October 29, 2023
October 29, 2023
കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടര്‍ച്ചയായി സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പോലീസ് അതീവ ജാഗ്രത നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും സുരക്ഷ കര്‍ശനമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചു. നിലവില്‍ സിസിടിവിയില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നീല കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. എന്‍ഐഎ സംഘവും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കുകയാണ്.
കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത് ബോംബ് സ്‌ഫോടനമെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് സ്ഥിരീകരിച്ചു. അകലെ നിന്ന് നിയന്ത്രിക്കാവുന്ന വീര്യം കുറഞ്ഞ ഐഇഡി വസ്തുക്കള്‍ ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് നടന്നതെന്നും ടിഫിന്‍ ബോക്‌സിലായിരിക്കാം വസ്തു ഘടിപ്പിച്ചതെന്നാണ് പ്രഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നതെന്നും ഡിജിപി വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ബോംബ് വെച്ചത് താനാണെന്ന് കൊച്ചി സ്വദേശി വെളിപ്പെടുത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. തൃശ്ശൂര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ ആളെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ സംശയം തോന്നിയ ഗുജറാത്ത് സ്വദേശിയെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പോലീസ് പിടികൂടിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് രാവിലെ 9.40നാണ് കൊച്ചി കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം ഉണ്ടായത്. രണ്ടായിരത്തി അഞ്ചൂറോളം പേര്‍ പങ്കെടുത്ത യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനയ്ക്കിടെ തുടരെ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 52 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റതില്‍ ഒരു കുട്ടി ഉള്‍പ്പെടെ 18 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ ആറ് പേരുടെ നില ഗുരുതരമെന്നും അന്‍പത് ശതമാനത്തിലധികം പൊള്ളലേറ്റ പന്ത്രണ്ട് വയസ്സുള്ള കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F