Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
തുഷാറിനെതിരായ കേസ്,പ്രവാസി വ്യവസായികൾ മാതൃകയാക്കണം

August 26, 2019

August 26, 2019

അൻവർ പാലേരി 

ദോഹ : ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ ദുബായിൽ  ബിസിനസ് നടത്തുന്ന കൊടുങ്ങല്ലൂർ സ്വദേശി നാസിൽ അബ്ദുള്ള നൽകിയ കേസും അനുബന്ധ സംഭവങ്ങളും ഗൾഫിലെ നൂറു കണക്കിന് മലയാളി സംരംഭകർക്ക് ആശ്വാസം പകരുന്നതാണ്. തുഷാർ വെള്ളാപ്പള്ളിക്കെതിരെ അജ്‌മാൻ കോടതിയിൽ നാസിലിന് നീതി ലഭിച്ചാൽ സമാനമായ തരത്തിൽ വിവിധ തട്ടിപ്പുകളിൽ കുടുങ്ങി പണം നഷ്ടപ്പെട്ട നിരവധി പ്രവാസികൾക്ക് അത് ആശ്വാസ വാർത്തയാകുമെന്ന് ഉറപ്പാണ്.അതുകൊണ്ടു തന്നെയാണ് തുഷാർ അജ്മാനിൽ അറസ്റ്റിലായത് മുതൽ ഈ കേസുമായി ബന്ധപ്പെട്ട ഓരോ ചലനങ്ങളുമറിയാൻ പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നതും.

നാട്ടിൽ നിന്നും ഇടക്കിടെ വിമാനം കയറിയെത്തുന്ന രാഷ്ട്രീയ നേതാക്കളോ അവരുടെ ബിനാമികളോ നേതൃത്വം നൽകുന്ന വിവിധ സംരംഭങ്ങളിൽ പണം മുടക്കുകയും വർഷങ്ങൾ കഴിഞ്ഞിട്ടും ലാഭവിഹിതമോ മുടക്കു മുതലോ തിരിച്ചു കിട്ടാതെ വഞ്ചിക്കപ്പെടുകയും ചെയ്ത നിരവധി ആളുകൾ ഇപ്പോഴും ഗൾഫ് രാജ്യങ്ങളിലുണ്ട്.നാട്ടിൽ ചെന്ന് പണം തിരികെ ചോദിക്കാനോ ഏതെങ്കിലും തരത്തിൽ അവർക്കെതിരെ നടപടികൾ സ്വീകരിക്കാനോ മുതിർന്നാൽ നേരിട്ടേക്കാവുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്ന് അവർക്ക് വ്യക്തമായി അറിയാം. എതിരാളിയുടെ പണം,രാഷ്ട്രീയ സ്വാധീനം, ക്വട്ടേഷൻ സംഘങ്ങളടക്കമുള്ള  മാഫിയാ സംഘങ്ങളുമായുള്ള അടുപ്പം എന്നിങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് പണം തിരിച്ചു ചോദിക്കാൻ പോലും കഴിയാതെ നിസ്സഹായാവസ്ഥയിൽ തുടരുന്നവരാണ് ഭൂരിഭാഗവും. ഇതിനു പുറമെ,നാട്ടിലെ ചെറുതും വലുതുമായ എല്ലാ മത-സാമുദായിക-രാഷ്ട്രീയ പാർട്ടികൾക്കും ഗൾഫ് രാജ്യങ്ങളിൽ പോഷക സംഘടനകളും നേതാക്കൾക്കായി പ്രവർത്തിക്കുന്ന പിണിയാളുകളുമുണ്ട്. ഗൾഫിലെയും നാട്ടിലെയും ഉന്നത ബന്ധങ്ങൾ ഉപയോഗപ്പെടുത്തിയും നിശബ്ദമായ ഭീഷണികളിലൂടെയും ചോദ്യം ചെയ്യുന്നവനെ നിശ്ശബ്ദരാക്കാനുള്ള മെയ്‌വഴക്കം വേണ്ടത്രയുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും.ഒന്നുമില്ലാത്തവന്റെ കൂടെ നിൽക്കുന്നതിന് പകരം പണത്തിന്റെയും പദവിയുടെയും നെറുകയിലിരിക്കുന്ന നേതാക്കൾക്കു വേണ്ടി പ്രവർത്തിക്കുകയും ഒത്തുതീർപ്പു വ്യവസ്ഥകളുണ്ടാക്കി മറുപക്ഷത്തെ നിശ്ശബ്ദരാക്കുകയും ചെയ്യുന്ന സംഘടനാ നേതാക്കളെ ഗൾഫിലും കാണാനാവും.

ഇപ്പോൾ പുറത്തു വന്നത് തുഷാർ വെള്ളാപ്പള്ളിയുടെ സാമ്പത്തിക തട്ടിപ്പിന്റെ വിവരങ്ങളാണെങ്കിലും സമാനമായ തരത്തിൽ വിവിധ തട്ടിപ്പുകളിൽ പണം നഷ്ടപ്പെട്ട നിരവധി ബിസിനസുകാർ ഇനിയും ഗൾഫ് രാജ്യങ്ങളിലുണ്ടെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ചില പ്രമുഖ ബിസിനസുകാർ 'ന്യുസ്‌റൂമി'നോട് പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് വേണ്ടി ലക്ഷങ്ങൾ നിക്ഷേപിച്ച മലപ്പുറത്തുകാരൻ ചാനൽ തുടങ്ങി അഞ്ചു വർഷം കഴിഞ്ഞിട്ടും ഒരു ടെലിഫോൺ കോൾ പോലും ലഭിക്കാതായതിനെ തുടർന്നാണ് ചാനൽ മേധാവിയെ തേടി കൊച്ചിയിലെ ഓഫീസിലേക്ക് പോയത്.ഹൃദ്യമായ സ്വീകരണം,സഹപ്രവർത്തകർക്ക് പരിചയപ്പെടുത്തൽ...ചായ സൽക്കാരം....പണം മാത്രം ചോദിക്കരുത്,കമ്പനി നഷ്ടത്തിലാണ്.
'അവരൊക്കെ വലിയ ആളുകളാണ്. നാട്ടിൽ അവർ വിചാരിച്ചാൽ എന്തും നടക്കും.അതുകൊണ്ട് ആ പണം ഞാൻ വേണ്ടെന്നു വെച്ചു. വെറുതെ പൊല്ലാപ്പിനു പോകേണ്ടല്ലോ.
(ഈയിടെ ദുബായിലും നാട്ടിലും നിരവധി ബിസിനസ് സംരംഭങ്ങളുള്ള ഒരു വ്യവസായിക്ക് ഐ.എസ്.ഐ ബന്ധമുണ്ടെന്നും കള്ളപ്പണത്തിന്റെ ഇടപാടുകളുണ്ടെന്നും ദിവസങ്ങളോളം ഒരു ചാനലിൽ വാർത്ത വന്നിരുന്നു.പിന്നീട് ആ വാർത്തയ്ക്ക് എന്ത് പറ്റിയെന്ന് അറിയില്ല. ചാനലിൽ നിക്ഷേപിച്ച പണം തിരികെ ചോദിച്ചതാണ് ഈ വാർത്തയ്ക്ക് അടിസ്ഥാനമെന്ന് പിന്നീട് മനസിലായി.) 

രാഷ്ട്രീയക്കാരെയും സിനിമാക്കാരെയും കാണുമ്പോൾ കവാത്തു മറക്കുന്ന ഗൾഫിലെ ചില ബിസിനസ് പ്രമുഖർ ഒരു കാര്യം മനസിലാക്കിയാൽ നന്ന്. ഇത്തരം ആളുകൾ ഗൾഫ് സന്ദർശനത്തിനായി വരുമ്പോൾ,ദിവസങ്ങളോളം എല്ലാ സൗകര്യങ്ങളുമൊരുക്കി സൽക്കരിച്ചു തിരിച്ചയക്കുമ്പോൾ പല മോഹന വാഗ്ദാനങ്ങളും വെച്ചു നീട്ടും. അത് വിശ്വസിച്ചു നാട്ടിൽ ചെന്നാൽ  കണ്ട പരിചയം പോലും നടിക്കാറില്ലെന്ന് മനസിലാക്കാൻ നെഞ്ചിൽ കൈവെച്ച് ഒന്നാലോചിച്ചാൽ മതിയാവും. കാര്യങ്ങൾ പുറത്തു പറയാൻ മടിക്കുന്നത് നാട്ടിൽ അവർക്കുള്ള രാഷ്ട്രീയ സ്വാധീനം ഭയന്ന് തന്നെയാണ്. 
വേട്ടക്കാരന് വേണ്ടി വാദിക്കാൻ മുഖ്യമന്ത്രി മുതൽ പ്രമുഖ വ്യവസായികൾ വരെ മുന്നിട്ടിറങ്ങുമ്പോൾ ജീവിതവും സ്വപ്നങ്ങളും നഷ്ടപ്പെട്ട സാധാരണക്കാരായ ഇരകൾക്ക് വേണ്ടി വാദിക്കാൻ ആരുമുണ്ടാവില്ലെന്ന തിരിച്ചറിവ് തന്നെയാണ് നാസിൽ അബ്ദുള്ളയുടെ നിയമ പോരാട്ടം നമുക്ക് നൽകുന്ന(നൽകേണ്ട) ആത്യന്തിക പാഠം.

മനസിലാക്കിയ കാര്യങ്ങൾ ശരിയാണെങ്കിൽ പ്രവാസികളായ സുഹൃത്തുക്കളുടെ സഹായത്തോടെ കൃത്യമായ ആസൂത്രണവും പിൻബലവും ഉറപ്പു വരുത്തി തന്നെയാണ് നാസിൽ അബ്ദുള്ള തുഷാർ വെള്ളാപ്പള്ളിക്കെതിരെ രണ്ടും കൽപിച്ച് നിയമ പോരാട്ടത്തിനിറങ്ങിയത്. അതാവട്ടെ,തന്റേതല്ലാത്ത കുറ്റത്തിന് നാലു വർഷത്തെ ജയിൽ ശിക്ഷ ഉൾപെടെ അതിജീവനത്തിന്റെ കയ്‌പും വേദനയും വേണ്ടുവോളമനുഭവിച്ച ഒരു മനുഷ്യന്റെ അവസാനത്തെ പിടിവള്ളിയാണ്. അത് മനസിലാക്കി തന്നെയാവണം അദ്ദേഹത്തെ സഹായിക്കാനും നിയമനടപടികളുമായി മുന്നോട്ടു പോകാനും താങ്ങും തണലുമായി ചില പ്രവാസി സുഹൃത്തുക്കൾ കൂടെ നിൽക്കുന്നതും.

ഗൾഫിൽ നിന്ന് കോടികളുടെ തട്ടിപ്പുകൾ നടത്തി നാട്ടിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ആഢംബര വാഹനങ്ങളിലും സുഖജീവിതം നയിക്കുന്ന പലർക്കും കേരളത്തിൽ അഭയം നൽകുന്നതും ഇത്തരം മാഫിയാ സംഘങ്ങളാണ്. അതിന് രാഷ്ട്രീയ പക്ഷഭേദങ്ങളില്ല. കിട്ടാനുള്ള പണത്തിനു നാട്ടിലെ കോടതി വരാന്തകളിൽ അട്ടിപ്പേറു നടത്തിയാലും ഗൾഫിലെ ഇടപാടുകൾക്ക് ഇവിടെ തീർപ്പുണ്ടാക്കാൻ കഴിയില്ലെന്ന മറുപടിയാണ് നിങ്ങളെ കാത്തിരിക്കുന്നത്.പണമില്ലാത്തത്  കൊണ്ടല്ല,തരാൻ സൗകര്യമില്ലെന്ന രാഷ്ട്രീയ മാടമ്പിത്തരം തന്നെയാണ് നിങ്ങളെ ഭയപ്പെടുത്തുന്നത്.എനിക്ക് ഗൾഫിൽ നിലവിൽ ഒരു ബിസിനസുമില്ലെന്ന് കയ്യൊഴിയുന്ന തുഷാർ വെള്ളാപ്പള്ളിക്ക് അജ്മാനിൽ 15 സെന്റ് ഭൂമി സ്വന്തമായുണ്ടെന്ന് മലയാളികൾ അറിയുന്നത് നാസിൽ കൊടുത്ത കേസ് വിവാദമായപ്പോൾ മാത്രമാണ്.ഇപ്പറഞ്ഞ 15 സെന്റ്‌ ഭൂമി നമ്മുടെ അട്ടപ്പാടിയിലോ കേരളത്തിലെ ഏതെങ്കിലും ഓണം കേറാ മൂലയിലോ അല്ല.അജ്മാനിലാണ് കോടികൾ വിലമതിക്കുന്ന ഈ ഭൂമിയുള്ളത്.

 

നാസിൽ അബ്ദുള്ളയുടെ തുഷാർ വെള്ളാപ്പള്ളിക്കെതിരായ നിയമനടപടികളും ഉറച്ച നിലപാടുകളും സാമ്പത്തിക തട്ടിപ്പുകളിൽ കുടുങ്ങി പണം നഷ്ടപ്പെട്ട പലർക്കും ദുരഭിമാനത്തിന്റെ പുറംതോട് പൊട്ടിച്ച് പുറത്തു വരാനുള്ള മികച്ച അവസരം കൂടിയാണ്.


Latest Related News