Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ത്യയുടെ വാനമ്പാടി കൂടൊഴിഞ്ഞു, ലതാ മങ്കേഷ്‌കർ അന്തരിച്ചു

February 06, 2022

February 06, 2022

ഗായിക ലതാ മങ്കേഷ്കർ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായതോടെയാണ് അന്ത്യം സംഭവിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 92 വയസായിരുന്നു. ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്കറെ കോവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റം വന്നതോടെ ദിവസങ്ങൾക്ക് മുമ്പാണ്‌ ഐ.സി.യുവിൽ നിന്ന് മാറ്റിയത്. എന്നാൽ വീണ്ടും ആരോഗ്യനില മോശമായെന്നും ഐ.സി.യുവിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയായിരുന്നു. ലതാമങ്കേഷ്കർ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. അതിനിടെയാണ് അന്ത്യം.
ഏഴ് പതിറ്റാണ്ട് കാലം നിരവധി തലമുറകളെ അവർ തന്‍റെ മാസ്മര ശബ്ദത്തിലൂടെ ആനന്ദിപ്പിച്ചു. മധുബാല മുതൽ ദീപിക പദുകോൺ വരെയുള്ളവർക്ക് വേണ്ടി പാടിയ ലതാ മങ്കേഷ്കറാണ് ലോകത്ത് ഏറ്റവുമധികം ഗാനങ്ങള്‍ ആലപിച്ച ഗായിക. ഇന്ത്യന്‍ സിനിമയുടെ ബാല്യവും കൗമാരവും യൗവനവും- അതാണ് ലതാജിയുടെ ശബ്ദം. 1929ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ലതാ മങ്കേഷ്കറിന്റെ ജനനം. അഭിനയത്തിലൂടെയാണ് ചലച്ചിത്ര പ്രവേശനം. 1942ല്‍ 13 ആം വയസില്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തിലൂടെ പാടിത്തുടങ്ങി. തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ ഗജാബാഹൂവിലെ മാതാ ഏക് സപൂത് കി ആണ് ആദ്യമിറങ്ങിയ ഗാനം. എന്നാല്‍ ലതാജിയിലെ ഗായികയെ അടയാളപ്പെടുത്തിയത് മജ്ബൂറിലെ ദില്‍ മേരാ ദോഡായാണ്. മഹലില്‍ മധുബാലക്ക് വേണ്ടി പാടിയ ആയേഗാ ആനേവാലയാണ് ഹിറ്റ് ചാര്‍ട്ടില്‍ ആദ്യത്തേത്.

നേര്‍ത്ത ശബ്ദമെന്ന് പറഞ്ഞ് തിരസ്‍കരിച്ചവരുടെ മുന്നില്‍ പ്രശസ്തിയുടെ പടവുകള്‍ ഒന്നൊന്നായി പാടിക്കയറുകയായിരുന്നു ലതാജി. നൗഷാദ്, രാമചന്ദ്ര, എസ് ഡി ബര്‍മ്മന്‍, മദന്‍ മോഹന്‍, ശങ്കര്‍ ജയ്കിഷന്‍, ബോംബെ രവി, സലില്‍ ചൗധരി, ആര്‍ ഡി ബര്‍മ്മന്‍ തുടങ്ങിയ സംഗീതശില്‍പ്പികളുടെ ഈണങ്ങള്‍ ലതയുടെ ശബ്ദത്തില്‍ അലിഞ്ഞുചേര്‍ന്നു. ആത്മാവിനെ ലയിപ്പിച്ച് ഏ മേരേ വതന്‍ കെ ലോഗോ, ലതാ പാടിയപ്പോള്‍ നെഹ്രു വരെ കണ്ണീരണിഞ്ഞു. ആ ശബ്ദം ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചൊഴുകി. നെല്ലിലൂടെ മലയാളത്തിലുമെത്തി. മുഹമ്മദ് റഫിക്കൊപ്പം പാടിയപ്പോള്‍ സംഗീതാസ്വാദകര്‍ക്ക് ലഭിച്ചത് ഭാവസാന്ദ്രമായ ഒരുപിടി ഹിറ്റുകള്‍. 36 ഭാഷകളിലായി 50000ത്തിലധികം പാട്ടുകള്‍ പാടി ഗിന്നസില്‍ ഇടംപിടിച്ചിട്ടുണ്ട് ലതാജി. സംഗീത യാത്രയില്‍ സംഗീതത്തിലുള്ള പല പുരസ്കാരങ്ങളും സ്വന്തമാക്കി. പദ്മഭൂഷണ്‍, പത്മവിഭൂഷണ്‍, ഭാരതരത്നം തുടങ്ങിയ ദേശീയ ബഹുമതികളും ദാദാ സാഹബ് ഫാല്‍ക്കെ പുരസ്കാരവും തേടിയെത്തി. ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരവും നേടി. 1999ല്‍ രാജ്യസഭാംഗമായി.


Latest Related News