Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ജഡേജ രക്ഷകനായി, കൊൽക്കത്തയെ വീഴ്ത്തി ചെന്നൈ

September 26, 2021

September 26, 2021

അടിമുടി നാടകീയത നിറഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് രണ്ട് വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത ഉയർത്തിയ 171 റൺസെന്ന വിജയലക്ഷ്യം അവസാന പന്തിൽ മഞ്ഞപ്പട മറികടക്കുകയായിരുന്നു. ഒരുഘട്ടത്തിൽ കൈവിട്ടുപോയ മത്സരം രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് മികവിലൂടെയാണ് ചെന്നൈ തിരിച്ചുപിടിച്ചത്. 19ആം ഓവറിൽ ജഡേജ രണ്ട് സിക്‌സും രണ്ട് ഫോറും തുടരെ പായിച്ചതാണ് കളിയുടെ ഫലം നിർണ്ണയിച്ചത്. ജയത്തോടെ ചെന്നൈ പ്ലേഓഫ്‌ ഉറപ്പിച്ചപ്പോൾ, കൊൽക്കത്തയുടെ നില ത്രിശങ്കുവിലായി 

കഴിഞ്ഞ കളിയിലെ അതേ ടീമിനെ കൊൽക്കത്ത അണിനിരത്തിയപ്പോൾ, ബ്രാവോയ്ക്ക് പകരം സാം കറനെ ഇലവനിൽ ഉൾപ്പെടുത്തിയാണ് ചെന്നൈ കളത്തിലിറങ്ങിയത്. ടോസ് നേടിയ കൊൽക്കത്തൻ നായകൻ മോർഗൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. റണ്ണൗട്ടിന്റെ രൂപത്തിൽ ആദ്യഓവറിൽ തന്നെ ആദ്യവിക്കറ്റ് വീണെങ്കിലും, തകർത്തടിച്ചാണ് കൊൽക്കത്ത തുടങ്ങിയത്. അഞ്ചോവർ പിന്നിടുമ്പോഴേക്കും ത്രിപാഠിയുടെയും അയ്യറിന്റെയും ആക്രമണമികവിൽ ടീം സ്‌കോർ 50 കടന്നു. എന്നാൽ ആറാം ഓവർ എറിയാനെത്തിയെ ശാർദൂൽ താക്കൂർ ഇന്നിങ്സിന്റെ ഗതി മാറ്റി. മിന്നും ഫോമിലുള്ള വെങ്കിടേഷ് അയ്യറെ ധോണിയുടെ കയ്യിലെത്തിച്ച താരം ഒരു റൺ പോലും വിട്ട് കൊടുത്തതുമില്ല. പിന്നീടെത്തിയ ക്യാപ്റ്റൻ മോർഗൻ താളംകണ്ടെത്താനാകാതെ കുഴങ്ങിയതോടെ മദ്ധ്യഓവറുകളിൽ കൊൽക്കത്ത കിതച്ചു. അവസാന ഓവറുകളിൽ ദിനേശ് കാർത്തിക്കും നിതീഷ് റാണയും മികവ് പുലർത്തിയതോടെയാണ് കൊൽക്കത്തയ്ക്ക് തരക്കേടില്ലാത്ത സ്കോറിലേക്കെത്താനായത്. മൂന്ന് ബൗണ്ടറികൾ കണ്ടെത്തിയ റസലിന്റെ സംഭാവനയും നിർണ്ണായകമായി. ടീമിലേക്ക് തിരിച്ചെത്തിയ ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറനാണ് ചെന്നൈ നിരയിൽ ഏറെ തല്ലുവാങ്ങിയത്. തന്റെ നാലോവറിൽ 56 റൺസാണ് താരം വിട്ടുകൊടുത്തത്. ഹേസൽവുഡും താക്കൂറും ചെന്നൈക്കായി രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ 45 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് കൊൽക്കത്തയുടെ ടോപ് സ്കോററായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക്, കൊൽക്കത്തയുടേതിനേക്കാൾ മികച്ച തുടക്കമാണ് ഗെയ്ക്ക്വാദും ഡുപ്ലെസിസും ചേർന്ന് നൽകിയത്. പവർ പ്ലേയിലെ ഫീൽഡിങ് ആനുകൂല്യങ്ങലെ പരമാവധി മുതലെടുത്ത സഖ്യം ആദ്യ ആറോവറിൽ 52 റൺസാണ് സ്കോർ ബോർഡിൽ ചേർത്തത്.  വിൻഡീസ് സ്പിന്നർ സുനിൽ നരൈനെ നിലയുറപ്പിക്കാൻ അനുവദിക്കാതെ കടന്നാക്രമിച്ച ചെന്നൈ ഓപ്പണർമാർ, താരത്തിന്റെ ആദ്യ രണ്ട് ഓവറിൽ 25 റൺസാണ് അടിച്ചെടുത്തത്. കൊൽക്കത്തൻ ടീമിലെ മറ്റൊരു കരീബിയൻ സാന്നിധ്യമായ ആന്ദ്രേ റസലാണ് ഒടുവിൽ സഖ്യത്തെ വേർപിരിച്ചത്. പത്താം ഓവർ എറിഞ്ഞ റസലിനെ ആദ്യപന്തിൽ ഗെയ്ക്ക്വാദ് സിക്സർ പറത്തിയെങ്കിലും തൊട്ടടുത്ത പന്തിൽ റസൽ പ്രതികാരം വീട്ടി. റണ്ണൊഴുക്കിന് തടയിടാൻ കഴിഞ്ഞില്ലയെങ്കിലും, ഏറെ വൈകാതെ ഡുപ്ലെസിസിനെയും പുറത്താക്കാൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞു. പ്രസിദ്ധ് കൃഷ്ണയാണ് ഡുപ്ലെസിസിനെ ഫെർഗൂസന്റെ കൈകളിൽ എത്തിച്ചത്. 10 റൺസെടുത്ത അമ്പാടി റായുഡുവും പെട്ടെന്ന് മടങ്ങിയതോടെ ചെന്നൈയുടെ പ്രതീക്ഷകൾ മൊയീൻ അലി - സുരേഷ് റെയ്‌ന സഖ്യത്തിലായി. അവസാന അഞ്ചോവറിൽ 45 റൺസായിരുന്നു ടീമിനാവശ്യം. പതിനാറാം ഓവർ എറിഞ്ഞ വെങ്കിടേഷ് അയ്യർ അഞ്ചുറൺസ് മാത്രം വിട്ടുകൊടുക്കുകയും, പതിനേഴാം ഓവറിൽ ഫെർഗൂസൻ മൊയീൻ അലിയെ വീഴ്ത്തുകയും ചെയ്തതോടെ മത്സരം ആവേശഭരിതമായി. ധോണിയും റെയ്നയും ക്രീസിൽ നിൽക്കെ 18 പന്തിൽ 31 റൺസായിരുന്നു വിജയിക്കാനാവശ്യം. അടുത്ത ഓവറിലെ ആദ്യപന്തിൽ ഇല്ലാത്ത രണ്ടാം റണ്ണിനോടിയ റെയ്‌ന പുറത്ത്. അതേ ഓവറിൽ ധോണിയും പുറത്തായതോടെ ചെന്നൈ തോൽവി മുന്നിൽ കണ്ടു. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ പത്തൊൻപതാം ഓവറിൽ ജഡേജ രണ്ട് സിക്‌സറുകളും രണ്ട് ഫോറും തുടരെ പായിച്ചതോടെ കളി വീണ്ടും ചെന്നൈയുടെ വരുതിയിലായി. അവസാന ഓവറിൽ കേവലം നാല് റൺസ് വേണ്ട ഘട്ടത്തിൽ കറനെയും ജഡേജയെയും പുറത്താക്കാൻ നരൈന് കഴിഞ്ഞെങ്കിലും, അവസാന പന്തിൽ മത്സരം ചെന്നൈ സ്വന്തമാക്കി.


Latest Related News