Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
സാക്കിർ നഗറിൽ കഴിഞ്ഞ രണ്ടാഴ്ചയായി രാത്രിസമരം നടത്തുന്ന സ്ത്രീകൾക്ക് പറയാനുള്ളത് 

December 30, 2019

December 30, 2019

'ദി കാരവൻ മാഗസി'ന് വേണ്ടി ആതിര കോണിക്കര തയാറാക്കിയ റിപ്പോർട്ടിന്റെ സ്വതന്ത്ര വിവർത്തനം 

കഴിഞ്ഞ ഡിസംബർ 16 മുതൽ തെക്കൻ ദില്ലിയിലെ ഒഖ്‌ല പ്രദേശത്തെ സാക്കിർ നഗർ നിവാസികൾ എല്ലാ വൈകുന്നേരങ്ങളിലും മെഴുകുതിരികൾ കത്തിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിൽ പ്രതിഷേധിക്കുകയാണ്.പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കും തുടർന്നുള്ള പോലീസ് അതിക്രമങ്ങൾക്കും തുടക്കമിട്ട ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ജാമിയയിലെ വിദ്യാർത്ഥികൾക്കെതിരായ പോലീസ് അതിക്രമങ്ങളിൽ പ്രദേശവാസികളുടെ പ്രതിഷേധം ലോകത്തിന് മുന്നിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് ഈ ഗ്രാമവാസികൾ ഇത്തരമൊരു പരിപാടിയുമായി രംഗത്തെത്തിയത്.പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് സാക്കിർനഗർ നിവാസികളും വേറിട്ട സമര പരിപാടിയുമായി തെരുവിലേക്കിറങ്ങിയത്.

ഡിസംബർ 23 ന് രാത്രി ഞാൻ സാക്കിർ നഗർ സന്ദർശിച്ചപ്പോൾ സ്ഥലത്തെ പള്ളിയിലേക്കുള്ള റോഡിന് ഇരുവശവും സ്ത്രീകൾ സമാധാനപരമായി കയ്യിൽ കത്തിച്ച മെഴുകുതിരികളുമായി നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. കൂട്ടത്തിലുണ്ടായിരുന്ന കുട്ടികൾ മഹാകവി അല്ലാമാ ഇഖ്ബാലിന്റെ 'സാരേ ജഹാംസെ അച്ഛാ എന്ന കവിത ആലപിക്കുന്നുണ്ടായിരുന്നു. ദില്ലിയിലെ തണുപ്പു മൂടിയ രാത്രിയായതിനാൽ പുരുഷന്മാർ ബിസ്കറ്റും ചായയും വിതരണം ചെയ്യുന്ന തിരക്കിലായിരുന്നു. മെഴുകുതിരി കത്തിച്ച് അണിനിരന്നവരിൽ പലരും രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച നിയമത്തിന്റെ അനന്തര ഫലങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയാണ്.പല തരത്തിലുള്ള വികാരങ്ങൾ അവർ പങ്കുവെക്കുന്നുണ്ടായിരുന്നെങ്കിലും അവരുടെ ആശങ്ക അതൊന്നുമായിരുന്നില്ല. 

റോഡിന്റെ ഒരു വശത്ത് മുഴുവൻ പൗരത്വ നിയമത്തിനെതിരായ പ്ലെക്കാർഡുകൾ ഉയർത്തി സമാധാനപരമായി പ്രതിഷേധിക്കുന്ന സ്ത്രീകളായിരുന്നു. അവരിൽ ഭൂരിഭാഗവും ജീതത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നത്. 

'ഞങ്ങൾ ഇതുവരെ ഇത്തരമൊരു പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിട്ടില്ല. പക്ഷെ ഇത് രാജ്യത്തിന്റെ മുഴുവൻ പ്രശ്നമാണ്...' നിഷാത് എന്ന സ്ത്രീ പറഞ്ഞു.അവർ ഉയർത്തിപ്പിടിച്ച പ്ലെക്കാർഡിലെ വാചകങ്ങൾ ഞാൻ വായിച്ചു - ഞങ്ങൾക്ക് ലാത്തിയും വെടിയുണ്ടകളും വേണ്ട.ഞങ്ങൾക്ക് ജോലിയും ഭക്ഷണവും തരൂ എന്നായിരുന്നു അതിൽ എഴുതിയിരുന്നത്.

'ഈ സ്ത്രീകൾ മുഴുവൻ ബുർഖയും നിഖാബും ധരിച്ചവരാണ്.പക്ഷെ അവകാശങ്ങൾ സംരക്ഷിക്കാൻ ഈ സ്ത്രീകളും രാത്രിയിൽ ഇവിടെയുണ്ട്.' നിഷാത് കൂട്ടിച്ചേർത്തു.പകൽ സമയങ്ങളിൽ ജാമിയയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷമാണ് വൈകുന്നേരങ്ങളിൽ തന്റെ ഗ്രാമത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കുചേരുന്നതെന്നും നിഷാത് പറഞ്ഞു.

'ഇത്രയൊക്കെ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും പ്രധാനമന്ത്രി ഇതുവരെ ഇക്കാര്യത്തിൽ ഒരു അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അദ്ദേഹം ജിഎസ്ടി ഉൾപ്പെടെയുള്ള അധിക ബാധ്യതകൾ ചുമത്തി രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കുകയാണ്. ബാബരി മസ്ജിദ് തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങൾ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയല്ല,കുത്തക കമ്പനികളുടെയും മുതലാളിമാരുടെയും ക്ഷേമം മാത്രം മുൻനിർത്തിയാണ്.' നിഷാത് പറഞ്ഞു.രാജ്യത്തുടനീളം അലയടിക്കുന്ന പ്രതിഷേധങ്ങളിൽ അവർക്ക് പ്രതീക്ഷയുണ്ട്. മോദിക്കെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ ഭാഗമായാണ് ഈ പ്രതിഷേധങ്ങളെ കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

രാജ്യത്തിന് വേണ്ടി ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച സൈനികർക്ക് വേണ്ടി പോലും ഒന്നും ചെയ്യാത്ത മോദി സാധാരണക്കാരായ മുസ്‌ലിംകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാൻ ഒരു വകയുമില്ലെന്ന് പ്രതിഷേധത്തിൽ അണിനിരന്ന ഫൗസിയ പറയുന്നു. 'അതിർത്തിയിൽ പോരാടുന്ന സൈനികരോട് മോദി എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ കണ്ടതല്ലേ...അവരുടെ ജീവൻ ഒറ്റിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിയുമെങ്കിൽ ഞങ്ങൾക്ക് എന്ത് പ്രസക്തിയാണ് ഉള്ളത്? ഫെബ്രുവരി 14 ന് കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ നമ്മുടെ സുരക്ഷയ്ക്കായി ഇന്ത്യൻ സൈനികർ ജീവൻ ബലികഴിക്കുമ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി ഡിസ്കവറി ചാനലിന് വേണ്ടിയുള്ള ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു.കേന്ദ്രസേനയിലെ നാല്പതോളം സൈനികർക്കാണ് അന്ന് പുൽവാമയിൽ ജീവൻ വെടിയേണ്ടി വന്നത്. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടന്ന ഭാരതീയ ജനതാ പാർട്ടിയുടെ റാലികളിലാണ് പുൽവാമ ആക്രമണത്തെക്കുറിച്ച് മോദി പരാമർശിച്ചത്.'

ഇന്ത്യൻ ഭരണഘടനാ ശില്പിയായ ഡോ.ബി.ആർ അംബേദ്കറുടെ ചിത്രവുമായാണ് ഫൗസിയ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയത്. 

'ഇന്ത്യയുടെ മതേതര ഭരണഘടനയെ സാമുദായിക സ്വഭാവങ്ങളുമായി താരതമ്യം ചെയ്യാനാണ് മോദി ശ്രമിക്കുന്നത്. അംബേദ്‌കർ ഹിന്ദുക്കൾക്കോ മുസ്ലീങ്ങൾക്കോ സിഖുകാർക്കോ ക്രിസ്ത്യാനികൾക്കോ വേണ്ടി മാത്രം നിയമങ്ങൾ ഉണ്ടാക്കിയിട്ടില്ല.എല്ലാവർക്കും വേണ്ടിയാണ് നിയമങ്ങൾ ഉണ്ടാക്കിയത്.നിയമങ്ങളിൽ അദ്ദേഹം ഒരുവിഭാഗത്തിന് വേണ്ടിയും പക്ഷഭേദം പുലർത്തിയിരുന്നില്ല.'- ഫൗസിയ പറഞ്ഞു.

സമാധാനപരമായ പ്രതിഷേധത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് സമരത്തിൽ അണിനിരന്ന ശബാന ഊന്നിപ്പറഞ്ഞത്.ഒരു തരത്തിലുള്ള അക്രമ പ്രവർത്തനങ്ങളിലും ഏർപെടാത്തതിനാൽ  ഈ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ തനിക്ക് ഭയമോ ലജ്ജയോ തോന്നുന്നില്ലെന്ന് അവർ പറഞ്ഞു.അല്ലാഹു അനുഗ്രഹിച്ചാൽ മോദി സർക്കാർ നിയമം പിൻവലിക്കുന്നത് വരെ ഞങ്ങൾ പ്രതിഷേധം തുടരുമെന്നും ശബാന പറഞ്ഞു.

ഞങ്ങൾ നിങ്ങൾക്കായി നിലകൊള്ളുന്നു, അതിനാൽ ദയവായി ഞങ്ങൾക്ക് വേണ്ടി നിലകൊള്ളുക എന്നത് മാത്രമാണ് പൊതുജനങ്ങളോടുള്ള തന്റെ അഭ്യർത്ഥനയെന്ന് സമരത്തിൽ പങ്കെടുത്ത മറ്റൊരു മുസ്‌ലിം യുവതി പറഞ്ഞു. ഹിന്ദുക്കളെ തമ്മിൽ ഭിന്നിപ്പിക്കാനും മോദി ശ്രമിക്കുന്നതായി അവർ കൂട്ടിച്ചേർത്തു. ഈ നിയമം നടപ്പിലാക്കിയതിന് ശേഷം മോദി ഹിന്ദു സമുദായങ്ങൾക്ക് നേരെ തിരിയില്ലെന്ന് എന്താണ് ഉറപ്പെന്ന് ഫൗസിയ ചോദിക്കുന്നു. ഹിന്ദു സമുദായങ്ങളെ ജാതീയമായി വേർതിരിക്കാനുള്ള മോദി സർക്കാരിന്റെ അജണ്ടയുടെ ഭാഗമാണ് ഈ നിയമമെന്ന് സമരത്തിൽ പങ്കെടുത്ത നസീമ ആരോപിച്ചു.

രാജ്യത്തിന്റെ ചരിത്രത്തിൽ നിന്നും മുസ്‌ലിം ഭാഗധേയത്തെ മായ്ച്ചു കളയാനാണ് മോദി ശ്രമിക്കുന്നതെന്ന് സാക്കിർനഗറിലെ സ്ത്രീകൾ ആരോപിക്കുന്നു.രാജ്യത്തെ നഗരങ്ങൾ മുസ്ലിം പേരുകളിൽ അറിയപ്പെടുന്നതിൽ നിങ്ങൾക്ക് എന്താണ് പ്രശ്നമെന്നാണ് അവർ ഉന്നയിക്കുന്ന പ്രധാന ചോദ്യം. മുസ്ലിം പേരുകൾ പോലും സഹിക്കാൻ കഴിയാത്ത നിങ്ങൾക്ക് എങ്ങനെ ഈ ജനതയെ ഉൾകൊള്ളാൻ കഴിയും? രാജ്യത്ത് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചത് ജാമിയ മില്ലിയയിലാണ്. തെറ്റും ശരിയും എന്താണെന്ന് തിരിച്ചറിയാൻ അവിടെയുള്ള വിദ്യാർത്ഥികൾക്ക് കഴിയും.ജാമിയയിലെ വിദ്യാർത്ഥികൾ ഞങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നു എന്നതു തന്നെയാണ് പ്രധാനം. ഏതെങ്കിലുമൊരു മതത്തിന്റെ അടിസ്ഥാനത്തിൽ മതേതര ഇന്ത്യയിൽ ഒരു നിയമവും രൂപപ്പെടുത്താൻ കഴിയില്ലെന്നാണ് എല്ലാവരും വിശ്വസിക്കുന്നതെന്നും സാക്കിർ നഗറിലെ സ്ത്രീകൾ പറയുന്നു.


Latest Related News