Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
താരമായി ഋതുരാജ്, മുംബൈയെ വീഴ്ത്തി ചെന്നൈ

September 19, 2021

September 19, 2021

സീസണിൽ ആദ്യമേറ്റുമുട്ടിയപ്പോൾ ഏറ്റ തോൽവിക്ക് മധുരമായി പ്രതികാരം വീട്ടി ചെന്നൈ. ദുബൈയിൽ നടന്ന മത്സരത്തിൽ 20 റൺസിനാണ് ചെന്നൈ മുംബൈയെ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തപ്പോൾ, മുംബൈയുടെ മറുപടി 136 ൽ ഒതുങ്ങി. ചെന്നൈക്ക് വേണ്ടി ഓപ്പണറായി ഇറങ്ങി ഇരുപതാം ഓവർ വരെ പുറത്താവാതെ നിന്ന ഋതുരാജ് ഗെയ്ക്ക്വാദാണ് കളിയിലെ താരം. 

മത്സരത്തിന് മുൻപ് ഫിറ്റ്നസ് തെളിയിക്കുന്നതിൽ പരാജയപ്പെട്ട ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിൽ പൊള്ളാർഡാണ് മുംബൈയെ നയിച്ചത്. ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും ആഗ്രഹിച്ച തുടക്കമല്ല ലഭിച്ചത്. പവർപ്ലേ അവസാനിക്കുമ്പോഴേക്കും മഞ്ഞപ്പടയുടെ നാല് മുൻനിര ബാറ്റ്സ്മാൻമാരാണ് പവലിയനിൽ തിരിച്ചെത്തിയത്. അമ്പാട്ടി റായിഡു പരിക്കിനാൽ പിന്മാറുക കൂടി ചെയ്തതോടെ ചെന്നൈ കൂടുതൽ അപകടത്തിലായി. ഒരറ്റത്ത് നങ്കൂരമിട്ട് കളിച്ച ഋതുരാജ് ഗെയ്ക്വാദാണ് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. ജഡേജയെ കൂട്ടുപിടിച്ച് ഋതുരാജ് രക്ഷാപ്രവർത്തനം നടത്തിയതോടെ ചെന്നൈ നില മെച്ചപ്പെടുത്തി. അവസാനഓവറുകളിൽ കരീബിയൻ താരം ബ്രാവോയും ബൗണ്ടറികൾ കണ്ടെത്തിയതോടെ ചെന്നൈ 156 എന്ന മാന്യമായ സ്കോറിലേക്കെത്തി. 58 പന്തുകളിൽ നിന്നും 88 റൺസുമായി ഋതുരാജ് പുറത്താവാതെ നിന്നു. മുംബൈക്കായി ആദം മിൽനെ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.


വലുതല്ലാത്ത വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ മുംബൈക്കും ഒരു ഘട്ടത്തിലും താളംകണ്ടെത്താൻ കഴിഞ്ഞില്ല. ഓപ്പണിങ്ങിനിറങ്ങിയ ക്വിന്റൺ ഡികോക്കിനെയും, അരങ്ങേറ്റക്കാരൻ അൻമോൽ പ്രീതുനെയും ദീപക് ചാഹർ പവർപ്ലേയിൽ തന്നെ തിരിച്ചയച്ചു. മധ്യനിരയുടെ നെടുന്തൂണായ സൂര്യകുമാർ യാദവിനെ ശാർദൂൽ താക്കൂറും പുറത്താക്കിയതോടെ ചെന്നൈ കളിയിൽ മേധാവിത്വം നേടി. സൗരഭ് തിവാരിയും, ക്യാപ്റ്റൻ പൊള്ളാർഡും ചേർന്ന് ഇന്നിംഗ്സിനെ മുന്നോട്ട് നയിക്കവേ പൊള്ളാർഡിനെ ഹേസൽവുഡ് വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെ മഞ്ഞപ്പട വിജയം ഏതാണ്ടുറപ്പിച്ചു. മദ്ധ്യഓവറുകളിൽ പിന്നീട് കാര്യമായി റണ്ണൊഴുകാഞ്ഞതോടെ ടീം വിജയം സ്വന്തമാക്കുകയും ചെയ്തു. 50 റൺസെടുത്ത സൗരഭ് തിവാരിയാണ് മുംബൈയുടെ ടോപ് സ്‌കോറർ. ചെന്നൈക്കായി ബ്രാവോ മൂന്ന് വിക്കറ്റുകൾ നേടി.


Latest Related News