Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അമീര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ അല്‍ റയ്യാന്‍ സ്‌റ്റേഡിയത്തില്‍ 20,000 പേര്‍ക്ക് പ്രവേശിക്കാം; കാണികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അറിയാം

December 08, 2020

December 08, 2020

ദോഹ: അമീര്‍ കപ്പിന്റെ ഫൈനല്‍ മത്സരം നടക്കുന്ന അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ ആകെ ശേഷിയുടെ 50 ശതമാനം പേരെ പ്രവേശിപ്പിക്കും. ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രധാന വേദിയായ ഈ സ്റ്റേഡിയത്തില്‍ 40,000 പേര്‍ക്ക് ഇരുന്ന് കളി കാണാം. അല്‍ സദ്ദ് ക്ലബ്ബും അല്‍ അറബി ക്ലബ്ബും തമ്മില്‍ കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന അമീര്‍ കപ്പ് ഫൈനല്‍ മത്സരത്തില്‍ സ്റ്റേഡിയത്തിലേക്ക് 20,000 പേരെ പ്രവേശിപ്പിക്കും. 

ഖത്തറിന്റെ ദേശീയ ദിനമായ ഡിസംബര്‍ 18 നാണ് അമീര്‍ കപ്പിന്റെ ഫൈനല്‍ മത്സരം നടക്കുക. ഇരു ക്ലബ്ബുകളുടെയും ആരാധകര്‍ക്കും കൊവിഡിനെതിരെ പോരാടിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ടിക്കറ്റ് നല്‍കുന്നതില്‍ മുന്‍ഗണന. 

നിയന്ത്രണങ്ങളുടെ ഭാഗമായി ഒരാള്‍ക്ക് ഒരു ടിക്കറ്റ് മാത്രമേ നല്‍കൂ. ടിക്കറ്റ് വാങ്ങുന്ന ആളുടെ ഖത്തര്‍ ഐ.ഡിയുമായി ടിക്കറ്റ് ലിങ്ക് ചെയ്യും. ടിക്കറ്റുകള്‍ കൈമാറ്റം ചെയ്യാന്‍ കഴിയില്ല.

ഫേസ് മാസ്‌ക് ധരിച്ചു മാത്രമേ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. സ്റ്റേഡിയത്തില്‍ പ്രവേശിക്കുമ്പോള്‍ എല്ലാവരും എഹ്‌തെറാസ് ആപ്പ് കാണിക്കണം. അനുവദിക്കപ്പെട്ട സീറ്റില്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. ശാരീരിക അകലം കര്‍ശനമായി പാലിക്കണം. 

സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്ന എല്ലാവരും കൊവിഡ്-19 ആന്റിബോഡി പരിശോധനയുടെ പോസിറ്റീവ് ഫലമോ കൊവിഡ്-19 നെഗറ്റീവ് ആണെന്ന പരിശോധനാ ഫലമോ ഹാജരാക്കണമെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും പൊതുജനാരോഗ്യ മന്ത്രാലയവും നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. 

ഖത്തര്‍ ലോകകപ്പിനായി നിര്‍മ്മാണം പൂര്‍ത്തിയാവാനുള്ള നാലാമത്തെ സ്റ്റേഡിയമാണ് അല്‍ റയ്യാന്‍. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും അമീര്‍ കപ്പിന്റെ ഫൈനല്‍ മത്സരവും നടക്കാന്‍ പോകുന്നത് ഫിഫ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിന് പന്തുരുളുന്നതിന്റെ കൃത്യം രണ്ടുവര്‍ഷം മുമ്പാണ്. വൈകീട്ട് ഏഴു മണിക്കാണ് അമീര്‍ കപ്പ് ഫൈനല്‍ മത്സരം നടക്കുക. 

ഫാന്‍ സോണുകളിലും ശാരീരിക അകലം കര്‍ശനമായി പാലിക്കണം. വൈകീട്ട് നാല് മണി മുതല്‍ ആറു മണി വരെയും മത്സരത്തിന് ശേഷം രാത്രി ഒമ്പതു മണി മുതലും ഫാന്‍ സോണ്‍ തുറക്കും. ദോഹ മെട്രോയില്‍ ശാരീരിക അകലം ഉറപ്പു വരുത്താനായി ഫാന്‍ സോണിലോ മാള്‍ ഓഫ് ഖത്തറിലോ സമയം ചെലവഴിക്കാന്‍ ആരാധകരെ പ്രോത്സാഹിപ്പിക്കും. 

അമീര്‍ കപ്പ് ഫൈനല്‍ മത്സരം കാണാനുള്ള ടിക്കറ്റ് ഓൺലൈനായി എടുക്കാനും ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാനുമായി tickets.qfa.qa എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

സുപ്രീം കമ്മിറ്റി നടപ്പാക്കിയ നടപടികള്‍ക്ക് അനുസരിച്ച് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് തങ്ങളുടെ മുന്‍ഗണനയെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (ക്യു.എഫ്.എ) മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഖാലിദ് അല്‍ കുവാരി പറഞ്ഞു. ഫൈനലില്‍ എത്തിയ അല്‍ സദ്ദ് ക്ലബ്ബിനെയും അല്‍ അറബി ക്ലബ്ബിനെയും അദ്ദേഹം അഭിനന്ദിച്ചു. നിരവധി പേര്‍ ഇതിനകം തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയം നിലനിന്നിരുന്ന സ്ഥലത്താണ് അല്‍ റയ്യാന്‍ സ്‌റ്റേഡിയം നിര്‍മ്മിച്ചത്. മാള്‍ ഓഫ് ഖത്തറിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന അല്‍ റയ്യാന്‍ സ്‌റ്റേഡിയത്തിലേക്ക് ദോഹ മെട്രോയുടെ ഗ്രീന്‍ ലൈനിലെ അല്‍ റിഫ സ്റ്റേഷനില്‍ നിന്ന് നടക്കാനുള്ള ദൂരം മാത്രമേയുള്ളൂ.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News