Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
സിൽവർ ലൈൻ എളുപ്പമാവില്ല,വിവാദ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം

February 02, 2022

February 02, 2022

ദില്ലി: കേരള സർക്കാർ ആസൂത്രണം ചെയ്ത വിവാദ സിൽവർ ലൈൻ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് എൻ.കെ.പ്രേമചന്ദ്രൻ, കെ.മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് സിൽവർ ലൈൻ പദ്ധതിക്ക് നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണോവാണ് പദ്ധതിയിലെ കേന്ദ്രനിലപാട് വ്യക്തമാക്കിയത്.

സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോർട്ട് ലഭിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും പരിഗണിക്കേണ്ടതുണ്ട്.  ഈ രണ്ട്  റിപ്പോർട്ടുകളും കൂടി സമർപ്പിക്കാൻ നോഡൽ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെൻ്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ കൂടി പരിശോധിച്ച് പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗിതക കൂടി പരിഗണിച്ച ശേഷമേ കെ റെയിൽ പദ്ധതിക്ക് അന്തിമാനുമതി നൽകൂവെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പറയുന്നത്.

കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്നതാണ് സിൽവർ ലൈൻ പദ്ധതി. കേരള റെയിൽ ഡെവലപ്മെൻ്റ കോർപ്പറേഷനാണ് പദ്ധതിയുടെ നോഡൽ ഏജൻസി. ഈ കമ്പനിയിൽ കേരള സർക്കാരിനും റെയിൽവേയ്ക്കും തുല്യപങ്കാളിത്തമാണ്. പദ്ധതിക്കായി സർക്കാർ ഭൂമിയും റെയിൽവേ ഭൂമിയും സ്വകാര്യഭൂമിയും ഉപയോഗിക്കുന്നുണ്ട്. സിൽവർ ലൈൻ പദ്ധതി കേരളത്തിലെ റെയിൽവേയെ എങ്ങനെ ബാധിക്കും എന്നറിയണം. പദ്ധതിക്ക് അനുബന്ധമായി എത്ര റെയിൽവേ ക്രോസിംഗുകൾ വരുമെന്നും അറിയണം. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് റിപ്പോർട്ട് തരണമെന്നും കെ റെയിൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

അതേസമയം സിൽവർ ലൈൻ പദ്ധതിയെ കേന്ദ്രസർക്കാർ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് രാജ്യസഭാ എംപിയും സിപിഎം നേതാവുമായ എളമരം കരീം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ റെയിൽവേ മന്ത്രിയെ കണ്ടപ്പോൾ പദ്ധതിയുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങളും സംശയങ്ങളും റെയിൽവേ മന്ത്രി പങ്കുവച്ചിരുന്നു. അക്കാര്യങ്ങളിൽ വ്യക്തമായ മറുപടി വൈകാതെ സംസ്ഥാനം നൽകും. പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും കരീം പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകണമെന്നും ബജറ്റിൽ പ്രഖ്യാപനം നടത്തണമെന്നും നേരത്തെ മുതൽ കേരള  സർക്കാർ ആവശ്യപ്പെട്ടു വരികയാണ്. എന്നാൽ കേരളത്തിൽ മുഖ്യ പ്രതിപക്ഷമായ യുഡിഎഫ് പദ്ധതിയെ നഖശിഖാന്തം എതിർക്കുകയാണ്. ഇന്നലെ അവതരിപ്പിച്ച കേന്ദ്രബജറ്റിൽ ധനമന്ത്രി വന്ദേഭാരത് അതിവേഗ തീവണ്ടി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി സിൽവർ ലൈൻ വേണ്ട എന്നാണ് ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News