Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കാൽനടയായെത്തിയ ആദ്യകാല പ്രവാസി കരണ്ടൊത്ത് മൂസഹാജി നാട്ടിൽ നിര്യാതനായി 

July 24, 2020

July 24, 2020

അൻവർ പാലേരി  

ദോഹ : 64 വർഷങ്ങൾക്ക് മുമ്പ് സിനിമാക്കഥയെ വെല്ലുന്ന തരത്തിൽ സാഹസികയാത്ര നടത്തി ഗൾഫ് തീരമണഞ്ഞ വടകര വല്യാപ്പള്ളി മലാറക്കൽ മൂസ ഹാജി(92)  നാട്ടിൽ നിര്യാതനായി.വെള്ളിയാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.ആദ്യകാല പ്രവാസികളിൽ ഒരാളായ മൂസഹാജി അക്കാലത്ത് ഖത്തറിലെത്തുന്ന മലയാളികൾക്ക് താങ്ങും തണലുമായിരുന്നു.ഖത്തറിൽ സ്വദേശികളും വിദേശികളുമായി വിപുലമായ സുഹൃദ് വലയത്തിന് ഉടമയായ ഇദ്ദേഹം ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഗൾഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.ഖത്തറിൽ താമസ വിസയുള്ള ഇദ്ദേഹം ഇടക്കിടെ ഖത്തറിൽ വന്നുപോകാറുണ്ടായിരുന്നു.സലത്തയിലെ നീലിമ റെസ്റ്റോറന്റിന്റെ സ്ഥാപകനാണ്.രണ്ടു വര്ഷം മുമ്പാണ് അവസാനമായി ഖത്തറിൽ വന്നുപോയത്.

മലയാളികൾക്കിടയിൽ ഗൾഫ് സ്വപ്നം പൂവിട്ട കാലത്ത് 1955 ൽ പതിനെട്ടാം വയസിലാണ് മൂസ ഹാജി ഗൾഫിലേക്ക് യാത്ര തിരിക്കുന്നത്.തീവണ്ടി മാർഗം ചെന്നൈയിൽ(അന്നത്തെ മദിരാശി) എത്തിയ ശേഷമാണ് ഗൾഫിലേക്കുള്ള യാത്ര തുടങ്ങുന്നത്.ഗൾഫിലേക്ക് യാത്രാ വിമാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് ഉരുവിൽ കടൽ കടന്ന് അറബിപ്പൊന്നിന്റെ നാട്ടിലെത്തിയ ചിലരെ കുറിച്ചുള്ള കഥകൾ മാത്രമായിരുന്നു പ്രചോദനം.ഗൾഫിലേക്ക് കടക്കണമെങ്കിൽ ഏതു വിധേനയും മുംബൈയിൽ എത്തിച്ചേരണം.ഇതിനുള്ള ശ്രമമായിരുന്നു പിന്നീട്.എത്തിച്ചേർന്നത്  ആന്ധ്രയിലെ വിജയവാഡയിൽ.ഏതാനും ദിവസങ്ങൾ അവിടെ ഹോട്ടൽ ജോലികൾ ചെയ്തു കഴിഞ്ഞു കൂടി. എത്തുന്ന സ്ഥലങ്ങളിലെല്ലാം എന്തെങ്കിലും ജോലി ചെയ്തു യാത്രക്കുള്ള പണമുണ്ടാക്കുമായിരുന്നുവെന്ന് മൂസ ഹാജി പിന്നീട് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ നിന്ന് തീവണ്ടി മാർഗം മുംബൈയിൽ എത്തി.പല സ്ഥലങ്ങളിൽ നിന്നെത്തിയ ചിലർക്കൊപ്പം കൂട്ടം ചേർന്നായിരുന്നു യാത്ര.വിജയവാഡയിൽ നിന്ന് മുംബൈയിൽ എത്തിച്ചേർന്ന മൂസഹാജി റെസ്റ്റോറന്റിലും ചന്തയിലുമൊക്കെയായി കുറച്ചു കാലം ജോലി ചെയ്താണ് തുടർന്നുള്ള യാത്രക്കുള്ള പണം സ്വരൂപിച്ചത്. മുംബൈയിൽ നിന്നും ചരക്കുമായി പോകുന്ന പത്തേമാരിയിൽ ഗൾഫിലേക്ക് പോവുകയായിരുന്നു ലക്‌ഷ്യം.എന്നാൽ ഇത്തരം സംഘങ്ങളുമായി ബന്ധപ്പെടാൻ കഴിയാതിരുന്നതിനാൽ തീവണ്ടി മാർഗം പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോകാനായിരുന്നു തീരുമാനം.

ഇതിനിടെ,യാത്രക്കായി കയ്യിൽ സ്വരുക്കൂട്ടിവെച്ചിരുന്ന പണം മുംബൈ റെയിൽവേ സ്റ്റഷനിൽ വെച്ച് ആരോ പോക്കറ്റടിച്ചതോടെ കീശ വീണ്ടും കലയായി.മറ്റു വഴിയില്ലാത്തതിനാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ടിക്കെറ്റെടുക്കാതെ തന്നെ കറാച്ചിയിലേക്ക് വണ്ടികയറി.ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് യാത്രാ മദ്ധ്യേ ജോദ്പൂരിൽ റെയിൽവേ പോലീസിന്റെ പിടിയിലായി.മൂന്നു ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.പിന്നീട് ഇവിടെ നിന്നാണ് കറാച്ചിയിലെത്തിയത്.

കറാച്ചിയിലെ മുസ്‌ലിം പള്ളിയും അവിടെയുണ്ടായിരുന്ന ചിലരും സഹായിക്കാനെത്തി.  തുടർന്ന് ചന്തയിലും ഹോട്ടലുകളിലുമൊക്കെ ജോലി ചെയ്തു കുറച്ചുദിവസം തള്ളി നീക്കി. ജോലിക്കിടയിലും എല്ലാദിവസവും രാവിലെയും രാത്രിയും തുറമുഖത്തെത്തി ഏതെങ്കിലും പത്തേമാരി ഗൾഫിലേക്ക് പോകുന്നുണ്ടോ എന്ന് അന്വേഷിക്കുന്നത് പതിവായിരുന്നുവെന്ന് മൂസഹാജി വർഷങ്ങൾക്ക് ശേഷം ഖത്തറിൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് (ഖത്തർ ട്രിബ്യുണിൽ സന്തോഷ് ചന്ദ്രൻ നടത്തിയ അഭിമുഖം-2015).കറാച്ചിയിൽ ജോലി ചെയ്തു കിട്ടിയ പണം കൊണ്ട് ഒരു ദീർഘ യാത്രയ്ക്കാവശ്യമായ വസ്ത്രങ്ങളും മറ്റും വാങ്ങി ശേഖരിക്കുകയാണ് മൂസ ഹാജി ചെയ്തത്.തുടർന്ന് പതിനാല് പേരടങ്ങിയ സംഘത്തോടൊപ്പമായിരുന്നു യാത്ര.

പാക്കിസ്ഥാൻ-ഇറാൻ അതിർത്തിയിലെ ഗ്വാദറിൽ നിന്നാണ് കാൽ നട യാത്ര തുടങ്ങിയത്.യാത്രക്കിടെ പലതവണ ഇറാൻ അതിർത്തിരക്ഷാ സൈന്യത്തിന്റെ കയ്യിൽ അകപ്പെട്ടതായും മൂസ ഹാജി ഓർക്കുന്നു.മരുഭൂമിയിലൂടെ നീങ്ങുന്ന ഒട്ടകപ്പറ്റങ്ങൾക്ക് മറപറ്റിയാണ് പലപ്പോഴും ഇവരിൽ നിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഇറാൻ മരുഭൂമിയിലൂടെ കൊടും ചൂടിൽ വിശന്നു വലഞ്ഞുള്ള യാത്രയിൽ എല്ലാവരുടെയും കാലുകൾ വിണ്ടുകീറി അവശനിലയിലായിരുന്നു.പതിനാലു പേരുമായി തുടങ്ങിയ യാത്രയിൽ പിന്നീട് ആറു പേർ മാത്രമാണ് അവശേഷിച്ചത്.പതിനേഴു ദിവസത്തെ തുടർച്ചയായ നടത്തയ്ക്ക് ശേഷം 

പതിനേഴു ദിവസം മരുഭൂമിയിലൂടെ നടന്ന് ഒടുവിൽ എത്തിച്ചേർന്നത് തെക്കു കിഴക്കൻ ഇറാനിലെ ഹോര്മോഗം പ്രവിശ്യയിലെ കൊച്ചുഗ്രാമമായ കുഹ് മുബാറകിലാണ് എത്തിച്ചേർന്നത്.ഇവിടെ നിന്ന് പത്തേമാരിയിൽ ഒമാൻ വഴി യു.എ.ഇ യിലെ ഖോർഫുഖാനിൽ എത്തി.ഇവിടെ നിന്ന് ദുബായിലെത്തിയാണ് മറ്റൊരു ഉരുവിൽ കയറി 1956 നവംബറിൽ വക്ര തുറമുഖത്ത് മൂസാഹാജിയും സംഘവും വന്നിറങ്ങിയത്.കടുത്ത ചൂടായതിനാൽ അന്ന് രാത്രി ചാക്കുകൾ നനച്ച് കടൽത്തീരത്തു കിടന്നുറങ്ങി പിറ്റേദിവസം വെളുപ്പിന് ദോഹയിലേക്ക് പുറപ്പെടുകയായിരുന്നു.

ദോഹയിൽ അക്കാലത്ത് അറബികളും ഇറാനികളും പ്രധാനമായും വസ്ത്രവ്യാപാരവും വിലകൂടിയ മുത്തിന്റെ(പേൾ) കച്ചവടവുമാണ് നടത്തിയിരുന്നത്.ഇന്ത്യക്കാരാവട്ടെ അക്കാലം മുതൽ റെസ്റ്റോറന്റ് മേഖലയിൽ സജീവമായിരുന്നുവെന്നും മൂസ ഹാജി പറഞ്ഞിരുന്നു.ഇന്ത്യക്കാർ കൂടുതലായി ജോലി ചെയ്തിരുന്ന മറ്റൊരു മേഖല പ്രധാനമായും മൽസ്യബന്ധനവുമായി ബന്ധപ്പെട്ടാണ്.

ഇന്ത്യയും ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളുമെല്ലാം അക്കാലത്ത് ബ്രിട്ടീഷ് കോളനിക്ക് കീഴിലായിരുന്നു. ഇന്ത്യൻ കറൻസിയാണ് ഖത്തറിലും നിലവിലുണ്ടായിരുന്നത്. പഴയ ദോഹ പെട്രോൾ സ്റ്റേഷന് സമീപമുണ്ടായിരുന്ന സമ റെസ്റ്റോറന്റിലാണ് ആദ്യം ജോലി കിട്ടിയത്.പ്രധാന പാചകക്കാരനും അസിസ്റ്റന്റ് മാനേജരും മൂസ ഹാജി തന്നെയായിരുന്നു.മാസ വേതനം 150 ഇന്ത്യൻ രൂപ.ഇന്ത്യൻ രൂപയെ ബ്രിട്ടീഷ് പൗണ്ടാക്കി മണിയോർഡർ വഴിയാണ് അക്കാലത്ത് നാട്ടിലേക്ക് പണം അയച്ചിരുന്നത്.പിന്നീട് ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് മൂസ ഹാജി ആദ്യമായി നാട്ടിലേക്ക് പോയത്.

പിൽകാലത്ത് നീലിമയെന്ന പേരിൽ ദോഹയിലെ സലാത്തയിൽ സ്വന്തമായി ഹോട്ടൽ തുടങ്ങിയ മൂസഹാജി തന്റെ നാട്ടുകാരായ നിരവധി പേരെ ഖത്തറിലെത്തിച്ചു ജോലി തരപ്പെടുത്തിക്കൊടുത്തിരുന്നു. പതിറ്റാണ്ടുകൾ നീണ്ട ഖത്തറിലെ ജീവിതത്തിലൂടെ സ്വദേശികളുമായുണ്ടാക്കിയ അടുപ്പം ഇത്തരം കാര്യങ്ങൾക്കായി വിനിയോഗിക്കുന്നതിന് അദ്ദേഹം ഒട്ടും മടി കാണിച്ചിരുന്നില്ല.സജീവ കെ.എം.സി.സി പ്രവർത്തകനായിരുന്ന അദ്ദേഹം നിലവിൽ വല്യാപ്പള്ളി മലാറക്കൽ മഹല്ല് പ്രസിണ്ടയിരുന്നു.

ഫാതിമ ഹജ്ജുമ്മയാണ് ഭാര്യ.മക്കൾ : അബ്ദുൽ നാസർ നീലിമ (ഖത്തർ )ഇസ്മായിൽ നീലിമ(ഖത്തർ )കുഞ്ഞയിഷ,ഖദീജ,സമീറ,ലാഹിദ

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 വാട്സ് ആപ്പ് നമ്പറിലേക്ക് സന്ദേശമയക്കുക.


Latest Related News