Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
‘സുൽത്താൻ വാരിയംകുന്നൻ’,പുസ്തക പ്രകാശനം ഒക്ടോബർ 29ന് മലപ്പുറത്ത്

October 14, 2021

October 14, 2021

കോഴിക്കോട് : സ്വാതന്ത്ര്യ സമര സേനാനിയായി രക്തസാക്ഷ്യം വരിച്ച  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് നിർമിക്കാനിരുന്ന സിനിമ വിവാദമായതിനു പിന്നാലെ അദ്ദേഹത്തിന്റെ ജീവിതം  പുസ്തകമാക്കാനൊരുങ്ങുകായാണ് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. വാരിയംകുന്നന്റെ യഥാര്‍ത്ഥ ഫോട്ടോയും കഴിഞ്ഞ പത്ത് വര്‍ഷങ്ങളായ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച്‌ ശേഖരിച്ച അമൂല്യ  രേഖകളും പുസ്തകത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തിന്റെ പേര് . ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’എന്നാണ്.ഒക്ടോബർ 29 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺ ഹാളിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകൾ വാരിയംകുന്നത്ത് ഹാജറ പുസ്തകം പ്രകാശനം ചെയ്യും. പുസ്തകത്തിന്റെ പ്രീ ബുക്കിങ് ഇന്നാരംഭിക്കും. ഫേസ്ബുക് പോസ്റ്റിലൂടെയാണ് റമീസ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബൂക് പോസ്റ്റിന്റെ പൂർണരൂപം.

കഴിഞ്ഞ പത്ത് വർഷങ്ങളായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ഗവേഷണത്തിലാണ് ഞാനടങ്ങുന്ന ഒരു റിസർച്ച് ടീം. ഈ ഗവേഷണ കാലയളവിൽ, അജ്ഞാതമായിരുന്ന പല വിവരങ്ങളും രേഖകളും ദൈവാനുഗ്രഹത്താൽ ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി. അതിൽ എറ്റവും പ്രധാനപ്പെട്ടതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ. രക്തസാക്ഷിയായിട്ട് നൂറ് വർഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആർക്കൈവുകളിൽ നിന്നാണ് ഞങ്ങൾക്ക് ലഭിച്ചത്. അതിനു പുറമേ വേറെയും അനേകം അമൂല്യമായ ചിത്രങ്ങൾ പലയിടത്തുനിന്നുമായി ഞങ്ങൾക്ക് ലഭിച്ചു. 1921ൽ നടന്ന ചില യുദ്ധങ്ങളുടെയടക്കമുള്ള അപൂർവഫോട്ടോകൾ അവയിലുൾപ്പെടും.
എറ്റവും ഞെട്ടിച്ച മറ്റൊരു പ്രധാന രേഖയായിരുന്നു വാരിയംകുന്നൻ അമേരിക്കയിലേക്ക് അയച്ച സന്ദേശം. ശക്തവും സുന്ദരവുമായ ഭാഷയിൽ എഴുതിയ ആ സന്ദേശം അന്നത്തെ അമേരിക്കൻ പത്രങ്ങളിൽ വാർത്തയായിരുന്നു. അതു പോലെ ബ്രിട്ടൺ, ഓസ്റ്റ്രേലിയ, ഫ്രാൻസ്, യു എസ് എ, കാനഡ, സിംഗപ്പൂർ മുതലായ അനേകം രാജ്യങ്ങളുടെ ന്യൂസ് ആർക്കൈവുകളിൽ വാരിയംകുന്നനെയും അദ്ദേഹത്തിന്റെ പോരാട്ടത്തെയും പരാമർശിക്കുന്ന ഒട്ടനവധി രേഖകളും ഫോട്ടോകളും എല്ലാം കണ്ടെത്താൻ കഴിഞ്ഞു എന്നതും വളരെയധികം അഭിമാനമായി കരുതുന്നു. ഇതെല്ലാം വാരിയംകുന്നനും അദ്ദേഹത്തിന്റെ സമരവും എത്രമാത്രം അന്താരാഷ്ട്രശ്രദ്ധ കരസ്ഥമാക്കിയിരുന്നു എന്നതിന്റെ നേർചിത്രങ്ങളാണ്.
ഈ കണ്ടെത്തലുകളെല്ലാം ഇത്രയും കാലം ഞങ്ങളുടേത് മാത്രമായിരുന്നു. എന്നാൽ ഇനിയത് അങ്ങനെയല്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ഞാൻ എഴുതിയ ജീവചരിത്രപുസ്തകത്തിലൂടെ ഈ രേഖകളെല്ലാം എല്ലാവരുമായും ഞങ്ങൾ പങ്കുവയ്ക്കുകയാണ്. ‘സുൽത്താൻ വാരിയംകുന്നൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിന്റെ മുഖചിത്രം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥഫോട്ടോ ആയിരിക്കും. അതെ, വാരിയംകുന്നന്റെ ഫോട്ടോ മുഖചിത്രമാക്കി ആദ്യമായി ഒരു പുസ്തകം ഇറങ്ങുകയാണ്.
ആ പുസ്തകം, ഈ വരുന്ന ഒക്ടോബർ 29 വെള്ളിയാഴ്ച 4 PMന്, മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺ ഹാളിൽ വച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകൾ വാരിയംകുന്നത്ത് ഹാജറ പ്രകാശനം ചെയ്യും. രാഷ്ട്രീയ, സാഹിത്യ, ചരിത്ര, ചലചിത്ര, മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഇൻഷാ അല്ലാഹ്
എല്ലാവരുടെയും സഹകരണവും പ്രാർഥനയും പ്രതീക്ഷിക്കുന്നു..
(പുസ്തകത്തിന്റെ പ്രീബുക്കിംഗ് നാളെ മുതൽ ആരംഭിക്കും.)

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക.

 

 


Latest Related News