Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി ഖത്തറിൽ തന്നെ ഇന്ത്യൻ സർവകലാശാലാ ബിരുദമെടുക്കാം

November 29, 2019

November 29, 2019

ദോഹ : ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്‌കൂൾ വിദ്യാഭ്യാസത്തിന് പുറമെ ദോഹയിൽ തന്നെ ഇന്ത്യൻ സർവകലാശാലയിൽ പഠിക്കാൻ അവസരമൊരുക്കുന്നു. ഖത്തറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഡി.പി.എസും ഇന്ത്യയിലെ സാവിത്രി ബായ് ഫുലെ പൂനെ യൂണിവേഴ്‌സിറ്റിയും ചേർന്നാണ് സർവകലാശാലയുടെ കാമ്പസ് ഖത്തറിൽ തുറക്കുന്നത്. ആർട്സ്,സയൻസ്,കൊമേഴ്‌സ്,ലിബറൽ ആർട്സ് വിഭാഗങ്ങളിലാണ് കാമ്പസിൽ ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യമുണ്ടാവുക. 1949 ൽ മഹാരാഷ്ട്രയിൽ സ്ഥാപിതമായ പൂനെ യൂണിവേഴ്‌സിറ്റി ഇന്ത്യയിലെ മികച്ച ഏഴാമത്തെ യൂണിവേഴ്‌സിറ്റിയാണ്.

ന്യുഡൽഹിയിൽ നടന്ന ഉന്നത വിദ്യാഭ്യാസ സമ്മേളനത്തോടനുബന്ധിച്ച് വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിലാണ് ഇതിനുള്ള ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്. എസ്.പി.പി.യു വൈസ് ചാൻസലർ ഡോ.നിതിൻ കർമാക്കറും മൈൽസ്റ്റോൺ ഇന്റർനാഷണൽ എഡ്യൂക്കേഷൻ ചെയർമാൻ അലി എ ലത്തീഫ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. എസ്.പി.പി.യു രജിസ്ട്രാർ ഡോ.പ്രഫുല്ല പവാർ,എം.ഐ.ഇ എക്സിക്യു്ട്ടീവ് കമ്മറ്റി പ്രസിഡന്റ് ഹസൻ ചോക്ല,ഇന്ത്യയിലെ ഖത്തർ സ്ഥാനപതി മുഹമ്മദ് അൽ ഖാതിർ, ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.ഇബ്രാഹിം അൽ നുഐമി,മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

ഖത്തറിൽ നിലവിൽ രണ്ടു സ്‌കൂളുകളും ഒരു കിന്റർഗാർട്ടനുമാണ് ഡി.പി.എസിനുള്ളത്. അടുത്ത വർഷം തന്നെ കോളേജുകൾ ആരംഭിക്കുമെന്നും ഡി.പി.എസിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണെന്നും ഹസൻ ചോക്ല പറഞ്ഞു. നിലവിൽ ഖത്തറിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സർവകലാശാലകളിൽ ഉന്നത പഠനം നടത്തണമെങ്കിൽ ഇന്ത്യയിലേക്ക് പോകേണ്ട അവസ്ഥയാണ്. ഇന്ത്യയിലെ ഒരു പ്രമുഖ സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകൾ ഖത്തറിൽ തന്നെ തുടങ്ങുന്നതോടെ വിദ്യാർത്ഥികൾക്ക് മാതാപിതാക്കളോടൊപ്പം ഇവിടെത്തന്നെ താമസിച്ചു പഠിക്കാൻ അവസരമുണ്ടാകും.  


Latest Related News