Breaking News
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ |
ഖത്തർ ലോകകപ്പ് വിളിപ്പാടകലെ,പരിക്ക് മൂലം ഒഴിവാക്കപ്പെട്ട പ്രമുഖ താരങ്ങൾ ടീമുകളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു

October 19, 2022

October 19, 2022

അൻവർ പാലേരി   
ദോഹ : ലോകകപ്പിൽ ബൂട്ടണിയാൻ കിട്ടുന്ന അവസരം ഏതൊരു ദേശീയ ഫുട്‍ബോൾ താരത്തിന്റെയും അടങ്ങാത്ത അഭിനിവേശമാണെന്നിരിക്കെ,ഭാഗ്യം കൂടി തുണച്ചില്ലെങ്കിൽ പലപ്പോഴും ഇവർക്ക് ഗാലറിയിലിരുന്ന് കളി കാണേണ്ടിവരുന്ന ദുരവസ്ഥയുണ്ടാകാറുണ്ട്..യോഗ്യതാമത്സരത്തിൽ കപ്പിനും ചുണ്ടിനുമിടയിൽ പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്നാണ് ചില ലോകോത്തര കളിക്കാർക്ക് പുറത്തിരിക്കേണ്ടിവരുന്നതെങ്കിൽ മുമ്പത്തെ മത്സരങ്ങളിലുണ്ടായ ഗുരുതരമായ പരിക്കാണ് ചിലർക്ക് വില്ലനാവുന്നത്.ഖത്തർ ലോകകപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കെ, ലോകത്തെ ഏറ്റവും മികച്ച ഫുട്‍ബോൾ താരങ്ങളിൽ പലർക്കും ഇത്തവണത്തെ ലോകകപ്പിൽ പന്തുതട്ടാൻ അവസരം ലഭിക്കില്ല.അർജന്റീന ഉൾപെടെ പല പ്രമുഖ ടീമുകളും തങ്ങളുടെ ചില പ്രധാന കളിക്കാർക്കേറ്റ പരിക്കിൽ തങ്ങൾക്കുള്ള ആശങ്ക ഇതിനോടകം വ്യക്തമാക്കിയിട്ടുമുണ്ട്.

പരിക്ക് മൂലം ഖത്തർ ലോകകപ്പിൽ നിന്ന് ഒഴിവാക്കപ്പെട്ട ചില പ്രമുഖ താരങ്ങൾ ഇവരാണ് :

ഡിയോഗോ ജോട്ട(പോർച്ചുഗീസ്) :മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ജയത്തോടെയുള്ള മത്സരത്തിലാണ് പോർച്ചുഗീസ് ഫോർവേഡ് ഡിയോഗോ ജോട്ടയ്ക്ക് കാൽ പേശിയിൽ ഗുരുതരമായി പരിക്കേറ്റത്.ഡിയോഗോ ജോട്ടയ്ക്ക് ഖത്തർ ലോകകപ്പ് നഷ്ടമാകുമെന്ന് ലിവർപൂൾ മാനേജർ ജർഗൻ ക്ലോപ്പ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു.

എൻ ഗോലോ കാന്റെ(ഫ്രാൻസ്) : ഫ്രാൻസിന്റെ മിഡ്‌ഫീൽഡ് എൻഫോഴ്‌സർ എൻ'ഗോലോ കാന്റെ കാൽമുട്ടിന് പിറകിലെ പേശികൾക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും അടുത്ത നാല് മാസം കൂടി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും.ഓഗസ്റ്റിൽ ടോട്ടൻഹാമിനെതിരായ പ്രീമിയർ ലീഗിൽ കളിക്കുന്നതിനിടെയാണ് 31 കാരനായ ചെൽസി താരത്തിന് പരിക്കേറ്റത്. എൻ'ഗോലോ കാന്റെ ഖത്തർ ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ചെൽസി തന്നെയാണ് അറിയിച്ചത്.

റീസ് ജെയിംസ്(ഇംഗ്ലണ്ട്) ക്ലബ്ബ് മത്സരങ്ങളിൽ  എൻ'ഗോലോ കാന്റെയുടെ സഹതാരമായ  റീസ് ജെയിംസ്  പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരെ മികവ് പുലര്‍ത്തുന്ന ഇംഗ്ലണ്ടിന്റെ മികച്ച കളിക്കാരിൽ ഒരാളാണ്. എസി മിലാനെതിരായ ചാംപ്യന്‍സ് ലീഗ് മല്‍സരത്തിനിടെയാണ് 22കാരനായ റീസ് ജെയിംസിന് കാൽമുട്ടിന് പരിക്കേറ്റത്.ജെയിംസിന് ഒരു മാസത്തേക്ക് വിശ്രമം ആവശ്യമാണെന്ന് അറിയിച്ച ചെൽസി മാനേജർ ഗ്രഹാം പോട്ടർ ഖത്തർ ലോകകപ്പിൽ നിന്ന് അദ്ദേഹത്തിന് മാറിനിൽക്കേണ്ടി വരുമെന്ന സൂചനയും നൽകിയിട്ടുണ്ട്.

പൗലോ ഡിബാല(അർജന്റീന) : ലയണൽ മെസ്സിയുടെ നെഞ്ചിടിപ്പേറ്റി രണ്ട് സഹതാരങ്ങൾ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.ലെസെയ്‌ക്കെതിരായ പോരാട്ടത്തിനിടെ തുടയിലെ പേശികൾക്കേറ്റ പരിക്കാണ്  ഡിബാലക്ക് വിനയായത്.അർജന്റീനയുടെ മറ്റൊരു ലോകകപ്പ് പ്രതീക്ഷയായ എയ്ഞ്ചൽ ഡി മരിയയും പരിക്ക് കാരണം വിശ്രമത്തിലാണ്. എന്നാൽ, വേൾഡ് കപ്പ് അടുക്കുമ്പോഴേക്കും ഇരുവരും സുഖം പ്രാപിക്കുമെന്ന് മെസ്സി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അതേസമയം,പരിക്ക് വളരെ ഗൗരവമേറിയതാണെന്നും 2023-ന് മുമ്പ് ഡിബാലയ്ക്ക് തിരിച്ചുവരാൻ ബുദ്ധിമുട്ടായിരിക്കുമെന്നും റോമ മാനേജർ ജോസ് മൗറീഞ്ഞോ പറഞ്ഞു.

റൊണാൾഡ് അരൗജോ(ഉറുഗ്വേ) :സെപ്തംബറിൽ ഇറാനോട് 1-0ന് തോറ്റ മത്സരത്തിനിടെ, ഉറുഗ്വേയുടെ ഡിഫൻഡർ റൊണാൾഡ് അരൗജോയുടെ വലതു തുടയിലാണ് പരിക്കേറ്റത്.ഇതേതുടർന്ന് ബാഴ്‌സലോണ താരം  അരൗജോ  ഫിൻലൻഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.എങ്കിൽപ്പോലും ഈ ലോകകപ്പിൽ അദ്ദേഹം തന്റെ രാജ്യത്തിനായി ബൂട്ടണിയുമെന്ന് പ്രതീക്ഷിക്കുന്നില്ല.

റൗൾ ജിമെനെസ്(മെക്സിക്കോ) : അരക്കെട്ടിനേറ്റ പരിക്കിനെ തുടർന്ന് ഓഗസ്റ്റ് 31 മുതൽ റൗൾ ജിമെനെസ് ക്ലബ്ബിനോ രാജ്യത്തിനോ വേണ്ടി കളത്തിലിറങ്ങിയിട്ടില്ല.ഖത്തർ ലോകകപ്പിലും  റൗൾ ജിമെനെസിനു കളിക്കാൻ കഴിഞ്ഞേക്കില്ലെന്ന സൂചനയാണ് ദേശീയ ടീം കോച്ച്, ജെറാർഡോ മാർട്ടിനോ പങ്കുവെക്കുന്നത്.

അലക്സാണ്ടർ ഇസക്ക്(സ്വീഡൻ) : സ്വീഡന്റെ 23 കാരനായ സ്‌ട്രൈക്കർ അലക്‌സാണ്ടർ ഇസക്കാണ് ഖത്തറിൽ ടീമിനൊപ്പം ചേരാൻ കഴിയുമോ എന്ന കാര്യത്തിൽ  ആശങ്കയുമായി കഴിയുന്ന  മറ്റൊരു താരം.സെപ്തംബറിൽ തന്റെ ദേശീയ ടീമിനൊപ്പമുള്ള പരിശീലനത്തിനിടെ തുടയിലേറ്റ പരിക്ക് ഖത്തറിലെ കളി മുടക്കിയേക്കുമെന്ന ആശങ്ക ന്യൂ കാസിൽ താരം പങ്കുവെക്കുകയായിരുന്നു.എന്നാൽ ഇസക്ക് ഈ ലോകകപ്പിൽ  കളിക്കില്ലെന്ന്  ന്യൂ കാസിൽ  മാനേജർ എഡി ഹോവ് സ്ഥിരീകരിച്ചു.

കാൽവിൻ ഫിലിപ്സ് ( ഇംഗ്ലണ്ട്), ബൂബക്കർ കമര(ഫ്രാൻസ്),ആർതർ മെലോ( ബ്രസീൽ),പെഡ്രോ നെറ്റോ( പോർച്ചുഗൽ),മാർക്കോ റിയൂസ് (ജർമ്മനി),ജോർജിനിയോ വിജ്നാൽഡം(നെതർലാൻഡ്സ്),പോൾ പോഗ്ബ(ഫ്രാൻസ്),കൈൽ വാക്കർ(ഇംഗ്ലണ്ട്) തുടങ്ങിയ പ്രമുഖ താരങ്ങളും പരിക്കേറ്റ് വിശ്രമത്തിലാണെങ്കിൽ വിളിപ്പാടകലെ നിൽക്കുന്ന ഖത്തർ ലോകകപ്പിൽ തങ്ങളുടെ ടീമിനൊപ്പമുണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News