമെന്ന സാധ്യതയാണ് ആ ചിത്രത്തെ അത്തരം ഗണത്തിൽ പെട്ട സിനിമകളിൽ വേറിട്ടു നിർത്തുന്നതും.അതുകൊണ്ടു തന്നെ വളരെ മനോഹരമായ ഒരുപാടു രംഗങ്ങളും ഫ്രയിമുകളും നിറഞ്ഞതായിരുന്നു ബാഹുബലി. വെള്ളച്ചാട്ടവും അതിന് മുകളിലേക്ക് കയറുന്നതും എത്തിപ്പെടുന്ന സ്ഥലങ്ങളുമൊക്കെ ഉദാഹരണം.
 
പൊന്നിയൻ സെൽവൻ എന്ന കഥ നടക്കുന്നത് പത്തു നൂറ്റാണ്ടുകൾക്ക് മുൻപ് നമ്മുടെ നാട്ടിൽ തന്നെയായതിനാൽ കൂടുതലും റിയലിസ്റ്റിക് ആയ സമീപനത്തോടെ മാത്രമേ കഥയെ സമീപിക്കാൻ കഴിയുമായിരുന്നുള്ളു.കഥയോട് നീതി പുലർത്തുകയെന്ന വലിയ ദൗത്യം മണിരത്നം നല്ല വെടിപ്പായി ചെയ്തിട്ടുണ്ട്. ഇത്തരം സിനിമകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടി വരുന്ന വി.എഫ്.എക്സിന്റെ(VFX) സാധ്യത പരമാവധി നന്നായി ഉപയോഗിച്ചുവെന്നതും എടുത്തുപറയേണ്ടതാണ്..ഉൾവശങ്ങളിലെ ചിത്രീകരണങ്ങൾക്ക്  വിളക്കിന്റെ പ്രകാശത്തിൽ തന്നെയുള്ള വെളിച്ചവിന്യാസം ദൃശ്യങ്ങൾ കൂടുതൽ യാഥാർത്ഥവും മനോഹരവുമാക്കി. ഒരുപാട് ഹൈലൈറ്സ് ഷാഡോ സീനുകൾ ഉൾപെടുത്തി ഭംഗിയായി ചിത്രീകരിച്ച രവിവർമ്മന്റെ ഛായാഗ്രഹണ മികവും സിനിമയെ വേറിട്ട ദൃശ്യാനുഭവമാക്കി പ്രേക്ഷകരോട് ചേർത്തുനിർത്തുന്നുണ്ട്..മൊത്തത്തിൽ ഒരേ കളർ ടോൺ ഉപയോഗിക്കുന്നതിന് പകരം കഥാസന്ദർഭങ്ങൾക്കും ദൃശ്യങ്ങൾക്കും അനുസൃതമായി കൂടുതൽ രംഗങ്ങളിലും ഊഷ്‌മളമായ നിറവിന്യാസമാണ് ഉപയോഗിച്ചതെങ്കിലും  ക്ലൈമാക്സ് ഉൾപ്പടെ കടലിൽ ചിത്രീകരിച്ചിരിക്കുന്ന പല രംഗങ്ങളിലും അൽപം കൂടി ഡിസാച്ചുറേറ്റഡ് ടോൺ ഉപയോഗിച്ചതും ദൃശ്യങ്ങൾ കുറെകൂടി മികച്ച അനുഭവങ്ങൾ തരുന്നുണ്ട്.

ആദ്യഭാഗങ്ങളിൽ ഏതെങ്കിലും നായകനെയോ നായികയെയോ മാത്രം ചുറ്റിപറ്റിയല്ല കഥ പുരോഗമിക്കുന്നത്..പ്രധാന കഥക്ക് വേണ്ടിയുള്ള പശ്ചാത്തലം ഒരുക്കുക മാത്രമാണ്. വ്യക്തിപരമായി എനിക്ക് മനസിലാക്കാൻ കുറേകൂടി ബുദ്ധിമുട്ടുള്ള കടുത്ത തമിഴ് ഭാഷാ പ്രയോഗം അൽപം അലോസരമായെങ്കിലും ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ എന്നെപ്പോലുള്ള പ്രേക്ഷകർക്ക് ഏറെ സഹായകരമാകും.

കഥാപശ്ചാത്തലത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ സിനിമകാണാനെത്തുന്നവർക്ക് സിനിമ പിൻതുടരാൻ പ്രയാസം അനുഭവപ്പെടുമെങ്കിലും കുറച്ചുകൂടി മുന്നോട്ടുപോകുമ്പോൾ ഈ ന്യുനതക്ക് പരിഹാരമാകും. പല കഥാപാത്രങ്ങളുടെയും പേരുകൾ പോലും പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്..കുറെയധികം  പ്രമുഖ താരങ്ങൾ അണിനിരന്നിരിക്കുന്ന ചിത്രത്തിൽ എല്ലാ അഭിനേതാക്കളും അവരുടെ ഭാഗം വളരെ മികവോടെ തന്നെ അഭ്രപാളിയിൽ പകർത്തിയിട്ടുണ്ട്.എല്ലാവരെയും തുല്യ പ്രാധാന്യത്തോടെ അവതരിപ്പിച്ചതിനാൽ  ഏതെങ്കിലും ഒരു കഥാപാത്രം മാത്രമായി സിനിമ കഴിയുമ്പോൾ നമ്മുടെ കൂടെ പോരില്ല എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്'. ഐശ്വര്യ റായ് പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങളിൽ മിക്കതിലും അവരുടെ സൗന്ദര്യം പരമാവധി ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള ചിത്രീകരണ ശൈലിയാണ് പിന്തുടർന്നിട്ടുള്ളത്. ഇങ്ങനെയൊക്കെയാണെങ്കിലും തൃഷയുടെ സ്ക്രീൻ പ്രത്യക്ഷത്തിന്  മുന്നിൽ ഐശ്വര്യ റായിയുടെ തിളക്കം കുറയുന്നതായും ചില പ്രേക്ഷകർക്കെങ്കിലും അനുഭവപ്പെട്ടേക്കാം.

സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്ന എ ആർ റഹ്മാൻ ടച്ച് ഹൃദ്യമാണെങ്കിലും നല്ല പഞ്ചുള്ള പശ്ചാത്തല സംഗീതത്തിന്റെ അഭാവം പ്രത്യേകം ശ്രദ്ധിക്കപ്പെടും.ബാഹുബലി,കെ.ജി.എഫ്, പുഷ്പ, ഭീഷ്മപർവം, പുലിമുരുകൻ, വിക്രം തുടങ്ങിയ ഏതു ഹിറ്റ് സിനിമകൾ എടുത്താലും അതിലൊക്കെ ഒറ്റത്തവണകൊണ്ട് പ്രേക്ഷകമനസിൽ കുടിയേറുന്ന ഗംഭീരമായ ബിജിഎം ആ സിനിമകളുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചതായി കാണാം.പൊന്നിയം സെൽവത്തിൽ അങ്ങനെ ഒരു ബിജിഎം നൽകാൻ എ ആർ റഹ്‌മാന്‌ കഴിയാതിരുന്നത് ഒരു പോരായ്മയായിത്തന്നെ പ്രത്യേകം പറയേണ്ടിവരും.

പൊന്നിയം സെൽവൻ തികച്ചും  ഒരു തീയേറ്റർ മൂവി തന്നെയാണ്,നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമാനുഭവം.

പൊന്നിയം സെൽവം(തമിഴ്)
സംവിധാനം : മണിരത്നം.
സംഗീതം എ.ആർ റഹ്‌മാൻ
പ്രധാന വേഷങ്ങളിൽ :വിക്രം,ഐശ്വര്യ റായ്,തൃഷ,കാർത്തി.

ചിത്രം പ്രദർശിപ്പിക്കുന്ന ഖത്തറിലെ തിയേറ്ററുകൾ :
പ്ലാസ മാൾ-ഏഷ്യൻ ടൗൺ,അൽഖോർ മാൾ-അൽഖോർ,സിറ്റി സെന്റർ-വെസ്റ്റ് ബേ,വില്ലാജിയോ,ദി മാൾ-ഡി റിങ് റോഡ്,റോയൽപ്ളാസ-അൽസദ്ദ്,ഫ്ലിക് സിനിമ-മിർഖബ് മാൾ,നോവോ സിനിമ-സൂഖ് വാഖിഫ്,മാൾ ഓഫ് ഖത്തർ,01 മാൾ,തവാർ മാൾ.(വിവരങ്ങൾക്ക് അവലംബം :ക്യൂ ടിക്കറ്റ്സ്)
(കൊടുങ്ങല്ലൂർ സ്വദേശിയായ ഷാഹിർ അബൂബക്കർ ഖത്തറിലെ ശ്രദ്ധേയരായ ഫോട്ടോഗ്രാഫർ കൂടിയാണ്.അഭിപ്രായങ്ങൾ ലേഖകന്റേത് മാത്രം)

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News