Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അമേരിക്കൻ ആധിപത്യത്തിന് അറുതി, പശ്ചിമേഷ്യയിൽ ചൈന പിടി മുറുക്കുന്നു

March 18, 2023

March 18, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: നീണ്ട ഇടവേളക്ക് ശേഷം ശേഷം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ഇറാനും സൗദി അറേബ്യയും തീരുമാനിച്ചതോടെ മധ്യപൂര്‍വേഷ്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ സമവാക്യങ്ങള്‍ മാറ്റിയെഴുതിയേക്കാമെന്നാണ് വിലയിരുത്തുന്നത്. നയതന്ത്രബന്ധം വിച്ഛേദിച്ചിട്ട് ഏഴ് വര്‍ഷം മാത്രമാണെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകൾ പഴക്കമുള്ള പിണക്കത്തിനാണ് ചൈനയുടെ മധ്യസ്ഥതയില്‍ പരിഹാരമാകുന്നത്. പ്രാദേശിക മേധാവിത്തതിനായി പരസ്പരം പോരടിക്കുകയും പരോക്ഷമായി ഏറ്റുമുട്ടുകയും ചെയ്ത ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് പരസ്പരം കൈകോര്‍ക്കാന്‍ തീരുമാനിച്ചത് മേഖലയിലെ സംഘര്‍ഷാന്തരീക്ഷം ലഘൂകരിക്കാന്‍ സഹായിക്കും.

ഇരുകൂട്ടര്‍ക്കും നഷ്ടം മാത്രം വരുത്തിവെച്ച ഈ 'ശീതയുദ്ധം' അവസാനിക്കുന്നതോടെ പശ്ചിമേഷ്യയ്ക്ക് സുസ്ഥിരതയും സമാധാനവും നല്‍കാനും ഈ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. സിറിയയിലും യെമനിലും തുടര്‍ന്നുപോരുന്ന ആഭ്യന്തരയുദ്ധങ്ങള്‍വരെ ഇതുവഴി പരിഹരിക്കപ്പെട്ടേക്കാം.

ഇറാന്റെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി അലി ഷംഖാനി, സൗദിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസാദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്‍, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി എന്നിവര്‍ പങ്കെടുത്ത ബെയ്ജിങ്ങിലെ യോഗത്തിലാണ് നിര്‍ണായ തീരുമാനങ്ങളുണ്ടായത്.

ഏഴു വര്‍ഷം മുമ്പ് അടച്ച എംബസികള്‍ തുറക്കാനും നേരിട്ടും അല്ലാതെയുമുള്ള സായുധപോരാട്ടങ്ങള്‍ അവസാനിപ്പിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ താമസിയാതെ കൂടിക്കാഴ്ച നടത്തും. രണ്ടു മാസത്തിനകം എംബസികള്‍ തുറക്കുമെന്നും ഇരുരാജ്യങ്ങളുടെയും പരമാധികാരത്തെ ബഹുമാനിച്ചുകൊണ്ട് ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടില്ലെന്നും വ്യക്തമാക്കുന്ന സംയുക്തപ്രസ്താവന യോഗത്തിനു ശേഷം പുറത്തിറക്കി.

2016-ലാണ് നിലവിലെ പ്രശ്‌നങ്ങളുടെ തുടക്കം. പ്രമുഖ ഷിയാ നേതാവായ നിമ്‌റ് അല്‍ നിമ്‌റ്‌നെ സൗദി അറേബ്യ വധശിക്ഷക്കിരയാക്കിയതാണ് ഇറാനെ ചൊടിപ്പിച്ചത്. സൗദി അറേബ്യയില്‍ 'അറബ് വസന്തം' വിരിയിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു വധശിക്ഷ. കലാപത്തിന് കോപ്പുകൂട്ടല്‍, രാജ്യസുരക്ഷയെ അട്ടിമറിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 2012 മുതല്‍ തടവിലായിരുന്നു നിമ്‌റ്. ഷിയാകളോടുള്ള വിവേചനത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു നിമ്‌റ്. നിമ്‌റ് അല്‍ നിമ്‌റിന്റെ വധശിക്ഷ പശ്ചിമേഷ്യയെ പിടിച്ചുലയ്ക്കാന്‍ പോന്നതായിരുന്നു.

തുര്‍ക്കി, ലെബനന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെയും ഷിയ മുസ്ലീംങ്ങള്‍ പ്രതിഷേധിച്ചു. ഇന്ത്യയിലും പാകിസ്താനിലും അമേരിക്കയിലുംവരെ പ്രതിഷേധങ്ങള്‍ അരങ്ങേറി. എന്നാല്‍, ഇറാനില്‍ സൗദിക്കെതിരായ പ്രതിഷേധങ്ങള്‍ കൈവിട്ടു പോയി. പ്രതിഷേധക്കാര്‍ ടെഹ്റാനിലെ സൗദിയുടെ നയതന്ത്ര കാര്യാലയം ആക്രമിച്ചു. സൗദി എംബസിക്ക് തീവെച്ച പ്രതിഷേധക്കാര്‍ മഷാദിലെ സൗദി കോണ്‍സുലേറ്റ് കൊള്ളയടിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ നിയന്ത്രിക്കണമെന്ന സൗദിയുടെ ആവശ്യമാകട്ടെ ഇറാന്‍ ഭരണകൂടം ചെവിക്കൊണ്ടില്ല. എല്ലാം കഴിഞ്ഞ് 40 പേരെ അറസ്റ്റ് ചെയ്ത് അവര്‍ കൈ കഴുകി. അതോടെ ഇരുരാജ്യങ്ങള്‍ക്കിടയിലെയും പ്രശ്‌നം സങ്കീര്‍ണമാവുകയും ഇറാനുമായുള്ള ബന്ധം സൗദി അവസാനിപ്പിക്കുകയുമായിരുന്നു.

ഇറാനില്‍ ഭൂരിഭാഗവും ഷിയാ മുസ്ലീങ്ങളാണുള്ളത്. എന്നാല്‍, സൗദിയില്‍ സുന്നി വിഭാഗത്തിനാണു മേൽക്കൈ. മേഖലയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമമാണ് കടുത്ത വൈരത്തിലേക്ക് ഇരുരാജ്യങ്ങളേയും എത്തിച്ചത്.

ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക  https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News