May 01, 2024
May 01, 2024
ദോഹ: പ്രകൃതി ദുരന്തങ്ങളും സംഘർഷങ്ങളും മൂലം അഭയാർത്ഥികളായവർക്ക് ഭക്ഷണവും മരുന്നും ഉൾപ്പെടെ അവശ്യവസ്തുക്കൾ എത്തിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈകമീഷനുമായി (യു.എൻ.എച്ച്.സി.ആർ) ഖത്തർ എയർവേസ് ഒപ്പുവെച്ച കരാർ നീട്ടി. രണ്ട് വർഷത്തേക്ക് കൂടിയാണ് കരാർ നീട്ടിയത്. 2025 വരെ 400 ടൺ സൗജന്യ സഹായം യു.എൻ.എച്ച്.സി.ആറിനായി നൽകുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. ദോഹയിൽ ഞായറാഴ്ച (ഏപ്രിൽ 28) നടന്ന ഔദ്യോഗിക ചടങ്ങിലാണ് കരാർ ഒപ്പുവെച്ചത്.
കോവിഡ് മഹാമാരിക്കിടയിൽ 2020ലാണ് ആദ്യമായി യു.എൻ.എച്ച്.സി.ആർ ഖത്തർ എയർവേസുമായി കരാർ ഒപ്പുവെക്കുന്നത്. അഭയാർത്ഥികളെ സഹായിക്കുന്നതിനായുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമായി ഇത് മൂന്നാം തവണയാണ് ഇരുവരും കരാർ നീട്ടുന്നത്. ചടങ്ങിൽ ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജിനീയർ ബദർ മുഹമ്മദ് അൽ മീറും, യു.എൻ.എച്ച്.സി.ആർ തലവൻ ഫിലിപ്പോ ഗ്രാൻഡിയും പങ്കെടുത്തു.
പിറന്ന മണ്ണിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട്, വിവിധയിടങ്ങളിൽ അഭയം തേടിയ സമൂഹങ്ങളെ സുരക്ഷിതമായി നിലനിർത്തുന്നതിന് വെള്ളം, വൈദ്യ ചികിത്സ, ശുചിത്വ സാമഗ്രികൾ എന്നിവയുൾപ്പെടെയുള്ള ജീവൻ രക്ഷാ പിന്തുണ നൽകാൻ യു.എൻ ഏജൻസിക്ക് വിശാലമായ സാധ്യതകളാണുള്ളതെന്ന് അൽമീർ പറഞ്ഞു.
ലോകത്തെ അഭയാർത്ഥികളുടെ എണ്ണം 114 ദശലക്ഷം കവിഞ്ഞെന്ന് യു.എൻ അഭയാർഥി തലവൻ പറഞ്ഞു. ഖത്തറിന്റേത് വിലമതിക്കാനാവാത്ത പിന്തുണയാണെന്നും ഈ പങ്കാളിത്തം അതുല്യമാണെന്നും ലോകത്തിന്റെ മറ്റുഭാഗത്തുള്ള എയർലൈനുകളൊന്നും ഖത്തർ എയർവേസ് വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ നൽകുന്നില്ലെന്നും യു.എൻ തലവൻ ഊന്നിപ്പറഞ്ഞു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F