April 28, 2024
April 28, 2024
വാഷിംഗ്ടണ്‍: ഹമാസുമായുള്ള ഇസ്രായേല്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎസ് സര്‍വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നു.
ഇതിനോടകം 550-ലധികം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചില സര്‍വകലാശാലകളില്‍ പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുകള്‍ നടന്നു. അറ്റ്ലാന്റയിലെ എമോറി യൂണിവേഴ്സിറ്റിയില്‍ പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു.
പ്രതിഷേധം സമാധാനപരമായിരുന്നു എന്നും കോളേജ് അഡ്മിനിസ്ട്രേറ്റര്‍മാരുടെ നിര്‍ദേശപ്രകാരം ലോ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണമഴിച്ചു വിടുകയായിരുന്നു എന്നും പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പറയുന്നു. ഗ്വാട്ടിമാലയിലെ ആഭ്യന്തരയുദ്ധത്തെ ഓര്‍മ്മിക്കും വിധമാണ് പൊലീസും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടിയത് എന്ന് സര്‍വകലാശാലയിലെ ഇംഗ്ലീഷ്, തദ്ദേശീയ പഠനങ്ങളുടെ പ്രൊഫസര്‍ എമില്‍ കെം പറഞ്ഞു.
'പൊലീസ് ഉടന്‍ തന്നെ ആളുകളെ നീക്കാന്‍ തുടങ്ങി. പൊലീസും അവരുടെ ആയുധങ്ങളും റബ്ബര്‍ ബുള്ളറ്റുകളും നിറഞ്ഞ ക്യാംപസ് ഒരു യുദ്ധമേഖലയാണെന്ന് എനിക്ക് തോന്നി. ഞങ്ങളെ തള്ളിമാറ്റി,' അദ്ദേഹം പറഞ്ഞു. അറ്റ്ലാന്റ പൊലീസും ജോര്‍ജിയ സൈനികരും ചേര്‍ന്ന് ക്യാമ്ബസിനുള്ളില്‍ സംയുക്ത ഓപ്പറേഷന്‍ നടത്തി സ്‌കൂളിന്റെ ക്വാഡ്രാങ്കിളില്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്ന ടെന്റുകളും ക്യാമ്ബുകളും പൊളിച്ചുനീക്കി.
വിദ്യാര്‍ത്ഥികളുമായി പൊലീസ് ഏറ്റുമുട്ടുന്നതിന്റെ വീഡിയോകള്‍ ഞെട്ടിപ്പിക്കുന്നതാണ് എന്ന് സ്‌കൂള്‍ പ്രസിഡന്റ് പറഞ്ഞു. ഇസ്രായേല്‍- ഹമാസ് യുദ്ധത്തില്‍ പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച് യുദ്ധത്തില്‍ പലസ്തീനിലെ മരണസംഖ്യ 34,305 ആയി ഉയര്‍ന്നിരിക്കുകയാണ്.
ഇസ്രയേലുമായി ബന്ധപ്പെട്ട തങ്ങളുടെ നിക്ഷേപം സര്‍വകലാശാലകള്‍ വെട്ടിക്കുറയ്ക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി പ്രക്ഷോഭം രണ്ടാഴ്ചയിലേറെയായി ആരംഭിച്ചിട്ട്. അതിനിടെ പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായ കൊളംബിയ സര്‍വകലാശാലയില്‍ കഴിഞ്ഞ രണ്ട് ദിവസവും സമരക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. പ്രതിഷേധം തുടരുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
കൊളംബിയയില്‍ നിന്നാണ് ക്യാംപസില്‍ കുടില്‍കെട്ടിയുള്ള പ്രതിഷേധം ആരംഭിച്ചത്. ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ സര്‍വകലാശാലയില്‍ കുടില്‍കെട്ടി സമരം ചെയ്ത നൂറോളം പേരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയിരുന്നു. കൊളറാഡോയില്‍ ഡെന്‍വറേസ് ഒറേറിയ ക്യാംപസില്‍ 40 വിദ്യാര്‍ഥികളും ഇന്‍ഡ്യാന യൂണിവേഴ്‌സിറ്റിയില്‍ 34 വിദ്യാര്‍ത്ഥികളും അറസ്റ്റിലായിട്ടുണ്ട്.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മേയ് 10 ന് നടത്താനിരുന്ന ബിരുദദാന ചടങ്ങ് യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കലിഫോര്‍ണിയ റദ്ദാക്കിയിരുന്നു. ഇവിടെ 90 വിദ്യാര്‍ത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F