Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എഴുത്തുകാരനും ഖത്തർ ഇന്ത്യൻ ഇസ്‌ലാമിക് അസോസിയേഷൻ സ്ഥാപകാംഗവുമായ കെ.അബ്ദുല്ല ഹസൻ നിര്യാതനായി

September 15, 2021

September 15, 2021

കോഴിക്കോട്: എഴുത്തുകാരനും പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി നേതാവുമായിരുന്ന കെ അബ്ദുല്ല ഹസന്‍ (78) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയാണ് മരണം. ഖബറടക്കം ബുധനാഴ്ച രാത്രി 8.30ന് മഞ്ചേരി സെന്‍ട്രല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട് പ്രസിദ്ധീകരിച്ച്‌ ഇസ്ലാമിക ദര്‍ശനം എന്ന ഗ്രന്ഥത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍, ശാന്തപുരം ദഅവാ കോളജ് പ്രിന്‍സിപല്‍, റിസേര്‍ച് സെന്റര്‍ ഡയറക്ടര്‍, ഐ പി എച് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇസ്ലാമിക വിജ്ഞാനകോശം നിര്‍മാണ സമിതി, ശാന്തപുരം അല്‍ജാമിഅ അലുംനി അസോസിയേഷന്‍ നിര്‍വാഹക സമിതി, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതി എന്നിവയില്‍ അംഗമായിരുന്നു.

അധ്യാപകനും ജമാഅത്തെ ഇസ്ലാമി മുഴുവന്‍ സമയ പ്രവര്‍ത്തകനുമായിരുന്നു. സകരിയ്യാ ബസാറില്‍ മര്‍കസുല്‍ ഉലൂം മദ്‌റസ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. പിന്നീട് പ്രബോധനം മാസികയുടെ ചുമതല വഹിച്ചതോടൊപ്പം ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധിസഭാംഗമായും കേരള കൂടിയാലോചനാ സമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1943-ല്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് അബ്ദുല്ല ഹസന്റെ ജനനം. കുറ്റ്യാടി ഇസ്ലാമിയാ കോളജിലെ വിദ്യാഭ്യാസത്തിനുശേഷം 1959-1967-ല്‍ ശാന്തപുരം ഇസ്ലാമിയാ കോളജില്‍ പഠിച്ച്‌ എഫ് ഡി, ബി എസ് എസ് സി ബിരുദങ്ങള്‍ നേടി.

1975-76-ല്‍ ഖത്വറിലെ അല്‍ മഅ്ദുദ്ദീനിയില്‍ ഉപരിപഠനം. തുടര്‍ന്ന് 2001 വരെ ദോഹ മുനിസിപാലിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഖത്വര്‍ ഇന്‍ഡ്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ സ്ഥാപകാംഗമാണ്. 3 തവണ അതിന്റെ പ്രസിഡന്റായിട്ടുണ്ട്. 2001-ല്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം വീണ്ടും ജമാഅത് ശൂറയിലും നുമാഇന്‍ദഗാനിലും അംഗമായി.

ഇബാദത്ത് ഒരു ലഘുപരിചയം, റമദാന്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും, സച്ചരിതരായ ഖലീഫമാര്‍ (രണ്ട് ഭാഗം), സകാത്ത് തത്ത്വവും പ്രയോഗവും, ബഹുസ്വര സമൂഹത്തിലെ മുസ്ലിംകള്‍, മുസ്ലിം സ്ത്രീ പ്രമാണങ്ങളിലും സമ്ബ്രദായങ്ങളിലും, മുത്തുമാല (രണ്ടുഭാഗം), കര്‍മശാസ്ത്രത്തിന്റെ കവാടം എന്നിവയാണ് പ്രധാന കൃതികള്‍. ഇസ്ലാമിക വിജ്ഞാനകോശത്തിലും ആനുകാലികങ്ങളിലും എഴുതിയിരുന്നു.

അഹ്മദ് കൊടക്കാടനും തലാപ്പില്‍ ഫാത്വിമയുമാണ് അബ്ദുല്ല ഹസന്റെ മാതാപിതാക്കള്‍. ഭാര്യ: എ സാബിറ. മക്കള്‍: അദ് ഫൈസല്‍, അബ്ദുസ്സലാം, അന്‍വര്‍ സഈദ്, അലി മന്‍സൂര്‍, ഹസീന, ഡോ. അനീസ് റഹ്മാന്‍, ആബിദ് റഹ്മാന്‍, അല്‍ത്വാഫ് ഹുസൈന്‍. മരുമക്കള്‍: ആയിശ സമിയ്യ, സാജിദ, വര്‍ദ, ജസീല, അബ്ദുല്‍ വഹാബ് (ട്രീജി), അനു ശഹ്‌ന, മുഫീദ, ഫര്‍ഹ.

 


Latest Related News