Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
2020 സാമ്പത്തിക ബജറ്റ് ,പ്രതീക്ഷയോടെ ഖത്തറിലെ പ്രവാസി സമൂഹം 

December 17, 2019

December 17, 2019

ദോഹ : കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പദ്ധതി ചിലവുകൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള 2020 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റിന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി. രാജ്യത്തെ വികസനപദ്ധതികളുടെ പൂർത്തീകരണം ലക്ഷ്യമാക്കി 210.5 ബില്യൺ റിയാലിന്റെ ബജറ്റിനാണ് അമീർ ഇന്നലെ അംഗീകാരം നൽകിയത്. 2019 ൽ 206.6 ബില്യൺ റിയാലിന്റെ ബജറ്റ് തുകയാണ് അനുവദിച്ചിരുന്നതെങ്കിൽ അടുത്ത വർഷത്തെ അടങ്കൽ തുകയിൽ 1.9 ശതമാനത്തിന്റെ വർദ്ധനവ് വരുത്തിയിട്ടുണ്ട്.

2022 ലോകകപ്പ് പദ്ധതികളുമായി ബന്ധപ്പെട്ടുള്ള വന്‍കിട പദ്ധതികള്‍ക്കുളള തുക, സ്വതന്ത്ര, സാമ്പത്തിക, വ്യാവസായിക, ലോജിസ്റ്റിക് സോണുകളിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കുള്ള ഫണ്ട്, പൗരന്മാര്‍ക്കുള്ള ഭൂമി  വികസനത്തിനുള്ള ഫണ്ട്, രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെ പിന്തുണക്കുന്നതിനുള്ള ബിസിനസ് വികസന സംരഭങ്ങള്‍ക്കുള്ള ഫണ്ട്, ഭക്ഷ്യ സുരക്ഷ, ചെറുകിട, ഇടത്തരം സംരഭങ്ങളെ പിന്തുണക്കുതിനുള്ള ഫണ്ട് തുടങ്ങിയവ വകയിരുത്തി കൊണ്ടുള്ളതാണ് അടുത്ത വര്‍ഷത്തെ ബജറ്റ്. കഴിഞ്ഞ ആഴ്ചയാണ് ശൂറാ കൗണ്‍സിലിന്റെ ചര്‍ച്ചക്ക് ശേഷം കരട് ബജറ്റിന് മന്ത്രിസഭ അന്തിമ അനുമതി നല്‍കിയത്. ഉപരോധത്തെ തുടർന്ന് കഴിഞ്ഞ രണ്ടു ബജറ്റുകളിലും ഉൾകൊള്ളിക്കാതിരുന്ന പല വൻകിട നിർമാണ പദ്ധതികൾക്കും പുതിയ ബജറ്റിൽ അനുമതി നൽകിയിട്ടുണ്ട്. ഹമദ് വിമാനത്താവളം,കത്താറ,വെസ്റ്റ് ബേ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള അൽ ശർഖ് ക്രോസിങ് പദ്ധതിയും ഇതിൽ ഉൾപെടും. തുരങ്കപാതയും മേൽപാലവും ഉൾപെടെ 12 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി യാഥാർഥ്യമാവുന്നതോടെ ദോഹാനഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് കണക്കുകൂട്ടൽ. 2023 ഓടെ അൽശർഖ് ക്രോസിങ്ങിന്റെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമാക്കുന്നത്.

നിർമാണമേഖലയിൽ പുത്തൻ ഉണർവുണ്ടാകും 
2020 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റോടെ ഖത്തറിലെ നിലവിലെ തൊഴിൽ - വാണിജ്യ മേഖലകളിൽ വൻ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തൽ. 2017 ജൂൺ അഞ്ചിന് ഖത്തറിന് മേൽ ഉപരോധം പ്രഖ്യാപിക്കപ്പെട്ടതോടെ അൽപം മന്ദഗതിയിലായ നിർമാണ മേഖലയിൽ വലിയ മുന്നേറ്റത്തിന് പുതിയ ബജറ്റ് പ്രഖ്യാപനം കാരണമാവും. ഉപരോധം ഉണ്ടാക്കാനിടയുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന് രാജ്യത്തിന്റെ പദ്ധതി ചെലവിൽ നേരിയ കുറവ് വരുത്തിയത് വിപണിയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറയാൻ ഇടയാക്കിയിരുന്നു. ചില പ്രധാന നിർമാണ പദ്ധതികൾ താൽകാലികമായി നിർത്തിവെച്ചത് നിർമാണ മേഖലയിലും വാണിജ്യ വ്യവസായ മേഖലയിലുമുണ്ടാക്കിയ നേരിയ മാന്ദ്യം പുതിയ ബജറ്റോടെ ഇല്ലാതാവും. ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷ,ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന വികസന പദ്ധതികൾ,ലോകകപ്പുമായി ബന്ധപ്പെട്ട നിർമാണ പദ്ധതികൾ,ആരോഗ്യം എന്നിവയ്ക്ക് മാത്രമാണ് കഴിഞ്ഞ ബജറ്റുകളിൽ പ്രാധാന്യം നൽകിയിരുന്നത്. ബാങ്കുകൾ വായ്പ ഉൾപെടെയുള്ള സൗകര്യങ്ങൾക്ക് നിയന്ത്രണം വരുത്തിയതും പ്രവാസികൾ ഉൾപ്പെടെയുള്ള ബിസിനസ് സമൂഹത്തിന് തിരിച്ചടിയായിരുന്നു. എന്നാൽ പുതിയ പദ്ധതികളുടെ നിർമാണം തുടങ്ങുന്നതോടെ നിർമാണ-വ്യവസായ മേഖലകളിൽ അടുത്ത സാമ്പത്തിക വർഷം വൻ മുന്നേറ്റമുണ്ടാകും.

ദീർഘവീക്ഷണത്തോടെയുള്ള സാമ്പത്തിക നയങ്ങളും തീരുമാനങ്ങളുമാണ് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങേണ്ടിയിരുന്ന ഖത്തറിനെ കൂടുതൽ കരുത്തോടെ മുന്നേറാൻ പ്രാപ്തമാക്കിയതെന്ന് ലോകത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയിരുന്നു. ഉപരോധത്തിന്റെ തുടക്കത്തിൽ മിതവ്യയം ശീലിക്കണമെന്നും ചെറിയ പ്രതിസന്ധികളെ അതിജീവിക്കാൻ തയാറാവണമെന്നും രാജ്യത്തെ ജനങ്ങളോടാവശ്യപ്പെട്ട ഖത്തർ അമീർ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് രാജ്യം കൂടുതൽ കരുത്തോടെ മുന്നോട്ടു പോവുകയാണെന്ന ആത്മവിശ്വാസമാണ് പുതിയ ബജറ്റിലൂടെ രാജ്യത്തെ പൗരന്മാർക്കും പ്രവാസി സമൂഹത്തിനും നൽകുന്നത്.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News