December 25, 2023
December 25, 2023
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 128 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി. ഒരു കോവിഡ് മരണവും ഇന്നലെ (ഞായർ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ 77 ശതമാനം കൊവിഡ് രോഗികളും നിലവിൽ കേരളത്തിലാണ്.
ഇന്ത്യയിൽ ഇന്നലെ (ഞായർ) മാത്രം 312 കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 315 പേർ രോഗമുക്തി നേടി. രാജ്യത്താകെ കൊവിഡ് ഭേദമായവരുടെ എണ്ണം 4.44 കോടിയായി. കൊവിഡ് മരണങ്ങൾ 5,33,334 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കി.
മഹാരാഷ്ട്രയിലും കൊവിഡ് രോഗികൾ ഉയരുകയാണ്. ഇന്നലെ 50 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. കൂടാതെ, മഹാരാഷ്ട്രയിലെ താനെയില്‍ നവംബർ 30 മുതൽ പരിശോധിച്ച 20 സാമ്പിളുകളിൽ അഞ്ച് കേസുകളും ജെഎൻ 1 ആണെന്ന് കണ്ടെത്തി.
കേരളത്തില്‍ നിന്ന് കർണാടകയിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളില്‍ രോഗലക്ഷണങ്ങൾ കണ്ടാല്‍ ഉടന്‍ പരിശോധന നടത്താന്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. കേരളത്തില്‍ കൊവിഡ് ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ണാടകയുടെ നടപടി. ഇതിനിടയില്‍ കര്‍ണാടകയില്‍ കൊവിഡ് വകഭേദമായ ജെഎന്‍-1 റിപ്പോർട്ട് ചെയ്തു. ഉഡുപ്പി സ്വദേശിയായ 82 വയസുകാരനാണ് ജെഎന്‍-1 സ്ഥിരീകരിച്ചത്.
അതേസമയം വിമാനത്താവളങ്ങളിൽ തൽക്കാലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടെന്നാണ് കേന്ദ്ര തീരുമാനം. വിമാനത്താവളങ്ങളിൽ പരിശോധന നിർബന്ധമാക്കില്ല. കൊവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാനും കേന്ദ്രം നിർദേശിച്ചു. നിലവില്‍ ആശങ്ക വേണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എന്നാൽ, രോഗലക്ഷണങ്ങൾ ഉള്ളവർ മാസ്ക് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകളെടുക്കാനും നിര്‍ദേശമുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F