Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
രണ്ടു ദിവസങ്ങൾക്കിടെ ഖത്തറിൽ പൊലിഞ്ഞത് മൂന്ന് അതുല്യ വ്യക്തിത്വങ്ങൾ,വേർപാടിന്റെ വേദനയിൽ മലയാളി സമൂഹം

April 08, 2021

April 08, 2021

അൻവർ പാലേരി 

ദോഹ : ഖത്തറിൽ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ മൂന്ന് അതുല്യ വ്യക്തിത്വങ്ങളുടെ പെട്ടെന്നുള്ള വേർപാട് ഉൾകൊള്ളാൻ കഴിയാത്തതിന്റെ നടുക്കത്തിലാണ് ഖത്തറിലെ മലയാളി സമൂഹം.സാമൂഹ്യ-കലാസാംസ്കാരിക രംഗത്തും ജീവകാരുണ്യ മേഖലയിലും ബിസിനസ് രംഗത്തും മികച്ച സംഭാവനകൾ നൽകിയ മൂന്നു പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിന് പിറകെ ഒന്നായി ഈ ലോകത്തോട് വിടപറഞ്ഞത്.

അർബുദം ബാധിച്ചു ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകീട്ട് അന്തരിച്ച ന്യൂ ഇന്ത്യൻ സൂപ്പർ മാർക്കറ്റ് ഉൾപ്പെടെയുള്ള വിവിധ ബിസിനസ് സംരംഭങ്ങളുടെ ഉടമയും പങ്കാളിയുമായിരുന്ന പി.ടി മുഹമ്മദ് അസല്മിന്റെ വിയോഗം,ഖത്തറിലെ ആദ്യകാല പ്രവാസികളിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയത്.ഖത്തറിൽ ഇന്ത്യൻ സമൂഹം നടത്തിവരുന്ന എല്ലാ സംരംഭങ്ങളുമായും സഹകരിച്ചിരുന്നു മുഹമ്മദ് അസ്‌ലം ഒരു തികഞ്ഞ മനുഷ്യ സ്നേഹിയായാണ് അടുപ്പമുള്ളവർക്കിടയിൽ അറിയപ്പെട്ടിരുന്നത്.വ്യവസായ പ്രമുഖൻ എന്നതിനൊപ്പം വിവിധ ഇന്ത്യൻ-മലയാളി സംഘടനകൾ നടത്തിവരുന്ന എല്ലാ സംരംഭങ്ങൾക്കും അദ്ദേഹം അകമഴിഞ്ഞ പിന്തുണ നൽകിയിരുന്നു.

ഖത്തറിൽ ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും പ്രചാരത്തിലാകുന്നതിന് മുമ്പ് പിതാവ് സെയ്താലി ഹാജിയും സഹോദരങ്ങളും ചേർന്ന് ആരംഭിച്ച ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ് ഖത്തർ മലയാളികളിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഒട്ടേറെ നാടൻ ഉൽപന്നങ്ങളുടെ വിപണന കേന്ദ്രം കൂടിയായിരുന്നു.ചെറുപ്പം മുതൽ പിതാവിനൊപ്പം ബിസിനസിൽ സജീവമായ അസ്‌ലം തന്റെ സ്ഥാപനത്തിലെത്തുന്ന മലയാളികളുമായി ഹൃദയബന്ധം സ്ഥാപിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു.ഈ അടുപ്പമാണ് പിന്നീട് ഇന്ത്യൻ എംബസിക്കു കീഴിലെ വിവിധ അപ്പെക്സ്ബോഡികൾ നടത്തിവരുന്ന വിവിധ പരിപാടികൾക്ക് അകമഴിഞ്ഞ സഹായ നൽകുന്നതിലേക്ക് വളർന്നത്. ഏറ്റവും ഒടുവിൽ കോവിഡ് മഹാമാരി ഖത്തറിൽ ദുരിതം വിതച്ചപ്പോൾ ഇന്ത്യക്കാർക്കിടയിൽ വിതരണം ചെയ്യാനുള്ള ഭക്ഷ്യകിറ്റ് നൽകാൻ ഐസിബിഎഫ് തീരുമാനിച്ചപ്പോൾ മുഴുവൻ പിന്തുണയുമായി കൂടെ നിന്നത് മുഹമ്മദ് അസ്‌ലം ആയിരുന്നു.

ഖത്തറിലെ സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്ന എടപ്പാൾ കാലടി സ്വദേശിയായ മണികണ്ഠന്റെ പെട്ടെന്നുള്ള വിയോഗവും ഖത്തർ മലയാളികൾക്ക് തീരാവേദനയായി.സുഹൃത്തുക്കൾക്കിടയിൽ സൗമ്യസാന്നിധ്യമായി നിറഞ്ഞുനിന്നിരുന്ന അദ്ദേഹം കാലടീയം,ഇടപ്പാളയം സൗഹൃദ കൂട്ടായ്‌മ തുടങ്ങി നിരവധി സമൂഹമാധ്യമ കൂട്ടായ്മകളിലും സാഹിത്യ-സാംസ്‌കാരികസംഘടനകളിലും സജീവമായിരുന്നു.ഒട്ടേറെ കവിതകൾ രചിച്ച അദ്ദേഹം തന്റെ ആദ്യ കവിതാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിനിടെയാണ് ഈ ലോകത്തോട് വിടപറഞ്ഞത്.കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ തന്റെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമൊപ്പം അശരണർക്ക് സഹായം എത്തിക്കുന്നതിൽ ഓടി നടന്നു പ്രവർത്തിച്ചിരുന്ന അദ്ദേഹം തന്റെ പ്രവർത്തനമേഖലകളില്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

നാട്ടിൽ എയർഫോഴ്‌സിൽ ജോലിചെയ്ത ശേഷം ഖത്തർ അമീരി എയർഫോഴ്‌സിൽ ജോലി ചെയ്തു വരികയായിരുന്നു.മികച്ച സേവനത്തിന് ഖത്തർ ഭരണകൂടം ഉന്നത പദവി നൽകി ആദരിച്ചിരുന്നു.നേരത്തെ കോവിഡ് ബാധിതനായിരുന്ന അദ്ദേഹം ബുധനാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്.

പാലക്കാട് കോട്ടായി സ്വദേശിനിയും ഖത്തറിൽ വർഷങ്ങളായി നൃത്താധ്യാപനരംഗത്ത് നിറസാന്നിധ്യവുമായിരുന്ന ഹേമ പ്രേമാനന്ദ് കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഡിപിഎസ് മൊണാർക് സ്‌കൂളിൽ നൃത്താധ്യാപികയായിരുന്ന അവർ നേരത്തെ ഡി.പി.എസ് എം.ഐ.എസ സ്‌കൂളിലും പേൾ സ്‌കൂളിലും പ്രവർത്തിച്ചിട്ടുണ്ട്.ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ കലാ സാംസ്കാരിക പരിപാടികളിൽ സജീവസാന്നിധ്യമായിരുന്ന അവർക്ക് നൃത്തമേഖലയിൽ നിരവധി ശിഷ്യന്മാരുണ്ട്. 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News