Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അർജന്റീനയും ബ്രസീലും മാത്രമല്ല,ഖത്തറിൽ ഇവരും 'നോട്ടപ്പുള്ളി'കളാണ്

October 27, 2022

October 27, 2022

അൻവർ പാലേരി 

ദോഹ :ബ്രസീൽ,അർജന്റീന,ഫ്രാൻസ് തുടങ്ങി ഖത്തർ ലോകകപ്പിലെ വിജയസാധ്യതകൾ കൂട്ടിക്കിഴിച്ചും ചർച്ച ചെയ്തും ഖത്തറിൽ പന്തുരുളുന്ന അപൂർവ നിമിഷങ്ങൾക്കായി അക്ഷമരായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്‍ബോൾ ആരാധകർ.എന്നാൽ ഇവരെയൊക്കെ മറികടന്ന് മറ്റാരെങ്കിലും 2022 ലെ ലോകകപ്പിൽ മുത്തമിടുമോ എന്നുള്ള ചർച്ചകളും ചില കോണുകളിൽ സജീവമാണ്.'അണ്ടർഡോഗ്'ടീമുകൾ എന്നറിയപ്പെടുന്ന,പൊതുവെ വിജയ സാധ്യത കുറഞ്ഞ ചില നോട്ടപ്പുള്ളികളും ഇക്കൂട്ടത്തിലുണ്ടെന്നാണ് യൂറോപ്പിലെ ചില ഫുട്‍ബോൾ വിദഗ്ദർ വിലയിരുത്തുന്നത്.

പ്രധാനമായും നാല് ടീമുകളെയാണ് ഇത്തരത്തിൽ ഖത്തറിലെ നോട്ടപ്പുള്ളികളായി ഇവർ കാണുന്നത്.കളികൾ കരണംമറിഞ്ഞാൽ ഇറാൻ,സെനഗൽ,കാനഡ,ഡെൻമാർക്ക് തുടങ്ങിയ ഈ നാല് ടീമുകൾ കപ്പെടുത്തുയർത്തുന്നത് ലോകം കാണേണ്ടിവരുമെന്ന് ഇവർ പറയുന്നു.
ഇറാൻ
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനെ പ്രതിനിധീകരിച്ച് ലോകകപ്പിലെ ഏറ്റവും ഉയർന്ന റാങ്കുള്ള ഏഷ്യൻ ടീമായാണ്  ഇറാൻ ഖത്തറിലേക്ക് വിമാനം കയറുന്നത്.നിലവിൽ ആഗോളതലത്തിൽ ഫിഫാ റാങ്കിങ്ങിൽ 20-ാം സ്ഥാനത്തുള്ള ഇറാൻ, കഴിഞ്ഞ രണ്ട് ലോകകപ്പുകളിൽ (ബ്രസീൽ 2014, റഷ്യ 2018) ദേശീയ ടീമിനെ നയിച്ച പരിചയസമ്പന്നനായ കാർലോസ് ക്വിറോസിനെ  ടീമിന്റെ പരിശീലകനായി നിയമിച്ചത് നിസ്സാരമായി കാണാനാവില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.2014ൽ ഇറാനെ 1-0 ന് തോൽപ്പിക്കാൻ ലയണൽ മെസ്സിക്ക് അവസരം ലഭിക്കുന്ന അവസാന നിമിഷം വരെ   അർജന്റീനയെ തടയാൻ ക്വിറോസിന്റെ പരിശീലനത്തിന് കീഴിൽ ഇറാന് കഴിഞ്ഞു.പിന്നാലെ ലോകകപ്പിന്റെ ഫൈനലിലേക്ക് കുതിച്ച അർജന്റീനയ്ക്ക് ഇറാൻ വെല്ലുവിളി നിറഞ്ഞ എതിരാളിയാണെന്ന് തെളിയിച്ചു.

2018ൽ പോർചുഗലിനെതിരായ മത്സരത്തിൽ ഇറാൻ പ്രതിരോധത്തിന് മുന്നിൽ  ക്രിസ്റ്റ്യനോ റൊണാൾഡോ നന്നായി വിയർക്കേണ്ടിവന്നതും ഫുട്‍ബോൾ ആരാധകർ നിസ്സാരമായി കാണുന്നില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിർണായക പെനാൽറ്റിയിലൂടെയാണ് ഒടുവിൽ 1-1 ന് ഇറാനെ സമനിലയിൽ തളക്കാൻ പോർച്ചുഗലിന് കഴിഞ്ഞത്.എന്നാൽ ഇത്തവണ, യുഎസ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവരോടൊപ്പം ഗ്രൂപ്പ് ബിയിൽ ഏറ്റുമുട്ടുമ്പോൾ കുറേകൂടി ഉയരത്തിലുള്ള പ്രതീക്ഷകളായിരിക്കും ഇറാനെ നയിക്കുക.സമകാലിക ആഗോള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ  ഇറാൻ അമേരിക്കയുമായി ഖത്തറിലെ സ്റ്റേഡിയത്തിൽ നേർക്കുനേർ വരുമ്പോൾ മത്സരം ഒന്നുകൂടി കനക്കും.ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന ഖത്തർ ലോകകപ്പിൽ സ്റ്റേഡിയത്തിൽ കുറേകൂടി ഉയർന്ന പിന്തുണ തങ്ങൾക്കുണ്ടാവുമെന്ന പ്രതീക്ഷയും പരിശീലകൻ  ക്വിറോസിനും സംഘത്തിനുമുണ്ട്.

കാനഡ 

1986-ൽ മെക്സിക്കോ ലോകകപ്പിലാണ് കാനഡ അ വസാനമായി പന്തുതട്ടിയത്.36 വർഷത്തിന് ശേഷം ടൊറന്റോയിൽ ജമൈക്കയ്‌ക്കെതിരായ 4-0 വിജയമാണ് 2022 ഫിഫ ലോകകപ്പിന് കാനഡക്ക് യോഗ്യത നേടികൊടുത്തത്.മൊറോക്കോ, ക്രൊയേഷ്യ, ബെൽജിയം എന്നിവരുമായി ഗ്രൂപ്പ് എഫിൽ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞാൽ കാനഡക്ക് പ്രതീക്ഷകൾ വർധിക്കും. വേഗതയും ചടുലമായ നീക്കങ്ങളും കൊണ്ട് ഒരുകാലത്ത് ഗാലറികൾ ഇളക്കിമറിച്ച സ്റ്റാർ ഡിഫൻഡർ അൽഫോൻസോ ഡേവീസിന്റെ പരിചയസമ്പത്ത് ഖത്തറിൽ അത്ഭുതം സൃഷ്ടിക്കുമെന്ന് മാനേജർ ജോൺ ഹെർഡ്‌മാൻ പ്രതീക്ഷിക്കുന്നു.

ഡെൻമാർക്ക്‌
ആതിഥേയരായ ഖത്തറിനെതിരെ വലിയ തോതിൽ പ്രതിഷേധം അറിയിച്ച ശേഷമാണ്  ഡെന്മാർക്ക് ലോകകപ്പിനായി ദോഹയിൽ എത്തുന്നത്.ഖത്തറിൽ  മനുഷ്യാവകാശ ലംഘനങ്ങളും  കുടിയേറ്റ നിർമാണ തൊഴിലാളികൾ മരണപ്പെട്ടതായും ആരോപണമുയർത്തി മങ്ങിയ ചിഹ്നങ്ങളും ലോഗോകളും ഉള്ള ജേഴ്‌സി ധരിച്ചാണ് തങ്ങൾ കളിക്കളത്തിലിറങ്ങുകയെന്ന ഡെന്മാർക്കിന്റെ പ്രഖ്യാപനം വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

2020 യൂറോ കപ്പിൽ ഫിൻ‌ലൻഡിനെതിരെ കളിക്കുന്നതിനിടെ പിച്ചിൽ ഹൃദയാഘാതത്തെ തുടർന്ന്  സ്റ്റാർ സ്‌ട്രൈക്കർ ക്രിസ്റ്റ്യൻ എറിക്‌സന് പുറത്തുപോകേണ്ടിവന്നിരുന്നു.ഡാനിഷ് താരങ്ങൾക്കൊപ്പം ഫിന്നിഷ് താരങ്ങളും ചേർന്നാണ് എറിക്സനെ സ്റ്റേഡിയത്തിന് പുറത്തേക്ക് എത്തിക്കാൻ സഹായിച്ചത്.സ്റ്റേഡിയത്തിൽ കണ്ണീരുവീഴ്ത്തിയ ആ ഘട്ടത്തിൽ ഫിൻലാൻഡ് ആരാധകർ ഒറ്റക്കെട്ടായി ഡെന്മാർക്കിനെ പിന്തുണക്കുകയും സെമി ഫൈനലിലേക്ക് കടക്കുകയും ചെയ്തത്   കളിക്കളത്തിലെ  മാനവികതയുടെ അടയാളമായി ചരിത്രത്തിൽ ഇടംപിടിച്ചു. എന്നാൽ,യൂറോകപ്പിന്റെ ഹൃദയഭേദകമായ സെമി ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

ലോകകപ്പിന് മുമ്പുതന്നെ വിവാദങ്ങളിൽ നിറഞ്ഞ ഡെന്മാർക്ക് ഖത്തറിൽ കളിക്കളത്തിലും പുറത്തും തങ്ങളുടെ പ്രതിഷേധം അറിയിക്കുമെന്നാണ് സൂചന.

റഷ്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ ടീം 16-ാം റൗണ്ടിലെത്തിയ ഡെൻമാർക്ക്  ഒ ടുവിൽ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയോട് പെനാൽറ്റിയിൽ തോറ്റാണ് സ്റ്റേഡിയം വിടേണ്ടിവന്നത്.ഖത്തറിൽ ശക്തമായി തിരിച്ചുവരാൻ കഴിയുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്.

നവംബർ 22 ന് ടുണീഷ്യയെയും നവംബർ 30 ന് ഓസ്‌ട്രേലിയയെയും നവംബർ 26 ന് നിലവിലെ ചാമ്പ്യൻ ഫ്രാൻസിനെയുമാണ് ഡെന്മാർക്ക്  നേരിടുക.

സെനഗൽ
ആഫ്രിക്കൻ നേഷൻസ് കപ്പിലെ നിലവിലെ ചാമ്പ്യൻമാരായാണ് സെനഗൽ ലോകകപ്പിനായി ഖത്തറിൽ എത്തുന്നത്.ഗോൾകീപ്പർ എഡ്വാർഡ് മെൻഡിയുടെ സുരക്ഷിതമായ കൈകളാണ്   മാനേജർ അലിയു സിസ്സെയുടെ പ്രധാന പ്രതീക്ഷ.പ്രതിരോധത്തിൽ, കാലിഡൗ കൗലിബാലിയുടെ പരിചയവും മിടുക്കും കൂട്ടിനുള്ളതിനാൽ മറുനിരയിലെ ആക്രമണകാരികൾക്ക്   അദ്ദേഹത്തെ മറികടന്ന് മുന്നേറാൻ ബുദ്ധിമുട്ടാവുമെന്ന് അലിയു സിസ്സെ കണക്കുകൂട്ടുന്നു. ആക്രമണത്തിൽ  സെനഗലിന് അവരുടെ മികച്ച കളിക്കാരനായ സാദിയോ മാനെയെ തന്നെയായിരിക്കും മുന്നിട്ടുനിൽക്കുക. 2022 ലെ ബാലൺ ഡി ഓർ വോട്ടിംഗിൽ കരിം ബെൻസെമയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയ മാനെ, ഖത്തറിലെ സ്റ്റേഡിയങ്ങളിൽ അത്ഭുതം കാണിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നവരുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News