October 29, 2023
October 29, 2023
കൊച്ചി: കളമേശ്ശേരിയില്‍ ഇന്ന് രാവിലെ നടന്ന സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊച്ചി സ്വദേശി ഡൊമനിക് മാര്‍ട്ടിന്‍. ഫേസ്ബുക്ക് വീഡിയോയിലൂടെ താനാണ് ബോംബ് വെച്ചതെന്ന് ഡൊമനിക് വെളിപ്പെടുത്തി. വീഡിയോ പോസ്റ്റ് ചെയ്ത ശേഷം കൊടകര പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു.
ഡൊമിനിക്കിന്റെ എറണാകുളം തമ്മനത്തെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് ഭാര്യയില്‍ നിന്നും മൊഴിയെടുത്തു. ഇയാളാണ് ബോംബ് വെച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചതായാണ് വിവരം. മൊബൈല്‍ ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
'സ്‌ഫോടനത്തിന് പിന്നില്‍ താനാണ്. 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണ്. യഹോവ സാക്ഷികള്‍ തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. തിരുത്തണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല' എന്നിങ്ങനെയാണ് വിഡിയോയില്‍ ഡൊമനിക് പറയുന്നത്. പോലീസില്‍ കീഴടങ്ങുകയാണെന്ന് പറഞ്ഞാണ് ഡൊമനിക് വീഡിയോ അവസാനിപ്പിച്ചത്. അതേസമയം വീഡിയോ പ്രചരിച്ചതിന് മിനിറ്റുകള്‍ക്ക് ശേഷം വീഡിയോയും ഫേസ്ബുക്ക് പേജും അപ്രത്യക്ഷമായി.
കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും സ്‌ഫോടനത്തിന് മുമ്പ് അതിവേഗത്തില്‍ കടന്നു പോയ നീല കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. കാറിന്റെ നമ്പര്‍പ്ലേറ്റ് വ്യാജമെന്നാണ് നിലവിലെ വിവരം. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ത്രീയെ സംബന്ധിച്ചും അന്വേഷണം നടക്കുന്നതായാണ് വിവരം.
ഇന്ന് രാവിലെ 9.40ഓടെയാണ് കൊച്ചി കളമശ്ശേരിയില്‍ സമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനായോഗത്തിനിടെ തുടരെ സ്‌ഫോടനം ഉണ്ടായത്. 2500 വിശ്വാസികള്‍ പങ്കെടുത്ത പ്രാര്‍ത്ഥനയില്‍ ഹാളിന്റെ മധ്യത്താണ് സ്‌ഫോടനമുണ്ടായത്. ഒരു സ്ത്രീ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഏഴ് പേരുടെ നിലഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ പന്ത്രണ്ട് വയസ്സുള്ള കുട്ടി വെന്റിലേറ്ററിലാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F