Breaking News
ഇന്ത്യയുടെ കാര്യം അവർ നോക്കും,ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിൽ താൽപര്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് | ഗൾഫിലുള്ളത് മികച്ച ഭരണാധികാരികൾ,ഖത്തറുമായുള്ള ബന്ധം ആർക്കും തകർക്കാൻ കഴിയില്ലെന്ന് ട്രംപ് | അമേരിക്കയുമായുള്ള സംഘർഷം ഒഴിവാക്കിയതിന് ഇറാൻ ഖത്തറിന് നന്ദി പറയണമെന്ന് ട്രംപ് | മുകേഷ് അംബാനി ഡൊണാൾഡ് ട്രംപുമായും ഖത്തർ അമീറുമായും ദോഹയിൽ കൂടിക്കാഴ്ച നടത്തി | ഒടുവിൽ വിധി വന്നു,കുവൈത്തിൽ ലാബർ ക്യാംപിന് തീപിടിച്ച് 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ച സംഭവത്തിൽ പ്രതികൾക്ക് തടവ് ശിക്ഷ | അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; യാത്രക്കാരന്റെ ബാഗിൽ നിന്ന് 5 കിലോ കഞ്ചാവ് കണ്ടെത്തി | ഖത്തർ എയർവെയ്സിനായി 160 ബോയിങ് വിമാനങ്ങൾ വാങ്ങും,കരാറിൽ ഖത്തറും അമേരിക്കയും ഒപ്പുവെച്ചു | നിർണായക പ്രഖ്യാപനങ്ങളുണ്ടായില്ല,ഖത്തറും യു.എസും വിവിധ പ്രതിരോധ-വ്യാപാര കരാറുകളിൽ ഒപ്പുവെച്ചു | ദോഹയിൽ നിന്നുള്ള വിമാനത്തിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം, പ്രതിയ്ക്ക് ആറ് വർഷം തടവ് | ഗൾഫ് രാജ്യങ്ങളിലെ വാർത്താ ഏജൻസികൾക്കായി ഏകീകൃത ആപ് പുറത്തിറക്കി |
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് അന്തരിച്ചു 

January 11, 2020

January 11, 2020

മസ്കത്ത് :  ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു. 79 വയസായിരുന്നു. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. 49 വര്‍ഷമായി ഒമാന്റെ ഭരണാധികാരിയായി തുടർന്ന അദ്ദേഹം ആധുനിക ഒമാന്റെ ശില്‍പിയായാണ്  അറിയപ്പെടുന്നത്. ഭരണത്തില്‍ 50 വര്‍ഷം തികയ്ക്കാന്‍ ഏഴ് മാസം ബാക്കി നില്‍ക്കെയായിരുന്നു അന്ത്യം.സുല്‍ത്താന്റെ മരണത്തെ തുടര്‍ന്ന് ഒമാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒമാനിൽ മൂന്ന് ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സുല്‍ത്താന്റെ മരണത്തെ തുടര്‍ന്ന് പുതിയ ഭരണാധികാരിയെ കണ്ടെത്താൻ തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണ്.ഇതിനായി രാജകുടുംബവും ഉന്നത സൈനിക സമിതിയും അടിയന്തര യോഗം ചേരും.

49 വര്‍ഷം തുടര്‍ച്ചയായി രാഷ്ട്രപിതാവ്, പ്രസിഡന്റ്, പ്രധാനമന്ത്രി, സൈനിക മേധാവി തുടങ്ങി എല്ലാ സുപ്രധാന പദവികളും വഹിച്ച പരമാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ്. ഒമാനി ജനതയുടെ പ്രിയപ്പെട്ട നേതാവ് കൂടിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ്.

1940 നവംബര്‍ 18 ന് സലാലയിലായിരുന്നു ഖാബൂസിന്റെ ജനനം. അന്നത്തെ സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും ശൈഖ മസൂനയുടെയും ഏക മകന്‍. ഇംഗ്ലണ്ടിലായിരുന്നു ഉപരിപഠനം. 1970 ജൂലൈ 23ന് ഖാബൂസ് പിതാവ് സഈദ് ബിന്‍ തൈമൂറില്‍ നിന്ന് അധികാരം പിടിച്ചെടുത്തു. ഊഷര ഭൂമിയില്‍ നിന്ന് ആധുനികതയിലേക്ക് ഒമാനെ നയിച്ച ഭരണാധികാരി. ഇന്ത്യന്‍ കറന്‍സി മാറ്റി നാട്ടില്‍ സ്വന്തം കറന്‍സി കൊണ്ടുവന്നു. ശക്തമായ നിയമവ്യവസ്ഥ ഏര്‍പ്പെടുത്തി. ഗള്‍ഫിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യത്ത് ഓരോ ഗ്രാമത്തിലും വൈദ്യുതിയും വെള്ളവും ആരോഗ്യവും വിദ്യാഭ്യാസവും എത്തിച്ചു. വിസ്മയകരമായ വികസന മുന്നേറ്റമാണ് സുല്‍ത്താന്‍ കാഴ്ച വച്ചത്.

2014ല്‍ രോഗബാധിതനായ സുല്‍ത്താന്‍ ദീര്‍ഘകാലം ജര്‍മനിയില്‍ ചികില്‍സയിലായിരുന്നു. അര്‍ബുദ രോഗബാധ സ്ഥിരീകരിച്ച ശേഷം കഴിഞ്ഞ ഡിസംബര്‍ 14നാണ് ഏറ്റവും ഒടുവില്‍ ചികില്‍സ കഴിഞ്ഞ് മടങ്ങിയത്. മരണം സ്വന്തം മണ്ണിലാവണം എന്നതായിരുന്നു ആഗ്രഹം. വിവാഹ മോചിതനായ സുല്‍ത്താന് മക്കളില്ലായിരുന്നു. അതുകൊണ്ട് ഒമാന് പ്രഖ്യാപിത കിരീടാവകാശിയും ഉണ്ടായില്ല. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ മരണത്തില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. സുല്‍ത്താന്‍ ഖാബൂസ് ഇന്ത്യയുമായി എന്നും സവിശേഷ ബന്ധം പുലര്‍ത്തിയിരുന്നു. ഇന്ത്യയുടെ ഒരു യഥാര്‍ത്ഥ സുഹൃത്തായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.


Latest Related News