Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഐ.പി.എൽ ടിക്കറ്റിനേക്കാൾ കുറഞ്ഞ നിരക്ക്,ഖത്തർ ലോകകപ്പ് ടിക്കറ്റിനായി ഓൺലൈനിൽ ക്യൂ നിൽക്കുന്നത് പതിനായിരക്കണക്കിന് ഇന്ത്യക്കാർ

April 17, 2022

April 17, 2022

അൻവർ പാലേരി 

ദോഹ : അറേബ്യൻ മണ്ണിൽ ആദ്യമായി വിരുന്നെത്തുന്ന ഖത്തർ ലോകകപ്പിനുള്ള ടിക്കറ്റ് സ്വന്തമാക്കാൻ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ നെട്ടോട്ടം തുടരുകയാണ്.ടിക്കറ്റ് വിൽപനയുടെ രണ്ടാം ഘട്ടവും പൂർത്തിയാകാനിരിക്കെ ഖത്തറിന്റെ മണ്ണിൽ ആദ്യമായി ലോകകപ്പിന്റെ പന്തുരുളുന്നത് കാണാൻ ഭാഗ്യമുണ്ടാകുമോ എന്ന ആശങ്കയിൽ പ്രാർത്ഥനയോടെ നാളുകൾ എണ്ണിക്കഴിയുകയാണ് ഇന്ത്യക്കാരിൽ ഭൂരിഭാഗവും.ഖത്തർ ലോകകപ്പിലേക്ക് ഇന്ത്യക്കാരെ ഇത്രയധികം ആകർഷിക്കുന്നതിന് നിരവധി കാരണങ്ങളാണ് ഇന്ത്യൻ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്ന് ഐപിഎൽ 2022 ടിക്കറ്റ് വാങ്ങുന്നതിന് നൽകുന്ന വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളുടെ ടിക്കറ്റ് നിരക്കെന്ന് ഇന്ത്യൻ എക്സ്പ്രസ് പത്രം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ എക്‌സ്‌പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്,250 ഖത്തർ റിയാൽ(ഏകദേശം 5,211 രൂപ) നൽകിയാൽ ഒരു ഫുട്‍ബോൾ ആരാധകന് ലോകകപ്പിലെ മികച്ച മത്സരങ്ങളിലൊന്നായ സ്പെയിനും ജർമ്മനിയും തമ്മിലുള്ള വാശിയേറിയ പോരാട്ടം ഗാലറിയിലിരുന്ന് കാണാനാവും.അതേസമയം,വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎല്ലിൽ മിഡ് ലെവൽ ടിക്കറ്റിന്റെ വില ഇതിന്റെ ഇരട്ടിയോളം വരുമെന്നും ഇന്ത്യൻ എക്സ്പ്രസ് പത്രം ചൂണ്ടിക്കാട്ടുന്നു.ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഖത്തർ ലോകകപ്പ് ഫൈനലിനുള്ള ഏറ്റവും വിലകുറഞ്ഞ ടിക്കറ്റിന് 45,828 രൂപയാണ് വില. ഏറ്റവും ചെലവേറിയ ഐപിഎൽ മത്സര ടിക്കറ്റിനേക്കാൾ 10,000 രൂപ മാത്രമാണ് ഇതിനായി ആരാധകൻ നൽകേണ്ടത്.ലോകകപ്പിനുള്ള ആതിഥേയ രാജ്യമായ ഖത്തർ ഇന്ത്യയുമായി ഭൂമിശാസ്ത്രപരമായി വളരെ അടുത്തുകിടക്കുന്ന രാജ്യമാണെന്നതും ഖത്തർ ലോകകപ്പിന് ടിക്കറ്റെടുക്കാനുള്ള ഇന്ത്യക്കാരുടെ പതിവിൽ കവിഞ്ഞ ആവേശത്തിന് പിന്നിലുണ്ടെന്നും പ്രമുഖ ഇന്ത്യൻ മാധ്യമങ്ങൾ വിലയിരുത്തുന്നു.

ഇതിനുപുറമെ,ഖത്തറിൽ താമസവിസയുള്ള എല്ലാവർക്കും 40 ഖത്തർ റിയാലിന് ടിക്കറ്റ് ലഭിക്കുമെന്ന പ്രഖ്യാപനവും ഫുട്‍ബോൾ ആരാധകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്.ചരിത്രത്തിൽ ആദ്യമായാണ് ആതിഥേയ രാജ്യത്തെ ജനങ്ങൾക്ക് ഇത്രയും കുറഞ്ഞ നിരക്കിൽ ലോകകപ്പ് ഫുട്‍ബോൾ കാണാനുള്ള ടിക്കറ്റ് അനുവദിക്കുന്നത്.ഇതും ഫലത്തിൽ ഗുണം ചെയ്യുക രാജ്യത്തെ  ഏറ്റവും വലിയ കുടിയേറ്റ സമൂഹമായ ഇന്ത്യക്കാർക്കാണ്. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് സ്വന്തമാക്കാൻ കഴിയും എന്നതിനാൽ നിലവിൽ ഖത്തറിൽ താമസവിസയുള്ള ഇന്ത്യക്കാരിൽ വലിയൊരു വിഭാഗം ടിക്കറ്റ് ലഭിക്കാൻ ഭാഗ്യം ലഭിച്ചാൽ ഗാലറികളിലേക്ക് ഇരച്ചുകയറുമെന്ന് ഉറപ്പാണ്.

ഏപ്രിൽ 5 ന് ആരംഭിച്ച ഫിഫ ലോകകപ്പ് രണ്ടാം ഘട്ട ടിക്കറ്റ് വിൽപ്പന ഏപ്രിൽ 28 വരെ തുടരും.അതേസമയം, റാൻഡം സെലക്ഷൻ നറുക്കെടുപ്പ് മെയ് 31 നകം നടക്കുമെന്നും അപേക്ഷകൾ ലോട്ടറി സമ്പ്രദായത്തിലൂടെ തീരുമാനിക്കുമെന്നും ഫിഫ വെളിപ്പെടുത്തിയിട്ടുണ്ട്.ഇതുകൂടി പൂർത്തിയായാൽ മാത്രമേ ഗാലറിക്ക് അകത്തും പുറത്തും നിന്ന് കളിയാരവങ്ങളിൽ പങ്കുചേരാൻ ഭാഗ്യം ലഭിക്കുന്ന ഇന്ത്യക്കാരുടെ യഥാർത്ഥ കണക്കുകൾ പുറത്തുവരൂ.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News