Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
വീണ്ടും വിജയം : ഡൽഹി പ്ലേ ഓഫിലേക്ക്

September 22, 2021

September 22, 2021

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 8 വിക്കറ്റിന്റെ തിളക്കമാർന്ന വിജയം. ഹൈദരാബാദ് ഉയർത്തിയ 135 റൺസെന്ന വിജയലക്ഷ്യം 13 പന്തുകൾ ബാക്കി നിൽക്കെയാണ് ഡൽഹി മറികടന്നത്. വിജയത്തോടെ പ്ലേഓഫ് ഘട്ടത്തിൽ ഡൽഹി ഇടമുറപ്പിച്ചപ്പോൾ, ഹൈദരാബാദിന്റെ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചു. ഡൽഹിയുടെ ദക്ഷിണാഫ്രിക്കൻ പേസ് ദ്വയമായ റബാഡയും നോർക്യയും ചേർന്നാണ് കളിയുടെ വിധിയെഴുതിയത്. അഞ്ചുവിക്കറ്റുകളാണ് ഇരുവരും ചേർന്ന് വീഴ്ത്തിയത്. 

ടോസ് ഭാഗ്യം തുണച്ച ഹൈദരാബാദ് നായകൻ കെയിൻ വില്യംസൺ ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. എന്നാൽ, മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ മുൻ നായകൻ ഡേവിഡ് വാർണറുടെ വിക്കറ്റ് ടീമിന് നഷ്ടമായി. ആൻറിച്ച് നോർക്യയുടെ പന്തിൽ സംപൂജ്യനായാണ് ഓസ്‌ട്രേലിയൻ താരം മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ വില്യംസണും, ഓപണർ വൃദ്ധിമാൻ സാഹയും ചേർന്ന് രണ്ടാം വിക്കറ്റിലൊരു കൂട്ടുകെട്ട് പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും, അഞ്ചാം ഓവറിൽ സാഹ വീണു. കംഗീസോ റബാഡയാണ് സാഹയെ മടക്കി അയച്ചത്. മധ്യനിരയിലെ വിക്കറ്റുകൾ തുരുതുരാ വീഴുന്നത് തടയുക എന്നതിലായിരുന്നു പിന്നീട് വില്യംസന്റെ ശ്രദ്ധ. റൺനിരക്ക് ഉയർത്താൻ സാധിച്ചില്ലെങ്കിലും മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് വില്യംസൺ ടീം സ്കോർ പതിയെ ചലിപ്പിച്ചു. എന്നാൽ, മൂന്ന് പന്തിനിടെ ഇരുവരെയും പുറത്താക്കി മത്സരത്തിന്റെ കടിഞ്ഞാൺ കയ്യിലാക്കാൻ ഡൽഹിക്ക് സാധിച്ചു. പിന്നീട് ക്രീസിലെത്തിയ അബ്ദുൾ സമദ്, റാഷിദ്‌ ഖാൻ എന്നിവരുടെ പ്രകടനമാണ് സൺറൈസേഴ്സിനെ നാണക്കേടിൽ നിന്നും കരകയറ്റിയത്‌. ഡൽഹിയുടെ ഫീൽഡിങ് പിഴവുകൾക്കൊപ്പം ബൗളർമാർ അനവധി നോബോളുകൾ എറിഞ്ഞതും അവസാനഘട്ടത്തിൽ സ്കോറിങിന് ആക്കം കൂട്ടി. 28 റൺസെടുത്ത അബ്ദുൾ സമദാണ് ടീമിന്റെ ടോപ്സ്‌കോറർ ആയത്. ഡൽഹിക്കായി റബാഡ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, അക്‌സർ പട്ടേൽ, ആൻറിച്ച് നോർക്യ എന്നിവർ രണ്ടുവീതം വിക്കറ്റുകൾ പങ്കിട്ടു.

സ്വതസിദ്ധമായ ആക്രമണശൈലിയിലാണ് ഡൽഹി ഓപ്പണർമാരായ ഷായും ധവാനും വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയത്. രണ്ട് ബൗണ്ടറികൾ നേടിയ പൃഥ്വി ഷാ പെട്ടെന്ന് തന്നെ പുറത്തായെങ്കിലും, ടീമിലേക്ക് മടങ്ങിയെത്തിയ ശ്രേയസ്‌ അയ്യർക്കൊപ്പം ധവാൻ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. വിജയിക്കാൻ വേണ്ട റൺനിരക്കിൽ കൃത്യമായ ശ്രദ്ധ ചെലുത്തിയ ഇരുവരും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തും, മോശം പന്തുകളെ ശിക്ഷിച്ചും മുന്നേറി. ഹൈദരാബാദ് ബൗളിങ്ങിന്റെ കുന്തമുനയായ റാഷിദ്‌ ഖാനെ കടന്നാക്രമിച്ച ഇരുവരും ഓരോ തവണ അഫ്ഗാൻ താരത്തെ നിലം തൊടാതെ അതിർത്തി കടത്തുകയും ചെയ്തു. റാഷിദ്‌ ഖാന്റെ മൂന്നാം ഓവറിൽ ധവാൻ (42) വീണെങ്കിലും ഡൽഹി അപ്പോഴേക്കും നില സുരക്ഷിതമാക്കിയിരുന്നു. അയ്യരും പന്തും പക്വതയോടെ ബാറ്റേന്തിയതോടെ ഡൽഹിക്ക് അവസാന ആറോവറിൽ കേവലം 39 റൺസ് മതിയെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ആദ്യം കരുതലോടെ ബാറ്റുവീശിയ ഡൽഹി നായകൻ പന്ത് പതിവ് ഹിറ്റിങ് മോഡിലേക്ക് മാറിയതോടെ രണ്ടിലധികം ഓവറുകൾ ബാക്കി നിൽക്കെ ടീം വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.


Latest Related News