Breaking News
അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം |
പാതിവഴിയിൽ പകച്ച് ബാംഗ്ലൂർ, ചെന്നൈക്ക് 6 വിക്കറ്റ് വിജയം

September 24, 2021

September 24, 2021

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 6 വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തപ്പോൾ, പിന്തുടർന്ന ചെന്നൈ 11 പന്തുകൾ ബാക്കി നിൽക്കെ വിജയതീരമണയുകയായിരുന്നു. ഓപണർമാർ നൽകിയ മികച്ച അടിത്തറ മുതലാക്കാൻ മധ്യനിരയ്ക്ക് കഴിയാതെ പോയതാണ് കോഹ്‌ലിയുടെ സംഘത്തിന് വിനയായത്. ജയത്തോടെ ചെന്നൈ പ്ലേ ഓഫ് ഘട്ടത്തിലേക്ക് ഒരുപടി കൂടി അടുത്തു. 

പൊടിക്കാറ്റ് വില്ലനായതിനാൽ പതിവിലും പതിനഞ്ച് മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്. മുംബൈയെ മുട്ടുകുത്തിച്ച ടീമിൽ മാറ്റങ്ങൾ വരുത്താതെ മഞ്ഞപ്പട ഇറങ്ങിയപ്പോൾ, രണ്ട് മാറ്റങ്ങളുമായാണ് ബാംഗ്ലൂർ ടീം അണിനിരന്നത്. ടോസ് നേടിയ ചെന്നൈ നായകൻ ധോണി എതിരാളികളെ ബാറ്റിങിനയച്ചു. പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച് ബാറ്റേന്തിയ കോഹ്‌ലി-ദേവ്ദത്ത് ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് ബാംഗ്ലൂരിന് നൽകിയത്. ദീപക് ചാഹർ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 13 റൺസെടുത്ത ബാംഗ്ലൂർ പവർപ്ലേയിൽ 55 റൺസ് സ്കോർബോർഡിൽ കുറിച്ചു. ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഓപ്പണിങ് കൂട്ടുകെട്ട് തകർക്കാൻ ചെന്നൈക്ക് കഴിഞ്ഞതേയില്ല. പതിനൊന്നാം ഓവറിൽ ബാംഗ്ലൂരിന്റെ ടീം സെഞ്ചുറിയും, പടിക്കലിന്റെ അർദ്ധസെഞ്ചുറിയും പിറന്നു. തൊട്ടടുത്ത ഓവറിൽ നായകൻ കോഹ്ലിയും അർധസെഞ്ചുറി എന്ന നാഴികക്കല്ല് പിന്നിട്ടു. ഒരുവേള 200 ന് മുകളിൽ സ്കോർ ചെയ്യുമെന്ന പ്രതീതി ജനിപ്പിച്ച ബാംഗ്ലൂർ, പാതിവഴിയിൽ കളി മറക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 53 റൺസുമായി നായകൻ വിരാടാണ് ആദ്യം വീണത്. ഏറെവൈകാതെ ശാർദൂൽ താക്കൂർ അടുത്തടുത്ത പന്തുകളിലായി ദേവ്ദത്തിനെയും ഡിവില്ലിയേഴ്‌സിനെയും മടക്കി. പിന്നാലെ വന്നവർക്കൊന്നും സ്കോർബോർഡിലേക്ക് കാര്യമായ സംഭാവന നൽകാൻ കഴിയാതെ പോയതോടെ ബാംഗ്ലൂർ 156 എന്ന സ്കോറിലൊതുങ്ങി. അവസാന നാലോവറുകളിൽ കേവലം 25 റൺസ് മാത്രം വിട്ടുകൊടുത്ത ചെന്നൈ ബൗളിങ് നിര 5 വിക്കറ്റുകളാണ്‌ പിഴുതത്. 70 റൺസെടുത്ത ദേവ്ദത്ത് ബാംഗ്ലൂരിന്റെ ടോപ്സ്കോററായപ്പോൾ, ചെന്നൈക്ക് വേണ്ടി ബ്രാവോ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ബാംഗ്ലൂരിന്റെ ഇന്നിങ്സിന് സമാനമായ മിന്നുംതുടക്കമാണ് ചെന്നൈക്കും ലഭിച്ചത്. കഴിഞ്ഞ മത്സരത്തിലെ ഫോം വീണ്ടും പുറത്തെടുത്ത ഋതുരാജ് ഗെയ്ക്ക്വാദും, ദക്ഷിണാഫ്രിക്കൻ താരം ഡുപ്ലെസിസും ചേർന്ന് ആദ്യ ആറോവറിൽ 59 റൺസാണ് അടിച്ചെടുത്തത്. പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിട്ട സഖ്യം നവദീപ് സൈനിയെ ആണ് കണക്കിന് ശിക്ഷിച്ചത്. താരത്തിന്റെ ആദ്യ രണ്ട് ഓവറുകളിൽ നിന്നായി 25 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. പലപ്പോഴും ടീമിന്റെ രക്ഷകനായി അവതരിക്കാറുള്ള ചാഹലിന്റെ രണ്ടാം ഓവറിലാണ് ചെന്നൈയുടെ ആദ്യവിക്കറ്റ് വീണത്. 38  റൺസെടുത്ത ഋതുരാജിനെ മനോഹരമായൊരു ക്യാച്ചിലൂടെ കോഹ്‌ലി പുറത്താക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ നിന്നും ഊർജ്ജമുൾക്കൊണ്ട ബാംഗ്ലൂർ അടുത്ത ഓവറിൽ ഡുപ്ലെസിസിനെയും വീഴ്ത്തി. പാർട്ട്‌ ടൈം സ്പിന്നർ മാക്സ്വെല്ലാണ് പ്രോട്ടീസ് താരത്തെ പുറത്താക്കിയത്. എന്നാൽ, മൂന്നാം വിക്കറ്റിൽ മൊയീൻ അലിയും അമ്പാട്ടി റായുഡുവും ക്രീസിൽ ഉറച്ചുനിന്നതോടെ കളി വീണ്ടും ചെന്നൈയുടെ വരുതിയിലായി. രണ്ട് സിക്സറുകളിലൂടെ വേണ്ട റൺനിരക്ക് കൂടാതെ കാത്ത മൊയീൻ അലിയെ ഹർഷൽ പട്ടേൽ പുറത്താകുമ്പോൾ ചെന്നൈക്ക് ജയിക്കാൻ വേണ്ടത് 36 പന്തിൽ 39 റൺസായിരുന്നു. ഹർഷൽ പട്ടേൽ തന്നെ റായുഡുവിനെയും പവലിയനിൽ എത്തിച്ചെങ്കിലും, അവസരത്തിനൊത്തുയർന്ന സുരേഷ് റെയ്‌ന ബൗണ്ടറികൾ കണ്ടെത്തിയതോടെ ചെന്നൈ അധികം വിയർക്കാതെ വിജയലക്ഷ്യം മറികടന്നു.


Latest Related News