Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ അവിദഗ്ധ തൊഴിലാളികളെ കിട്ടാനില്ല,പല ചെറുകിട സ്ഥാപനങ്ങളും അടച്ചുപൂട്ടൽ ഭീഷണിയിൽ 

June 08, 2021

June 08, 2021

അൻവർ പാലേരി 

ദോഹ : കോവിഡ് വ്യാപനത്തെ തുടർന്ന് ഖത്തറിലെ സ്വകാര്യ മേഖലയിൽ അവിദഗ്ധ തൊഴിലാളികളെ ആവശ്യത്തിന് ലഭിക്കാത്തത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നു. റസ്റ്റോറന്റുകൾ,ഗ്രോസറികൾ,മറ്റു ചെറുകിട സ്ഥാപനങ്ങൾ എന്നീ മേഖലകളിലാണ് സാധാരണ തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്നത്.ഇതേതുടർന്ന് മലയാളികളുടെ ഉടമസ്ഥതയിൽ പുതുതായി തുടങ്ങാനിരുന്ന നിരവധി ചെറുകിട റസ്റ്റോറന്റുകളും കഫ്‌റ്റേരിയകളും മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്.കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായും  പിൻവലിച്ച് സാധാരണ നിലയിൽ പ്രവർത്തിക്കാൻ തുടങ്ങുന്ന സമയമാവുമ്പോഴേക്കും നല്ല നിലയിൽ പ്രവർത്തിച്ചു തുടങ്ങാമെന്ന പ്രതീക്ഷയിലാണ് പലരും പുതിയ സ്ഥാപനങ്ങൾക്ക് തുടക്കമിട്ടത്.എന്നാൽ ആവശ്യത്തിന് തൊഴിലാളികൾ ഇല്ലെങ്കിൽ എങ്ങനെ മുന്നോട്ടു പോകാൻ കഴിയുമെന്ന ആശങ്കയിലാണ് പലരും.

'ഞങ്ങൾക്ക് ഖത്തറിൽ നാല് റെസ്റ്റോറന്റുകളുണ്ടായിരുന്നു.ഇതിൽ മൂന്നെണ്ണവും പൂട്ടി.കോവിഡിന്റെ തുടക്കത്തിൽ നാട്ടിലേക്ക് പോയ പല തൊഴിലാളികളും ഇനിയും തിരിച്ചുവന്നിട്ടില്ല.പകരം ഖത്തറിൽ തൊഴിൽ വിസയുള്ള ആരെയെങ്കിലും കിട്ടുമോ എന്നന്വേഷിച്ചു പലതവണ പരസ്യം നൽകിയിരുന്നു.നേരത്തേയുണ്ടായിരുന്നതിനേക്കാൾ കൂടിയ ശമ്പളം നൽകാമെന്ന് പറഞ്ഞിട്ടും ആരെയും കിട്ടാനില്ല...' ബർവാ വില്ലേജിൽ റെസ്റ്റോറന്റ് നടത്തുന്ന കണ്ണൂർ സ്വദേശി 'ന്യൂസ്‌റൂമി'നോട് പറഞ്ഞു.

ഒന്നിലധികം ചെറുകിട റസ്റ്റോറന്റുകൾ ഉള്ള പലരും ഇപ്പോൾ ഒരെണ്ണം മാത്രം നിലനിർത്തി ബാക്കിയുള്ളവ വിറ്റഴിച്ച് നഷ്ടം കുറക്കാനുള്ള ശ്രമത്തിലാണ്.നിലനിൽക്കാനാവശ്യമായ ബിസിനസ് പോലും നടക്കാത്തതിനാൽ നിലവിലുള്ള തൊഴിലാളികളുടെ ശമ്പളവും വാടകയും സ്‌പോൺസർഷിപ്പ് ഉൾപ്പെടെയുള്ള മറ്റു ചിലവുകളുമായി വൻ തുകയാണ് ഇവർ ചെലവഴിക്കേണ്ടിവരുന്നത്.ഇപ്പോൾ തന്നെ നിരവധി പേരാണ് ഇതേതുടർന്ന് കടക്കെണിയിൽ അകപ്പെട്ടത്.ചെക്ക് കേസുകളിൽ പെട്ട് മാസങ്ങളായി ഖത്തറിൽ തന്നെ ഒളിവിൽ കഴിയുന്നവരും ഇക്കൂട്ടത്തിലുണ്ട്.

ഇന്ത്യ,നേപ്പാൾ,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും പുതുതായി ജോലി അന്വേഷിച്ചുവരുന്ന അവിദഗ്ധ തൊഴിലാളികളെയാണ് ഈ മേഖല പ്രധാനമായും ആശ്രയിച്ചിരുന്നത്.എന്നാൽ പുതിയ വിസ ലഭിച്ചു മാസങ്ങളായിട്ടും പലർക്കും ഇനിയും ഖത്തറിലേക്ക് വരാൻ കഴിഞ്ഞിട്ടില്ല.കോവിഡ് വ്യാപനം കാരണം ഈ രാജ്യങ്ങളിലെ വിസാ സെന്ററുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങാത്തതാണ് ഇവരുടെ യാത്ര വൈകാൻ ഇടയാക്കുന്നത്.കൊച്ചിയിലെ വിസാ സെന്റർ നിലവിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞു വിസാ നടപടികൾ വൈകിപ്പിക്കുന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു.പലരും മൂന്നും നാലും തവണ മെഡിക്കൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്കായി വിസാ സെന്ററിലെത്തിയിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞു തിരിച്ചയക്കുന്ന അവസ്ഥയാണ്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപെടെ ഇവർ വ്യാപകമായ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.

'ഞാൻ ദോഹയിൽ സ്വന്തമായി ക്ളീനിങ് കമ്പനി നടത്തുകയാണ്.തൊഴിലാളികളെ ആവശ്യത്തിന് കിട്ടാനില്ലാത്തതാണ് ഞങ്ങൾ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.ഇതുകാരണം നേരത്തെ ഉണ്ടായിരുന്ന ജോലികൾ പതിനഞ്ചു ശതമാനമായി കുറഞ്ഞു.ഒരുപാട് ശ്രമിച്ചിട്ടാണ് ആറു പേർക്കുള്ള വിസ അനുവദിച്ചു കിട്ടിയത്.അവരൊന്നും ഇനിയും ഖത്തറിൽ എത്തിയിട്ടില്ല.ഇനി എങ്ങനെ മുന്നോട്ടു പോകുമെന്നറിയില്ല...' വര്ഷങ്ങളായി ഖത്തറിൽ ഹോസ്പിറ്റാലിറ്റി,ക്ളീനിങ് മേഖലയിൽ പ്രവർത്തിക്കുന്ന വിനോദ് പറഞ്ഞു.

ഖത്തർ സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കോവിഡ് വ്യാപനം തുടങ്ങിയ ശേഷം 147,000 പ്രവാസികൾ ഖത്തറിൽ നിന്ന് സ്വദേശങ്ങളിലേക്ക് തിരിച്ചുപോയിട്ടുണ്ട്.ഇവരിൽ ഭൂരിഭാഗവും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അവിദഗ്ധ തൊഴിലാളികളാണ്.ഇതിനു പുറമെ,ഒരു വർഷത്തിലേറെയായി ഈ രാജ്യങ്ങളിൽ നിന്ന് സന്ദർശക വിസയിൽ ജോലി തേടി ആരും എത്താത്തതും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയാൻ ഇടയാക്കിയിട്ടുണ്ട്. 

നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ന്യൂസ്‌റൂമുമായി പങ്കുവെക്കാൻ വാട്സ്ആപ് ചെയ്യുക : 00974 66200 167


Latest Related News