Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യ-ഖത്തർ മത്സരം,നീലക്കടുവകൾക്ക് പ്രതീക്ഷിക്കാനുള്ളത്

June 03, 2021

June 03, 2021

ദോഹ : ദോഹയിലെ  ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ന് രാത്രി ഖത്തർ സമയം എട്ടു മണിക്ക് കരുത്തരായ ഖത്തറിനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഫിഫ റാങ്കിംഗിൽ ഇന്ത്യയേക്കാൾ 47 സ്ഥാനങ്ങൾക്ക് മുൻപിലുള്ള ഖത്തറിനെതിരായ പോരാട്ടം ഇന്ത്യക്ക് എളുപ്പമാകില്ലെന്നാണ് കരുതുന്നതെങ്കിലും ഇതിന് മുൻപ് നടന്ന ആദ്യ പാദ യോഗ്യതാ മത്സരത്തിൽ ഖത്തറിനെ  ഗോൾരഹിത സമനിലയിൽ കുരുക്കിയതിന്റെ ആത്മവിശ്വാസമാണ് ഇന്ത്യക്ക് കരുത്താകുന്നത് .

യോഗ്യതാ മത്സരത്തിൽ നിലവിൽ ഗ്രൂപ്പ് ഇ‌യിൽ നാലാം സ്ഥാനത്താണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുകളാണ് ഇതു വരെ നീലക്കടുവകളുടെ സമ്പാദ്യം. ഖത്തർ 13 പോയിന്റുകളുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തും, 12 പോയിന്റുകളുള്ള ഒമാൻ രണ്ടാം സ്ഥാനത്തുമുണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുക ഇന്ത്യക്ക് ഇനി അപ്രാപ്യമാണെങ്കിലും, ആഞ്ഞു ശ്രമിച്ചാൽ മൂന്നാം സ്ഥാനത്തെത്താനുള്ള അവസരം അവർക്ക് മുന്നിലുണ്ട്. ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനായാൽ 2023ലെ ഏഷ്യൻ കപ്പ് ക്വാളിഫയേഴ്സിന്റെ മൂന്നാം റൗണ്ടിലേക്ക് അവർക്ക് നേരിട്ട് ബർത്ത് ഉറപ്പിക്കാം.

2022ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടാനുള്ള സാധ്യതകൾ ഏറെക്കുറെ അവസാനിച്ച സ്ഥിതിക്ക് ഇനിയുള്ള യോഗ്യതാ മത്സരങ്ങളിൽ പരമാവധി പോയിന്റുകൾ നേടി ഏഷ്യാ കപ്പ് യോഗ്യത നേടിയെടുക്കാനാവും ഇന്ത്യയുടെ ശ്രമം. അതേ സമയം ഇന്ത്യയെ സംബന്ധിച്ച് ഈ മത്സരം വളരെ നിർണായകമാണെങ്കിൽ ഖത്തറിന് ഒട്ടും പ്രധാനപ്പെട്ട മത്സരമല്ല ഇന്നത്തേത്. ആതിഥേയരെന്ന നിലയിൽ ലോകകപ്പ് യോഗ്യത നേരത്തെ തന്നെ ഉറപ്പിച്ചിരുന്ന അവർ 2023ലെ ഏഷ്യകപ്പിനും ഏറെക്കുറെ യോഗ്യത നേടിക്കഴിഞ്ഞു. അത് കൊണ്ടു തന്നെ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തുക മാത്രമാകും ഇനി അവരുടെ ഏക‌ ലക്ഷ്യം.

ഈ വർഷം മാർച്ചിൽ ഒമാൻ, യു എ ഇ എന്നിവർക്കെതിരെ നടന്ന മത്സരത്തിൽ കളിക്കാനില്ലാതിരുന്ന ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ, ടീമിലേക്കുള്ള മടങ്ങി വരവ് ഖത്തറിനെതിരായ മത്സരത്തിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. മുൻപ് നടന്ന സൗഹൃദ മത്സരങ്ങളിൽ പരീക്ഷണ സ്ക്വാഡുമായാണ് ഇന്ത്യ കളിച്ചിരുന്നതെങ്കിൽ ഇപ്പോൾ പരിചയസമ്പന്നരായ സീനിയർ താരങ്ങളെ പരിശീലക‌ൻ സ്റ്റിമാച്ച്‌ ടീമിനൊപ്പം കൂട്ടിയിട്ടുണ്ട്. ഇത് കൊ‌ണ്ടു തന്നെ ഖത്തറിനെതിരെ മികച്ച പോരാട്ടം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
 


Latest Related News