Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്നേക്ക് 31 വര്‍ഷം

December 06, 2023

 Malayalam_Qatar_News

December 06, 2023

ന്യൂസ്‌റൂം ബ്യുറോ

ഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 31 വര്‍ഷം. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ പള്ളി പൊളിച്ചിട്ടത്. ഡോ. ഭീംറാവു അംബേദ്കറിന്റെ 67-ാമത് ചരമവാര്‍ഷികദിനവും, മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിനു ശേഷം രാജ്യത്തിന്റെ മതേതരത്വത്തിനു നേരെയുള്ള ഹിന്ദുത്വ ഫാസിസത്തിന്റെ ആദ്യ പ്രത്യക്ഷ ആക്രമണത്തിന്റെ വാര്‍ഷികദിനവും കൂടിയാണ് ഇന്ന്. അന്നത്തെ ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ അദ്വാനി, മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ സൈന്യത്തെ സാക്ഷിയാക്കിയാണ് ലക്ഷക്കണക്കിന് കര്‍സേവകര്‍ പള്ളി തകര്‍ത്തത്. ഇതോടെ, സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ഡിസംബര്‍ ആറിന് മുന്‍പും ശേഷവും എന്നിങ്ങനെ രണ്ടായി വേർതിരിഞ്ഞു.

പള്ളി തകര്‍ക്കുന്നതിനു മുന്‍പായി എല്‍.കെ അദ്വാനി നടത്തിയ രഥയാത്ര തടഞ്ഞ് അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്ത അന്നത്തെ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപസാദിന്റെ നടപടി കോണ്‍ഗ്രസ്സിന് പാഠമാവേണ്ടതായിരുന്നു. വര്‍ഗീയലക്ഷ്യത്തോടെ അദ്വാനി നടത്തിയ രഥയാത്ര തടഞ്ഞ ലാലുവിന്റെ നടപടി കാരണം അദ്ദേഹത്തെ ഹൈന്ദവിശ്വാസികള്‍ കൈവെടിഞ്ഞില്ല, മാത്രമല്ല പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ലാലുവിന്റെ പാര്‍ട്ടിയുടെ ഭൂരിപക്ഷം കൂടുകയായിരുന്നു.

ബാബരി മസ്ജിദിലൂടെ മുസ്‌ലിംകള്‍ക്കു നഷ്ടമായത് തങ്ങള്‍ നാലരനൂറ്റാണ്ട് ആരാധനചെയ്ത ഒരു പള്ളി മാത്രമല്ല മറിച്ച്, അവര്‍ അതുവരെയും വോട്ട്‌ചെയ്തുവന്ന രാജ്യത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രീയപ്രസ്ഥാനത്തിലുള്ള വിശ്വാസം കൂടിയായിരുന്നു. പള്ളി തകര്‍ക്കപ്പെട്ടതറിഞ്ഞ് ഹൃദയം പൊട്ടിയ മുസ്‌ലിംകള്‍ അതിനു പിന്നാലെ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ അതിമൃഗീയമായ കൂട്ടക്കൊലകള്‍ക്കും ഇരയായി.

വിഭജനത്തിനു ശേഷം രാജ്യത്ത് ഏറ്റവുമധികം ചോരക്കളമായ കലാപങ്ങളും ബാബരി മസ്ജിദിന്റെ പേരിലായിരുന്നു. പള്ളിതകര്‍ത്തതിന്റെ പിന്നാലെ മുംബൈയില്‍ ഉള്‍പ്പെടെ കലാപം ആരംഭിച്ചു. ആളുകളുടെ ഉടുമുണ്ട് പൊക്കി മതംനോക്കി ആളുകളെ കൊല്ലുന്ന സാഹചര്യം വരെ വന്നു. മുംബൈയില്‍ മാത്രം രണ്ടായിരത്തോളം ആളുകള്‍ മരിച്ചു. മുംബൈ കലാപത്തിന്റെയും സ്‌ഫോടനപരമ്പരയുടെയും അവസാനമായപ്പോഴേക്കും ഗുജറാത്തിലും അതിഭീകരമായ നരനായാട്ട് നടന്നു.

പള്ളി നില നിന്ന സ്ഥാനത്ത് സുപ്രിംകോടതിയുടെ അനുമതിയോടെ അടുത്ത വർഷം ജനുവരിയിൽ രാമജന്മക്ഷേത്രത്തിന്റെ ഉദ്ഘാടനമാണ്. 2024 ജനുവരി 22ന് രാമജന്മ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുമ്പോൾ ബി.ജെ.പിയുടെ ഒരു ദശാബ്ദം നീണ്ട തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് പൂർത്തിയാകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാൻ വെറും മാസങ്ങൾ മാത്രം ശേഷിക്കെയാണ് രാമജന്മ ക്ഷേത്രം തുറക്കാൻ പോകുന്നത്. 2020ൽ രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതും അടുത്തത് മധുരയിലെ കൃഷ്ണജന്മഭൂമിയാണ് എന്നായിരുന്നു. 

ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ വിധിയും ന്യൂനപക്ഷത്തിന് വേദനയാണ് നൽകിയത്. തെളിവുകള്‍ ഇല്ലെന്ന് ബോധ്യമായിട്ടും ഭൂരിപക്ഷവികാരം മാനിച്ച് ക്ഷേത്രം കർസേവകർക്ക് വിട്ടുകൊടുക്കുകയായിരുന്നു. പകരം കുറച്ചധികം ദൂരത്ത് അഞ്ചേക്കര്‍ ഭൂമി മുസ്ലിംകള്‍ക്ക് അനുവദിച്ചു. അതില്‍ പള്ളി നിര്‍മിക്കാനും നിര്‍ദേശമുണ്ടായെങ്കിലും ആ ഭൂമി ഇപ്പോഴും കാട് പിടിച്ചുകിടക്കുകയാണ്. 

31 വർഷം പിന്നിടുമ്പോഴും ആ കൊടും ക്രൂരതയുടെ പേരില്‍ ഒരാളും ശിക്ഷിക്കപ്പെട്ടില്ല. ബാബരി മസ്ജിദ് ആസൂത്രണമോ ക്രിമിനല്‍ ഗൂഢാലോചനയോ തെളിയിക്കാനായില്ലെന്ന് പറഞ്ഞ് പ്രത്യേക കോടതി 32 പ്രതികളെയും വെറുതെവിട്ടു. രഥയാത്രയും കര്‍സേവാ പദ്ധതിയും അതിലുയര്‍ന്ന അക്രമാഹ്വാനങ്ങളുമൊന്നും ഒരു നിയമത്തിന്റെയും ശ്രദ്ധയിൽ പ്പെട്ടില്ല. സുപ്രിംകോടതി ഉത്തരവിനെ മറികടന്ന് പള്ളിപൊളിച്ചതിനെതിരെ കൊടുത്ത കോടതിയലക്ഷ്യ ഹരജി പോലും പരമോന്നതനീതിപീഠം നടപടിയില്ലാതെ തീര്‍പ്പാക്കി. ബാബരി വീഴ്ത്തിയതോടെ, പട്ടികയിലുള്ള കൂടുതല്‍ പള്ളികളിന്മേല്‍ അധീശത്വം സ്ഥാപിക്കാനുള്ള വഴികളുമായി മുന്നോട്ട് പോവുകയാണ് സംഘപരിവാര്‍.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News