Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യുദ്ധഭൂമിയിൽ നിന്ന് ആശ്വാസതീരത്തേക്ക്, യുക്രൈനിൽ കുടുങ്ങിയ ഖത്തറിൽ നിന്നുള്ള മലയാളി വിദ്യാർഥികൾ തിരിച്ചെത്തി

March 08, 2022

March 08, 2022

ദോഹ : മരണത്തെ മുഖാമുഖം കണ്ട മണിക്കൂറുകളെ അതിജീവിച്ച് , ദോഹയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥി സംഘം യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്നും തിരികെയെത്തി. മലയാളികൾ ഉൾപ്പെടെയുള്ള ഈ സംഘം, ദോഹയിലും ഡൽഹിയിലുമായാണ് വിമാനമിറങ്ങിയത്. ബുഡാപെസ്റ്റ് വിമാനത്താവളത്തിൽ നിന്നാണ് ഇവർ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തിരിച്ചത്. യുക്രൈനിലെ ഖാർകിവ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഈ മെഡിക്കൽ വിദ്യാർത്ഥികൾ, കഴിഞ്ഞ പത്ത് ദിവസങ്ങളായി യുദ്ധഭീതിക്ക് നടുവിലായിരുന്നു.ഖത്തറിലുള്ള രക്ഷിതാക്കളാകട്ടെ മക്കളെ തിരികെയെത്തിക്കാനുള്ള വഴികൾ തേടി ഓരോ നിമിഷവും നെഞ്ചുരുകി കാത്തിരിക്കുകയായിരുന്നു.ഒടുവിൽ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷം ജീവൻ കയ്യിൽ പിടിച്ചു നടത്തിയ സാഹസിക യാത്ര ആശ്വാസ തീരമണയുകയായിരുന്നു.

സൈന്യത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ഖാർക്കിവിലെ ഭൂഗർഭ ബങ്കറിലാണ് സംഘം ആദ്യനാളുകൾ കഴിച്ചുകൂട്ടിയത്. പിന്നാലെ, കഴിവതും വേഗം അതിർത്തിയിലെത്താൻ ഇന്ത്യയുടെ അറിയിപ്പ് ലഭിച്ചു. ഇതോടെ ഇവർ ജീവന്മരണയാത്ര ആരംഭിക്കുകയായിരുന്നു. ശക്തമായ ഷെല്ലാക്രമണത്തിന് നടുവിലൂടെ വാഹനത്തിൽ രക്ഷപ്പെട്ട ഇവർ, തിരക്കേറിയ ട്രെയിനിൽ ഇരുപതോളം മണിക്കൂറുകൾ യാത്ര ചെയ്ത് ലിവിവ് നഗരത്തിലെത്തി. അവിടെ നിന്നും ബസ് മാർഗം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ എത്തുകയായിരുന്നു. മൂന്ന് വിദ്യാർത്ഥിനികൾ പെഗാസസ് എയർലൈൻസ് വിമാനത്തിൽ ദോഹയിലും, ശേഷിച്ചവർ എയർഏഷ്യ വിമാനത്തിൽ ഡൽഹിയിലുമാണ് തിരിച്ചെത്തിയത്. കർഫ്യു പ്രഖ്യാപിച്ചതിന് ശേഷമാണ് ബുഡാപെസ്റ്റിൽ എത്തിയതെന്നും വിദ്യാർത്ഥികൾക്ക് യാത്രക്കായി അരലക്ഷത്തോളം ഖത്തർ റിയാൽ ചെലവായെന്നും വിദ്യാർത്ഥിനികളിൽ ഒരാളായ ഫാത്തിമ ഷർബീൻ 'ദി  പെനിൻസുല' പത്രത്തോട് പറഞ്ഞു. ഹംഗറിയിലെ ജനങ്ങൾ സ്നേഹത്തോടെ സ്വീകരിച്ചെന്നും, ഭക്ഷണവും മറ്റും നൽകിയെന്നും, ബുഡാപെസ്റ്റിൽ എത്തിയശേഷമാണ് ഇന്ത്യൻ എംബസി അധികൃതരെ കാണാൻ കഴിഞ്ഞതെന്നും ഫാത്തിമ കൂട്ടിച്ചേർത്തു.   ദോഹയിൽ ജോലി ചെയ്യുന്ന ജിജി മേരിയുടെ മകൾ അലീന ഡൽഹിയിലേക്ക് തിരിച്ച സംഘത്തിലാണുള്ളത്. രണ്ടാഴ്ച നാട്ടിൽ വിശ്രമിച്ച ശേഷം മകൾ ദോഹയിലെത്തുമെന്ന് ജിജി മേരി പറഞ്ഞു. രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടതിന്റെ സങ്കടമുണ്ടെങ്കിലും, അപകടങ്ങളില്ലാതെ നാടണയാൻ കഴിഞ്ഞതിന്റെ  ആശ്വാസത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.


Latest Related News