Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
സെയ്തുക്ക 'കളി പറഞ്ഞാൽ' കപ്പടിക്കും,എൺപതാം വയസ്സിൽ ഖത്തറിൽ ലോകകപ്പ് കാണാനൊരുങ്ങി മലപ്പുറത്തുകാരൻ

October 28, 2022

October 28, 2022

അൻവർ പാലേരി 

ദോഹ : കുണ്ടോട്ടിയിലോ തൃപ്പനച്ചിയിലെ കളിമൈതാനങ്ങളിലോ കാൽപന്തുകളിയുടെ ആരവമുയർന്നാൽ എൺപതുകാരനായ കൊയപ്രാവൻ സെയ്തുക്ക ഉറക്കത്തിലായാലും ഞെട്ടിയെഴുന്നേൽക്കും.പിന്നെ തോർത്തുമുണ്ട് തലയിൽ കെട്ടി ഒരോട്ടമാണ്.ഓരോ കളിക്കാരനെയും പേരെടുത്തുവിളിച്ച് പുറംകളിയിലെ ആവേശം കളിക്കാരുടെ കാലുകളിലെത്തിക്കാൻ സെയ്തുക്കാക്ക് ഇപ്പോഴും പ്രായം തടസ്സമാവില്ല.സെയ്തുക്ക കളി പറഞ്ഞാൽ ആ ടീം തന്നെ ജയിച്ചുകയറുമെന്നാണ് നാട്ടിൻപുറത്തെ ഫുട്‍ബോൾ ആരാധകരുടെ പക്ഷം.

എൺപതാമത്തെ വയസ്സിൽ ഖത്തർ ലോകകപ്പ് കാണാനുള്ള ടിക്കറ്റും ഹയ്യാ കാർഡുമൊക്കെ ഒരുക്കിവെച്ച് കാത്തിരിക്കുന്ന സെയ്തുക്ക ഇത്തവണ ലോകകപ്പിൽ ആർക്കൊപ്പമെന്ന് ചോദിച്ചാൽ അൽപമൊന്നു സംശയിക്കും.

'മോനേ,ഫ്രാൻസിന് കുറച്ച് വിജയം കാണുന്നുണ്ട്.എല്ലാരും പറയുന്നപോലെ 'പോരിശ'പ്പെട്ട ആളുകൾക്കൊപ്പമൊന്നും ഞാൻ കൂടില്ല.അർജന്റീനയും ബ്രസീലുമൊക്കെ വല്യ ആളുകളായത്കൊണ്ട് ആൾക്കാര് കൂടെ കൂടുന്നതാ...'

നേരത്തെ സ്പെയിനിനൊപ്പം നിന്നിരുന്ന സെയ്തുക്ക ഇപ്പോൾ ഫ്രാൻസ് പക്ഷത്തേക്ക് കാലുമാറിയെങ്കിലും ഒരു സങ്കടം ബാക്കിയുണ്ട്-

'നമ്മുടെ സിദാൻ ഇപ്പൊ അവരുടെ കൊച്ചല്ലല്ലോ.തിരിച്ചു വരുമെന്നൊക്കെ പറയുന്നുണ്ട്.വന്നാൽ മതിയായിരുന്നു..'മുൻ ഫ്രഞ്ച് താരം സിനദൻ സിദാൻ തന്നെ ഫ്രാൻസിന്റെ പരിശീലകനായി വരണമെന്നാണ് സെയ്തുക്കയുടെ ആഗ്രഹം.

മലപ്പുറം ജില്ലയിലെ തൃപ്പനച്ചി പാലക്കാട് സ്വദേശിയായ സെയ്തുക്ക കേരളത്തിൽ എവിടെ ഫുട്‍ബോൾ മത്സരമുണ്ടെന്നറിഞ്ഞാലും അവിടെ ഓടിയെത്തും.ഓരോ മത്സരത്തിന്റെയും കളിയോർമകൾ ഇന്നലെ കഴിഞ്ഞത്പോലെ ഇപ്പോഴും ഓർത്തെടുത്ത് പറയുമ്പോൾ ഗാലറിയിലെ ആർപ്പുവിളിയും കളിക്കളത്തിലെ ഉശിരൻ പോരാട്ടവുമൊക്കെ ഈ പഴയകാല കർഷകന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാനാവും.

സെയ്തുക്കയുടെ നാലു മക്കളിൽ ഇളയവരായ അസീസും മുഹമ്മദ് ഷരീഫും ദോഹയിലുണ്ട്.പലതവണ ദോഹ സന്ദർശിക്കാൻ ഇവർ വാപ്പയെ ക്ഷണിച്ചെങ്കിലും ലോകകപ്പാവുമ്പോൾ വരാമെന്ന് വാശി പിടിച്ച് യാത്ര നീട്ടിവെക്കുകയായിരുന്നു.അങ്ങനെയാണ് വാപ്പയുടെ പേരിൽ ആദ്യം തന്നെ ലോകകപ്പ് കാണാനുള്ള ടിക്കറ്റും ഹയ്യാ കാർഡുമൊക്കെ ശരിയാക്കിയതെന്ന് അസീസ് ന്യൂസ്‌റൂമിനോട് പറഞ്ഞു.

നവംബർ പതിനൊന്നിന് രാവിലെ കരിപ്പൂരിൽ നിന്നുള്ള വിമാനത്തിൽ സെയ്തുക്ക ദോഹയിലേക്ക് പറക്കും.ലോകത്തിന്റെ കണ്ണും മനസും ഖത്തറിലെ കാൽപന്തിന് പിന്നാലെ മത്സരിച്ചോടുമ്പോൾ അവർക്ക് ആവേശം പകരാൻ ഈ മലപ്പുറത്തുകാരനും സ്റ്റേഡിയത്തിലുണ്ടാവും. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News