Breaking News
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ |
ഇക്വഡോറിനോട് തോറ്റാൽ ഖത്തർ നാണം കെടും,ലോകകപ്പ് ചരിത്രത്തിൽ ആതിഥേയ രാജ്യം ഗ്രൂപ് ഘട്ടം കടക്കാതെ പോയത് ഒരു തവണ മാത്രം

October 03, 2022

October 03, 2022

അൻവർ പാലേരി 
ദോഹ: ഇന്നേക്ക് നാൽപ്പത്തിയെട്ട് ദിവസം പിന്നിടുമ്പോൾ അറബ് മേഖലയിലെ ഏറ്റവും വലിയ കായികോത്സവത്തിനാണ് ഖത്തർ സാക്ഷ്യം വഹിക്കാനിരിക്കുന്നത്.ഖത്തർ ദേശീയ ഫുട്‍ബോൾ ടീമിനെ സംബന്ധിച്ചും അതൊരു ചരിത്ര മുഹൂർത്തമായിരിക്കും.അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനെ നേരിടുമ്പോൾ ലോകത്തെ ഏറ്റവും വലിയ കായിക മേളയിൽ ഖത്തറിന്റെ അരങ്ങേറ്റമെന്ന അഭിമാന നിമിഷം കൂടി ചരിത്രത്തിൽ ഇടം പിടിക്കും.ലോകകപ്പിൽ മുത്തമിടുക എന്നത് വിദൂരസ്വപ്നം മാത്രമാണെങ്കിലും പിറന്നമണ്ണിൽ ലോകകപ്പിനെ സാക്ഷിയാക്കി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായിരിക്കും ഖത്തർ ടീം ശ്രമിക്കുക.അതുകൊണ്ടു തന്നെ ഇക്വഡോറുമായുള്ള അരങ്ങേറ്റ മത്സരം അൽ അന്നാബിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.നവംബർ 20-നാണ് ലോകകപ്പിന്റെ അരങ്ങേറ്റ മൽസാരത്തിൽ ഖത്തർ ഇക്വഡോറിനെ നേരിടുന്നത്.

അരങ്ങേറ്റ മത്സരത്തിൽ ഏതുവിധേനയും ഇക്വഡോറിനെ തളച്ചില്ലെങ്കിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിന് അത് വലിയ നാണക്കേടാവും.ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഒരു തവണ മാത്രമാണ് ഒരു ആതിഥേയ രാജ്യം ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായത്.2010 ലെ ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കാണ് അങ്ങനെയൊരു ദുർവിധിയുണ്ടായത്.ഔദ്യോഗിക മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ച് 52 വർഷങ്ങൾക്ക് ശേഷം ഫിഫാ ലോകകപ്പെന്ന വലിയ സ്വപ്നത്തിനരികെ അത്തരമൊരു തോൽവിയുണ്ടായാൽ അത് ഖത്തറിനുണ്ടാക്കുന്ന ആഘാതം വലുതായിരിക്കും.

1975 ൽ ഏഷ്യാ കപ്പിലും 1977ൽ ലോകകപ്പിലും ആദ്യമായി  യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്ത ഖത്തർ പത്തു മത്സരങ്ങൾക്ക് ശേഷം 2019ലാണ് ഏഷ്യാകപ്പിൽ മുത്തമിടുന്നത്.അതിന് മുമ്പ് 1992ൽ ഗൾഫ് കപ്പിൽ ജയിച്ചുകയറിയ ചരിത്രം മാത്രമാണ് ഉണ്ടായിരുന്നത്.എന്നാൽ ഖത്തറിനെതിരായ ഉപരോധം നിലനിൽക്കെ 2019 അബുദാബിയിലെ മണ്ണിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഖത്തർ ടീമിന്റെ പ്രകടനം അറബ് ലോകത്തെ ഞെട്ടിച്ചു.കളിക്കപ്പുറം വലിയ രാഷ്ട്രീയ മാനങ്ങൾ കൂടി കൽപിക്കപ്പെട്ട ആ വിജയത്തോടെ ഖത്തർ ലോകഫുട്‍ബോളിന്റെ ഭൂപടത്തിൽ തന്നെ ശ്രദ്ധേയ സ്ഥാനം നേടുകയായിരുന്നു.

ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിലെ 18 കളികൾ തോറ്റ ശേഷം ലോകകപ്പിൽ യോഗ്യത നേടിയ ഇക്വഡോറിനും ഖത്തർ ലോകകപ്പിലെ അരങ്ങേറ്റ മത്സരം നിർണായകമായിരിക്കും.1930 ൽ ഉറുഗ്വേയിൽ നടന്ന പ്രഥമ ഫിഫ ലോകകപ്പിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച ഇക്വഡോറിന് 2002 വരെ ലോകകപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.72 വർഷങ്ങൾക്ക് ശേഷം 2002 ലാണ് ഇക്വഡോർ ലോകകപ്പ് സ്റ്റേഡിയത്തിൽ ബൂട്ടണിഞ്ഞത്.യോഗ്യതാ റൗണ്ടിൽ ബ്രസീലിനെയും അർജന്റീനയെയും മറികടന്നെങ്കിലും ആദ്യ റൌണ്ട് കടക്കാനായിരുന്നില്ല.

2006 ൽ പോളണ്ടിനെയും കോസ്റ്റോറിക്കയെയും മറികടന്ന് പ്രീ ക്വർട്ടറിൽ കടക്കാനായെങ്കിലും ഇംഗ്ലണ്ടിന് മുന്നിൽ ഒരു ഗോളിന് പൊരുതിവീണു.2014 ലായിരുന്നു ഇക്വഡോറിന്റെ മൂന്നാമത്തെ ലോകകപ്പ് മൽസരം.ലോകകപ്പിൽ ഒരിക്കൽ മാത്രമാണ് ഗ്രൂപ്പ് ഘട്ടം കടക്കാൻ കഴിഞ്ഞതെങ്കിലും പങ്കെടുത്ത മൂന്ന് ലോകകപ്പ് മത്സരങ്ങളിലും ഒരു തവണയെങ്കിലും ജയിക്കാൻ ഇക്വഡോറിന് കഴിഞ്ഞിട്ടുണ്ട്.

മൂന്ന് ലോകകപ്പ് അനുഭവങ്ങളുടെ പാരമ്പര്യവുമായി ദോഹയിലേക്ക് വിമാനം കയറുന്ന ഇക്വഡോറിന് മുന്നിൽ ജയമുറപ്പിക്കേണ്ടത് ഖത്തർ കോച്ച് ഫെലിക്‌സ് സാഞ്ചസിന്റെയും അഭിമാന പ്രശ്നമായി മാറും..അറബ് ലോകത്ത് തരംഗവും ആവേശവും തീർത്ത 2019 ലെ ഏഷ്യാ കപ്പ് വിജയത്തിന് ശേഷം അത്ര മികച്ച വിജയകഥകളൊന്നും ഖത്തറിനെ തേടിയെത്തിയിട്ടില്ല.സമീപകാലത്ത് നടന്ന മത്സരങ്ങളിൽ പോർചുഗലിനോടും അയർലൻഡിനോടും സെർബിയയോടും പരാജയം ഏറ്റുവാങ്ങിയിരുന്നു.അസർബൈജാനുമായി സമനിലയിൽ വഴങ്ങുകയായിരുന്നു.

ഏറ്റവും അവസാനം നടന്ന രണ്ട് സൗഹൃദ മത്സരങ്ങളിൽ ചിലിയെ സമനിലയിൽ തളച്ചെങ്കിലും രണ്ട് ഗോളുകൾക്ക് കനഡയോട് പരാജയം ഏറ്റുവാങ്ങി.

അതേസമയം,2019 ൽ അബുദാബിയിലെ സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാകപ്പ് മത്സരങ്ങളിലേത് പോലെ പതിന്മടങ്ങ് വീറും വാശിയുമുള്ള ഖത്തർ ടീമിനെ സ്വന്തം മണ്ണിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ കാണാൻ കഴിയുമെന്ന് ഏതാണ്ട് ഉറപ്പാണ്.ടീമിന് ഹോം ഗ്രൗണ്ട് സ്റ്റേഡിയങ്ങളിൽ ലഭിക്കുന്ന വലിയ പിന്തുണയിൽ കൊച്ചിനും താരങ്ങൾക്കും വലിയ പ്രതീക്ഷയുണ്ട്.
“ടീമിന് ഇവിടെ ലഭിക്കുന്ന പിന്തുണയിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ലോകകപ്പ് വേളയിൽ ആരാധകരുടെ ആർപ്പുവിളികൾ തീർച്ചയായും ഖത്തറിനെ സഹായിക്കും, കളിക്കാരെ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇത് പ്രേരിപ്പിക്കും, ”കഴിഞ്ഞ ദിവസം ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽനടന്ന തുറന്ന പരിശീലനത്തിനിടെ കോച്ച് ഫെലിക്‌സ് സാഞ്ചസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ജൂൺ മുതൽ സ്പെയിനിലും ഓസ്ട്രിയയിലുമായി നടക്കുന്ന   തുടർച്ചയായ പരിശീലനത്തിനിടെയാണ് ഖത്തർ ടീം ആരാധകർക്ക് മുന്നിലെത്തിയത്.വലിയ വെല്ലുവിളികളെ നേരിടാനൊരുങ്ങുന്ന ടീമിന്റെ തയാറെടുപ്പിൽ സാഞ്ചസ് സംതൃപ്തി പ്രകടിപ്പിച്ചു.

അതൊരു നല്ല തയ്യാറെടുപ്പായിരുന്നുവെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഞങ്ങൾ എല്ലാ ദിവസവും പരിശീലനം നടത്തുകയാണ്.ഇതിലൂടെ തുടർച്ചയായി കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. നവംബർ 20-ന് ഞങ്ങൾ ഏറ്റവും മികച്ച നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു, ”സാഞ്ചസ് പറഞ്ഞു.

ഇന്നലെ മാധ്യമപ്രവർത്തകരെ കണ്ട താരങ്ങളും ക്യാപ്റ്റൻ ഹസൻ അൽ ഹെയ്‌ദോസും ഇതേ അഭിപ്രായം തന്നെയാണ് പങ്കുവെച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News