Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ എഎഫ്‌സി ഏഷ്യൻ കപ്പ് സന്ദർശകർക്കായി നിരവധി പരിപാടികൾ 

January 06, 2024

news_malayalam_event_updates_in_qatar

January 06, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ നടന്ന 2022 ഫിഫ ലോകകപ്പ് ടൂർണമെന്റിന്റെ വൻ വിജയത്തിന് ശേഷം എഎഫ്‌സി ഏഷ്യൻ കപ്പിലൂടെ ലോകത്തെ ഒരിക്കൽ കൂടി സ്വാഗതം ചെയ്യാൻ ഖത്തർ ഒരുങ്ങുകയാണ്. എഎഫ്‌സി ഏഷ്യൻ കപ്പ് മത്സരത്തിനൊപ്പം ഷോപ് ഖത്തർ, അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിവൽ, ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്‌സിബിഷൻ (ഡിജെഡബ്ല്യുഇ), ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ (ക്യുഐഎഫ്എഫ്), സംഗീത പരിപാടികൾ, ഖത്തർ കൈറ്റ് ഫെസ്റ്റിവൽ, മാർച്ച് അവസാനം വരെ തുടരുന്ന ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ ദോഹ എക്‌സ്‌പോ 2023, ലോക അക്വാട്ടിക് ചാമ്പ്യൻഷിപ് തുടങ്ങിയ വിവിധ പരിപാടികൾ സന്ദർശകർക്ക് ആസ്വദിക്കാം.  

"2023 എഎഫ്‌സി ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഖത്തറിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ പര്യവേക്ഷണം ചെയ്യാൻ സന്ദർശകർക്ക് സാധിക്കും. ഖത്തറിലെ താമസക്കാരെയും സന്ദർശകരെയും ഒരുപോലെ രസിപ്പിക്കുന്ന ആവേശകരമായ പരിപാടികളാണ് ഖത്തർ ടൂറിസം വാഗ്ദാനം ചെയ്യുന്നത്"- ഖത്തർ ടൂറിസം ചെയർമാൻ എച്ച് ഇ സാദ് ബിൻ അലി അൽ ഖർജി പറഞ്ഞു. 
 
ഷോപ് ഖത്തർ 

ഖത്തറിലെ ഏറ്റവും വലിയ വാണിജ്യ മേളകളിൽ ഒന്നാണ് 'ഷോപ്പ് ഖത്തർ'. ജനുവരി 1ന് ആരംഭിച്ച മേള ജനുവരി 27 വരെ തുടരും. ‘യുവർ ഷോപ്പിംഗ് പ്ലേഗ്രൗണ്ട്’ എന്ന പ്രമേയത്തിലാണ് മേള നടക്കുന്നത്. ഷോപ് ഖത്തറിന്റെ ഭാഗമായി പ്ലേസ് വെൻഡോം, ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, ഹയാത്ത് പ്ലാസ, സിറ്റി സെന്റർ മാൾ, ലാൻഡ്മാർക്ക് മാൾ, തവാർ മാൾ, അൽ ഹസം മാൾ, മുഷരിബ് ഗലേറിയ, ഗൾഫ് മാൾ, അൽ ഖോർ മാൾ, ലഗൂണ മാൾ, യുഡിസി, ദി പേൾ ഖത്തർ എന്നീ 13 മാളുകളിൽ വിവിധ ആഘോഷങ്ങളും പരിപാടികളും നടക്കുന്നുണ്ട്. കൂടാതെ, എല്ലാ ആഴ്ചയും റാഫിൾ നറുക്കെടുപ്പുകളും സമ്മാനങ്ങളും മാളുകളിലുണ്ട്. 

ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ (QIFF)

200 ലധികം ഭക്ഷണ പാനീയ കിയോസ്‌കുകളാണ് സന്ദർശകർക്കായി ഒരുക്കുന്നത്. ജനുവരി 10 മുതൽ ജനുവരി 20 വരെ അൽ ബിദ്ദ പാർക്കിൽ നടന്നുകൊണ്ടിരിക്കുന്ന എക്‌സ്‌പോ 2023 ദോഹയുടെ ഫാമിലി സോണിലാണ് QIFF നടക്കുക. ഖത്തർ-മൊറോക്കൻ സാംസ്‌കാരിക വർഷത്തോട് അനുബന്ധിച്ചുള്ള പരിപാടികളും ഫെസ്റ്റിവലിൽ അവതരിപ്പിക്കും. കൂടാതെ, വിശിഷ്ട ഭക്ഷണശാലകൾ, പാചക വിദഗ്‌ദ്ധർ, ഹോസ്പിറ്റാലിറ്റി വിദഗ്ധർ എന്നിവരുടെ ഭക്ഷണ വിഭവങ്ങളുടെ ആകർഷകമായ തത്സമയ പ്രകടനങ്ങളും ഉണ്ടായിരിക്കും.

ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ 

ദോഹ ജ്വല്ലറി ആന്റ് വാച്ചസ് പ്രദര്‍ശനം ഫെബ്രുവരി 5 മുതൽ 11  വരെ നടക്കും. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററാണ് ജ്വല്ലറി ആന്റ് വാച്ചസ് പ്രദര്‍ശനത്തിന്റെ വേദി. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാകും ഇത്തവണയും ഡി.ജെ.ഡബ്ല്യു ഒരുക്കുക. വിലയേറിയ രത്‌നങ്ങളും കല്ലുകളും പതിച്ച ആഭരണങ്ങള്‍, ഏറ്റവും പുതിയതും അത്യാഢംബര ശ്രേണിയിലുള്ളതുമായ വാച്ചുകള്‍ എന്നിവ പ്രദര്‍ശനത്തിനുണ്ടാകും.

ദോഹ എക്സ്പോ 2023

സന്ദർശകർക്കായി അൽ ബിദ്ദ പാർക്കിൽ ആറു മാസം നീണ്ടുനിൽക്കുന്ന (മാർച്ച് 28 വരെ) ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്‌സ്‌പോയും 2023 തുറന്നിരിക്കും. മെന മേഖലയിലെ ആദ്യത്തെ എ1 അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സിബിഷനാണിത്. എക്‌സ്‌പോ സന്ദർശിക്കുന്നവർക്ക്  മൂന്ന് സോണുകളിലായി ദിനംപ്രതി വിവിധ പരിപാടികൾ ആസ്വദിക്കാൻ അവസരമുണ്ടാകും. ഇന്റർനാഷണൽ സോൺ, കൾച്ചറൽ സോൺ, ഫാമിലി സോൺ എന്നിങ്ങനെ മൂന്നു സോണുകളായി എക്സിബിഷൻ ക്രമീകരിച്ചിട്ടുണ്ട്. 

മ്യൂസിയംസ് ആൻഡ് എക്സിബിഷൻസ് 

2024 മാർച്ച് വരെ നിരവധി പ്രദർശനങ്ങൾക്ക് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് ആതിഥേയത്വം വഹിക്കുന്നുണ്ട്. ഖത്തറിലെ ഏറ്റവും സ്വാധീനവും വിപ്ലവകരവുമായ ബിസിനസുകാരിൽ ഒരാളായ ഷെയ്ഖ് ഫൈസലിനെ കുറിച്ച് അറിയാൻ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽതാനി മ്യൂസിയം സന്ദർശിക്കാം. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിന് സമീപമാണ് അൽ സംരിയയിലെ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽതാനി മ്യൂസിയം. പരമ്പരാഗത സിറിയൻ കരകൗശല വൈദഗ്ധ്യം, ജുറാസിക് കാലഘട്ടത്തിലെ പുരാവസ്തുക്കൾ, പുരാതന വാഹനങ്ങൾ, നാടൻ പരവതാനികൾ എന്നിവയെല്ലാം മ്യൂസിയത്തിലുണ്ട്.

കോൺസെർട്സ് ആൻഡ് മ്യൂസിക് 

സംഗീതം ആസ്വദിക്കുന്നവർക്കായി ഖത്തറിലെ മൂന്ന് സ്ഥലങ്ങളിലായി വിവിധ സംഗീത പരിപാടികൾ ഉണ്ടായിരിക്കും. ജനുവരി 17ന് വെസ്റ്റ് ബേയിലെ ഹോട്ടൽ പാർക്കിൽ അറബ് ഗായകൻ വഫീഖ് ഹബീബിന്റെ സംഗീതവും, ജനുവരി 19ന് 'സ്വീഡിഷ് ഹൗസ് മാഫിയ'യുടെ ഇലക്ട്രോണിക് സംഗീതവും,  ജനുവരി 26ന് പ്രശസ്ത ബാൻഡ് 'ബാക്ക്‌സ്ട്രീറ്റ് ബോയ്‌സിന്റെ' പ്രകടനങ്ങളും, ഫെബ്രുവരി 1ന് പോപ്പ് ബാൻഡ് 'വൺറിപ്പബ്ലിക്' പരിപാടിയും സന്ദർശകർക്ക് ആസ്വദിക്കാം. ടിക്കറ്റുകൾക്ക് https://tickets.virginmegastore.me/qa എന്ന വെബ്സൈറ്റ് സന്ദർശിക്കാം. 

കത്താറ ആംഫിതിയേറ്ററിൽ, ജനുവരി 27ന് അറബ് ഗായകരായ മോദിയുടെയും റിഹാബ് അൽ ഷംരാനിയുടെയും സംഗീത പരിപാടി ഉണ്ടായിരിക്കും. ഫെബ്രുവരി 1ന് ലെബനീസ് ആർട്ടിസ്റ്റ് നജ്‌വാ കരാം, ഫെബ്രുവരി 8ന് മൊറോക്കൻ-ഫ്രഞ്ച് അവതാരക അമിൻ ബൗദ്ചാർ, ഫെബ്രുവരി 11ന് ഈജിപ്ഷ്യൻ ഗായകൻ അമൽ മഹർ എന്നിവരുടെ പ്രകടനങ്ങളും സംഗീത പ്രേമികൾക്ക് കാണാം. ടിക്കറ്റുകൾക്ക് https://www.eventat.com/home എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

ഹലോ ഏഷ്യ 

ലുസൈൽ ബൊളിവാർഡിലും ലുസൈൽ പ്ലാസയിലും ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെയാണ് 'ഹലോ ഏഷ്യ' ഫെസ്റ്റിവൽ നടക്കുക. പതാകകൾ, അലങ്കാരങ്ങൾ, ഫുഡ് & ബീവറേജ് കിയോസ്കുകൾ തുടങ്ങിയവ ഫെസ്റ്റിവലിൽ ഉണ്ടായിരിക്കും. ഇന്ത്യ, ഖത്തർ, ചൈന, ദക്ഷിണ കൊറിയ, ലെബനൻ തുടങ്ങിയ 24 രാജ്യങ്ങളുടെ സോണുകളും സന്ദർശകർക്ക് കാണാം.

നൈറ്റ് മാർക്കറ്റ് ആൻഡ് ബസാർ 

അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിന്റെ സമീപത്തുള്ള 'ദുഹൈൽ നൈറ്റ് മാർക്കറ്റ്', ആസ്പയർ പാർക്കിലെ 'ദി ഡൗൺടൗൺ നൈറ്റ് മാർക്കറ്റ്', 24 ഹവേഴ്സ് ഡ്രൈവ്-ത്രൂ റെസ്റ്റോറന്റുകൾ, 24 ഹവേഴ്സ് കഫേകൾ, എല്ലാ ശനിയാഴ്ചകളിലും എഡ്യൂക്കേഷൻ സിറ്റിയിൽ നടക്കുന്ന 'ടോർബ ഫാർമേഴ്‌സ് മാർക്കറ്റ് തുടങ്ങിയവ സന്ദർശകർക്ക് തുറന്നിരിക്കും.

കുതിര സവാരി 

എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിന് സമീപമുള്ള അൽ ഷഖാബിൽ ആരാധകർക്ക് കുതിര സവാരി ആസ്വദിക്കാം. കൂടാതെ, ഫെബ്രുവരി 1 മുതൽ 11 വരെ കത്താറ ഇന്റർനാഷണൽ അറേബ്യൻ ഹോഴ്സ് ഫെസ്റ്റിവലും ഇവിടെ നടക്കും. 

ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ് 

2024 ഫെബ്രുവരി 2 മുതല്‍ 18 വരെയാണ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് മത്സരം. ആവേശകരമായ മത്സരത്തില്‍ 190ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി 2600റോളം അത്‌ലറ്റുകള്‍ പങ്കെടുക്കും. നീന്തല്‍, വാട്ടര്‍ പോളോ, ഡൈവിംഗ്, ആര്‍ട്ടിസ്റ്റിക് സ്വിമ്മിംഗ്, ഓപ്പണ്‍ സ്വിമ്മിംഗ്, ഹൈ ഡൈവിംഗ് എന്നീ ആറ് ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ആസ്‌പെയര്‍ ഡോം, ഹമദ് അക്വാട്ടിക് സെന്റര്‍, ദോഹ ഓള്‍ഡ് പോര്‍ട്ട് എന്നീ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. \

ടിക്കറ്റ് ലിങ്ക്: https://www.worldaquatics-doha2024.com/en/ticketing

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News