Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഏകമകനെ കാണാതെ അമ്മയെ ചിതയിലേക്കെടുത്തു,ദോഹയിൽ നിന്നുള്ള രാജീവിന്റെ മടക്കം അമ്മയില്ലാത്ത വീട്ടിലേക്ക്

May 18, 2020

May 18, 2020

അൻവർ പാലേരി  

ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്നും കണ്ണീർ കടൽ താണ്ടിക്കടക്കാൻ വഴിതേടുന്ന പ്രവാസി മലയാളികളുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. ദോഹയിൽ ജോലി ചെയ്യുന്ന ഷൊർണൂർ സ്വദേശി പുല്ലാറോട്ട് രാജീവ് ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങിയത് ഇടറുന്ന മനസോടെയാണ്. അതേകുറിച്ച് സംസാരിച്ചു തുടങ്ങുമ്പോഴേക്കും രാജീവിന്റെ കണ്ഠമിടറുന്നു. ഏകമകൻ നാടണയുന്നതും കാത്ത് ആശുപത്രി മോർച്ചറിയിൽ രണ്ടു ദിവസത്തിലേറെ സൂക്ഷിച്ച അമ്മയുടെ മൃതദേഹം ചിതയിലേക്കെടുത്തത് കഴിഞ്ഞ തിങ്കളാഴ്ചയാണ്.

ഷൊർണൂർ കവളപ്പാറ സ്വദേശി ഏരിയാലത്ത് രാമകൃഷ്ണൻ നായരുടെ മകൻ രാജീവ് ഒന്നര വർഷം മുമ്പാണ് ജോലി തേടി ദോഹയിൽ എത്തിയത്.രാജീവ് ജനിക്കുമ്പോൾ അച്ഛൻ ഇറ്റലിയിൽ മർച്ചന്റ നേവിയിൽ വൈസ് ക്യാപ്റ്റനായിരുന്നു.44 വർഷങ്ങൾക്ക് മുമ്പ് ഭാര്യ ദേവികുമാരിയുടെ  ഉദരത്തിൽ ഉരുവം കൊണ്ട കന്നിസന്താനം മണ്ണിന്റെ വിളികേട്ട് ഭൂമിയിലേക്ക് കണ്ണു തുറക്കാൻ സമയമായിട്ടും രാമകൃഷ്ണൻ നായർക്ക് പ്രിയതമയുടെ അടുത്തെത്താൻ കഴിഞ്ഞില്ല.ജോലിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളും പരിമിതമായ യാത്രാ സൗകര്യങ്ങളുമായിരുന്നു കാരണം. ഒടുവിൽ മകന്റെ ചോറൂണിന് നാട്ടിലെത്താമെന്ന് ഭാര്യയെ അറിയിച്ചെങ്കിലും അന്നും വിധി അയാൾക്കെതിരായി.യാത്ര പിന്നെയും മാറ്റിവെച്ചു. ഇതിനിടെ,ഹൃദയാഘാതത്തെ തുടർന്ന് രാമകൃഷ്ണൻ നായർ ഇറ്റലിയിലെ മിലാനിൽ അന്തരിച്ചു.മൃതദേഹം ഉറ്റവർക്ക് കാണാൻ പോലും കഴിയാതെ നാല് പതിറ്റാണ്ടു മുമ്പ്  മിലാനിൽ തന്നെ അടക്കം ചെയ്യുകയായിരുന്നുവെന്ന് അമ്മ പറഞ്ഞാണ് അറിഞ്ഞത്.

അന്നുതൊട്ടിന്നേവരെ അമ്മയ്‌ക്കൊപ്പമുള്ള വിവാഹ ഫോട്ടോയിലെ നിശ്ചേതനമായ ഒരു ഛായാ ചിത്രം മാത്രമായിരുന്നു  രാജീവിന് അച്ഛൻ. എല്ലാം അമ്മയായിരുന്നു.അമ്മാവൻ പുല്ലാറോട്ട് മോഹൻദാസ് വിവാഹം പോലും കഴിക്കാതെ പെങ്ങൾക്ക് തുണയായി.അമ്മയും അമ്മാവനും രാജീവും പരസ്പരം താങ്ങും തുണയുമായി  കവളപ്പാറയിലെ വീട്ടിൽ കഴിഞ്ഞു. ഇതിനിടെ,അനിത രാജീവിന്റെ കഴുത്തിൽ വരണമാല്യം ചാർത്തി. ആരാധ്യയെന്ന മകൾ പിറന്നു.

ജോലി തേടി ദോഹയിലെത്തിയ രാജീവിന് നോബിൾ ട്രേഡിങ്ങ് എന്ന സ്പെയർസ്പാർട്സ് കമ്പനിയിൽ മാർക്കറ്റിങ് മാനേജരായി ജോലി കിട്ടി.അമ്മയെ കാണാതെ ഒരു ദിവസം പോലും കഴിയാൻ ബുദ്ധിമുട്ടുണ്ടായിരുന്ന രാജീവിന് അമ്മയെ ചേർത്തു പിടിക്കാൻ വർഷത്തിൽ ഒരു മാസം ലഭിക്കുന്ന എണ്ണിത്തിട്ടപ്പെടുത്തിയ ദിവസങ്ങൾ മതിയാകുമായിരുന്നില്ല. അതിനാൽ ആറു മാസം കൂടി ഏതെങ്കിലും തരത്തിൽ പിടിച്ചു നിന്ന ശേഷം രണ്ടു മാസമെങ്കിലും അമ്മയുടെ ചൂട് തട്ടി വീട്ടിൽ കഴിയാമെന്ന  പ്രതീക്ഷയിലായിരുന്നു. ഇതിനിടെയാണ് അമ്മ രോഗബാധിതയാവുന്നത്.എങ്ങനെയെങ്കിലും നാട്ടിലെത്താമെന്നു കരുതിയപ്പോഴേക്കും ലോകം മുഴുവൻ കോവിഡ് എന്ന മഹാമാരിയുടെ പിടിയിലമർന്നിരുന്നു.. വിമാന സർവീസുകൾ നിലച്ചു.പിന്നീട് ആഴ്ചകൾക്ക് ശേഷം, നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കായി ഖത്തറിലെ ഇന്ത്യൻ എംബസി ആരംഭിച്ച ലിങ്ക് വഴി അപേക്ഷിച്ച് ദിവസങ്ങളെണ്ണി കഴിയുകയായിരുന്നു.ഇതിനിടെ 'അമ്മ രോഗബാധിതയാണെന്ന വിവരം ലഭിച്ചതോടെ എങ്ങനെയെങ്കിലും അമ്മയുടെ അരികിലേക്ക് ഓടിയെത്തണമെന്ന ആഗ്രഹത്തോടെയാണ്  കാണിച്ചാണ് രാജീവ് എംബസിയെ സമീപിച്ചത്.ഇടയ്ക്ക് പാതിയടഞ്ഞ കണ്ണുകളോടെ മോൻ വന്നോ എന്ന് വിതുമ്പുന്ന അമ്മയുടെ മുഖമായിരുന്നു മനസു നിറയെ.

അമ്മയുടെ രോഗവിവരം കാണിച്ച് വന്ദേഭാരത് മിഷൻ വഴി നാടണയാൻ അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെ ഇക്കഴിഞ്ഞ മെയ് എട്ടിന് രാജീവിന്റെ അമ്മ മരണപ്പെട്ടു. ഒൻപതാം തിയതി കൊച്ചിയിലേക്കുള്ള വിമാനത്തിൽ നാട്ടിലെത്തി അമ്മയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാമെന്ന ആഗ്രഹത്തോടെ മുട്ടാത്ത വാതിലുകളില്ല.പിന്നീട് അഷ്‌റഫ് മഞ്ചക്കൽ എന്ന  ദോഹയിലെ പൊതുപ്രവർത്തകൻ വഴിയാണ് മുൻ ഐസിസി പ്രസിഡന്റ് കെ.ഗിരീഷ്കുമാറിന്റെ അടുത്തെത്തുന്നത്. അടുത്ത തിരുവനന്തപുരം വിമാനത്തിലെങ്കിലും നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഗിരീഷ്‌കുമാർ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഉൾപെടെയുള്ളവരെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.ഇതോടെ ദിവസങ്ങളോളം മകനെ കാത്ത് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അമ്മയുടെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.അഷ്റഫും ഗിരീഷ് കുമാറും ദിവസങ്ങളോളം നടത്തിയ ഇടപെടലിനെ തുടർന്നാണ് ഒടുവിൽ നാട്ടിലേക്ക് മടങ്ങാൻ രാജീവിന് വഴിയൊരുങ്ങിയത്.

നെഞ്ചുപിളർക്കുന്ന വേദനയോടെ കോവിഡ് ഏൽപിച്ച ആഘാതത്തിന്റെയും എംബസി അധികൃതരുടെ പിടിപ്പുകേടിന്റെയും സങ്കടക്കടൽ താണ്ടി രാജീവ് മടങ്ങുകയാണ്.തന്നെ നാട്ടിലെത്തിക്കാൻ രാപകലില്ലാതെ ഓടി നടന്നവരോടുള്ള ഹൃദയം നിറഞ്ഞ നന്ദിയോടെ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക 


Latest Related News