Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അമേരിക്ക - ഇറാൻ സംഘർഷത്തിൽ അയവുവരുത്താൻ ഖത്തർ അമീറിന്റെ ഇടപെടൽ എത്രത്തോളം സഹായിക്കും?

January 12, 2020

January 12, 2020

അൻവർ പാലേരി

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ തെഹ്റാൻ സന്ദർശനം പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷത്തിൽ അയവ് വരുത്തിയേക്കുമെന്ന് സൂചന. ഖസ്സെം സുലൈമാനിയുടെ വധത്തിന് ശേഷം നിലപാട് കടുപ്പിച്ച അമേരിക്കക്കും ഇറാനുമിടയിൽ അനുരഞ്ജനത്തിന്റെ പാതയൊരുക്കാൻ ഖത്തർ അമീറിന് കഴിയുമെന്നാണ് വിലയിരുത്തൽ. ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് ശേഷം യുദ്ധത്തിലേക്ക് കടക്കുന്നില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇറാൻ കടുത്ത നിലപാടുകളുമായി മുന്നോട്ടു പോവുകയാണ്. ഇറാനുമായി ചർച്ചക്ക് സന്നദ്ധമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചെങ്കിലും ഉപരോധം പിൻവലിക്കാതെ ഒരു തരത്തിലുള്ള ചർച്ചക്കും സന്നദ്ധമല്ലെന്നാണ് ഇറാന്റെ നിലപാട്.

അതേസമയം,ചർച്ചയിലൂടെ മാത്രമേ പ്രശ്നത്തിന് പരിഹാരമുണ്ടാകൂ എന്നും സംഘർഷത്തിൽ അയവ് വരുത്തുന്നതിലൂടെ മാത്രമേ മേഖലയിൽ സമാധാനം സ്ഥാപിക്കാൻ കഴിയൂ എന്നും ഞായറാഴ്ച ഹസൻ റുഹാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഖത്തർ അമീർ വ്യക്തമാക്കിയതായാണ് വിവരം. നിർണായക ഘട്ടത്തിലുള്ള ഖത്തർ അമീറിന്റെ തെഹ്റാൻ സന്ദർശനം ഹസൻ റൂഹാനി ഉൾപെടെയുള്ള ഇറാൻ നേതാക്കളിൽ വലിയ ആത്മവിശ്വാസമുണ്ടാക്കിയതായാണ് സൂചന. തങ്ങളുടെ പ്രിയപ്പെട്ട സൈനിക മേധാവിയുടെ വധത്തിന് ശേഷം രാജ്യത്തെത്തുന്ന ആദ്യ രാഷ്ട്രത്തലവനെന്ന വൈകാരിക പ്രാധാന്യം കൂടി ഖത്തർ അമീറിന്റെ സന്ദർശനത്തിൽ ഇറാൻ പരിഗണിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഖത്തറിന്റെ സമ്മർദം കൂടി കണക്കിലെടുത്ത്  അമേരിക്കയുമായി ഒരു അനുരഞ്ജന ചർച്ചയ്ക്ക് ഇറാൻ സന്നദ്ധമാവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

നിലവിലെ സാഹചര്യത്തിൽ ഗൾഫിലെ അതിസമ്പന്ന രാഷ്ട്രങ്ങളിലൊന്നായ ഖത്തറിന്റെ പിന്തുണ ഇറാന് അത്യാവശ്യമാണ്. സൗദിയും യു.എ.ഇ യും ഉൾപെടെയുള്ള ചില ഗൾഫ് രാജ്യങ്ങളുമായി ദീർഘകാലമായി തുടരുന്ന അഭിപ്രായഭിന്നതകൾ നിലനിൽക്കെ അന്താരാഷ്ട്ര സമൂഹത്തിനിടയിൽ ഏറെ അംഗീകാരമുള്ള ഖത്തറുമായുള്ള അടുപ്പത്തിന് കോട്ടമുണ്ടാക്കാൻ ഇറാൻ ആഗ്രഹിക്കില്ല. മറുവശത്ത്,അമേരിക്കയെ സംബന്ധിച്ചിടത്തോളം പശ്ചിമേഷ്യയിലെ ഏറ്റവും തന്ത്രപ്രധാനമായ സൈനിക താവളം ഖത്തറിലായതിനാൽ ഇറാനും ഖത്തറിനുമിടയിൽ ഏതെങ്കിലും തരത്തിലുള്ള അസ്വാരസ്യമുണ്ടാകുന്നത് മേഖലയിലെ അവരുടെ സുരക്ഷിതത്വത്തിനും ഭീഷണിയാണ്. അതുകൊണ്ടാണ് ഇറാനെതിരെയുള്ള ആക്രമണം തുടർന്നാൽ ഇസ്രായേലിനോ ദുബായിക്കോ നേരെ ആക്രമണമുണ്ടാകുമെന്ന സൂചനകൾ ഇറാനിൽ നിന്നുമുണ്ടായത്.

ഒരേസമയം അമേരിക്കയുമായും ഇറാനുമായും അടുത്ത ബന്ധം പുലർത്തുന്ന ഖത്തറിന് ആഗോള നയതന്ത്ര മേഖലയിലുള്ള സ്വീകാര്യതയും മറ്റൊരു കാരണമാണ്. അഫ്‌ഗാനിൽ അമേരിക്കക്കും താലിബാനുമിടയിൽ സമാധാനം പുനഃസ്ഥാപിക്കാനും മേഖലയെ സമാധാനത്തിലേക്ക് നയിക്കാനും ഖത്തർ നടത്തിവരുന്ന ശ്രമങ്ങൾ ഇതിനുള്ള ഉദാഹരണമാണ്. താലിബാന് അമേരിക്കയുടെ അനുമതിയോടെ ദോഹയിൽ രാഷ്ട്രീയ കാര്യാലയം തുടങ്ങാൻ അനുമതി നൽകിയത് അവരെ മുഖ്യധാരയിൽ കൊണ്ടുവന്ന് സമാധാനപരമായ അനുരഞ്ജന നീക്കങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇത് ഏറെക്കുറെ വിജയിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ നീക്കത്തെ ഖത്തർ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ തെളിവായി സൗദിയും യു.എ.ഇ യും ആരോപിച്ചപ്പോൾ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന്  വേണ്ടത്ര പിന്തുണ കിട്ടാതെ പോയതും അതുകൊണ്ടാണ്. പിന്നീട് നിരവധി ആരോപണങ്ങൾ ഉന്നയിച്ച് സൗദി സഖ്യരാജ്യങ്ങൾ ഖത്തറിനെതിരെ 2017 ൽ ഉപരോധം പ്രഖ്യാപിച്ചപ്പോഴും ഖത്തർ തങ്ങളുടെ നിലപാടിൽ നിന്ന് ഒട്ടും പിന്നോട്ട് പോയിരുന്നില്ല. 

ഖത്തറിനെതിരായ ഉപരോധകാലത്ത് എല്ലാ സഹായങ്ങളുമായി കൂടെ നിന്ന ഇറാനെ ഒരിക്കലും കൈവിടില്ലെന്ന ഖത്തറിന്റെ പ്രഖ്യാപനം എത്രത്തോളം ആത്മാർത്ഥമാണെന്ന കൃത്യമായ തിരിച്ചറിവ് ഇറാൻ ഭരണാധികാരികൾക്കുണ്ട്. ഉപരോധം മൂന്നാം വർഷത്തിലേക്ക് കടന്നിട്ടും സൗദി സഖ്യരാജ്യങ്ങളുമായി തുടരുന്ന പ്രധാന അഭിപ്രായ വ്യത്യാസങ്ങളിലൊന്ന് ഖത്തർ ഇറാനുമായി പുലർത്തുന്ന ശക്തമായ നയതന്ത്ര - വാണിജ്യ ബന്ധമാണ്. ഒരു ഘട്ടത്തിൽ, ഇറാനുമായുള്ള ബന്ധം ഉപേക്ഷിച്ചാൽ ഉപരോധം പിൻവലിക്കാമെന്ന തരത്തിൽ ചില അനൗദ്യോഗിക ചർച്ചകൾ നടന്നതായും സൂചനയുണ്ട്. എന്നാൽ രാജ്യത്തിന്റെ ആത്മാഭിമാനം ആർക്കു മുന്നിലും പണയപ്പെടുത്തില്ലെന്നും ഇറാനുമായുള്ള ബന്ധം രാജ്യത്തിന്റെ പരമാധികാരത്തിൽ പെട്ടതാണെന്നുമുള്ള നിലപാടിൽ തന്നെയാണ് ഖത്തർ ഇപ്പോഴും ഉറച്ചുനിൽക്കുന്നത്.

ഇതിനു പുറമെ,ബാഗ്ദാദിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ നടത്തിയ ആക്രമണം ഇറാന്റെ ന്യായമായ തിരിച്ചടിയെന്ന നിലയിൽ ലോകസമൂഹം അംഗീകരിക്കുമ്പോഴും യുക്രൈൻ വിമാനം അബദ്ധത്തിൽ ആക്രമിക്കാനിടയായ സംഭവം അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇറാന്റെ പ്രതിച്ഛായയ്ക്ക് കനത്ത ആഘാതമാണ് ഏൽപിച്ചത്. ഇതിന്റെ പേരിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ രാജിവെക്കണം എന്നാവശ്യപ്പെട്ട് രാജ്യത്തിനകത്തും ജനങ്ങൾ തെരുവിലിറങ്ങിയിട്ടുണ്ട്.  

ഈ ഘടകങ്ങളെല്ലാം പരിഗണിക്കുമ്പോൾ ഖത്തർ അമീറിന്റെ അനുരഞ്ജന നീക്കങ്ങൾ മേഖലയിൽ നിർണായകമാകുമെന്ന് തന്നെയാണ് മനസിലാക്കേണ്ടത്. തെഹ്‌റാനിലേക്ക് പോകുന്നതിന് മുമ്പ് അമേരിക്കൻ പ്രസിഡന്റുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രൊണുമായുമെല്ലാം അദ്ദേഹം ഫോണിൽ ബന്ധപ്പെട്ട്  കാര്യങ്ങൾ സംസാരിച്ചിരുന്നു. ഇറാനുമായി ഏറെ അടുപ്പം പുലർത്തുന്ന റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിനുമായും അമീർ സംസാരിച്ചിരുന്നു. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാൽ,ഗൾഫിലെ മറ്റേതൊരു ഭരണാധികാരിയെക്കാളും ഒരേസമയം അമേരിക്കയുമായും ഇറാനുമായും മികച്ച ബന്ധം പുലർത്തുന്ന ഖത്തറിന് അമേരിക്ക - ഇറാൻ സംഘർഷത്തിൽ കാര്യമായ ഇടപെടലുകൾ നടത്താനാവും.


Latest Related News