July 21, 2020
July 21, 2020
മസ്കത്ത് : ഒമാനിൽ കോവിഡ് വ്യാപനത്തിൽ കുറവുണ്ടാവാത്ത സാഹചര്യത്തിൽ ജൂലൈ 25 മുതൽ രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതൽ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളും അടച്ചിടാൻ ഇന്ന് നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്.ആഗസ്റ്റ് എട്ടുവരെ ലോക്ഡൗൺ നിലവിലുണ്ടാകും. രണ്ടാഴ്ച നീളുന്ന ലോക്ഡൗൺ കാലയളവിൽ രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെ രാജ്യത്തെ എല്ലാതരം സഞ്ചാരങ്ങൾക്കും വിലക്കുണ്ടാവും.പൊതുസ്ഥലങ്ങളും കടകളും ഇക്കാലയളവിൽ അടച്ചിടാനും തീരുമാനിച്ചു. ഒരു തരത്തിലുള്ള ഒത്തുചേരലുകളും പ്രത്യേകിച്ച് ബലിപെരുന്നാൾ പ്രാർഥനകൾ, പരമ്പരാഗത ഈദ് വിപണികൾ, പെരുന്നാൾ സന്ദർശനങ്ങൾ എന്നിവ പാടില്ലെന്നും സുപ്രീംകമ്മിറ്റി അറിയിച്ചു.
ഇതിനിടെ,കഴിഞ്ഞ 24 മണിക്കൂറിനിടെ 1487 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 69,887 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1159 പേർ സ്വദേശികളും 328 പേർ വിദേശികളുമാണ്.പതിനൊന്നു പേരാണ് കോവിഡ് ചികിത്സയിലിരിക്കെ പുതുതായി മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 337 ആയി.
1458 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ ത്സുഖം പ്രാപിച്ചവർ 46,608 ആയി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക