Breaking News
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും |
ഖത്തർ ലോകകപ്പിന് കൊടിയിറങ്ങുമ്പോൾ ബാക്കിയാവുന്നത്,ഈജിപ്ത് മുതൽ മൊറോക്കോ വരെ ലോകകപ്പ് ചരിത്രത്തിലെ 'അറബിക്കഥകൾ'

December 21, 2022

December 21, 2022

ബിലാൽ ശിബിലി 

ദോഹ : അറബ് ലോകത്തിന്റെ സംഘാടക മികവ് ലോകത്തിന് സമ്മാനിച്ച അവിസ്മരണീയമായ സ്നേഹത്തിന്റെയും കളിമൈതാനങ്ങളിൽ അറബ് ലോകത്തു നിന്നുള്ള ടീമുകൾ കാഴ്ചവെച്ച എക്കാലത്തെയും മികച്ച പ്രകടനങ്ങളുമായാണ് ഞായറാഴ്ച രാത്രി 2022 ഫിഫ ലോകകപ്പിന് ഖത്തറിൽ അവസാന വിസിൽ മുഴങ്ങിയത്.അറബ്,ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ശക്തമായ മുന്നേറ്റം സെമി ഫൈനൽ വരെയെങ്കിലും പുതിയൊരു കളിമാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.മൊറോക്കോ,ജപ്പാൻ,സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ നൽകിയ പ്രതീക്ഷകൾ പക്ഷെ അധിക സമയം നീണ്ടുനിന്നില്ല.

തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ അർജന്റീനയെ തോൽപ്പിച്ച സൗദി അറേബ്യ ലോകത്തെയാകെ ഞെട്ടിച്ചു കൊണ്ടാണ് ഇത്തവണ തങ്ങളുടെ  വരവ് അറിയിച്ചത്.അവസാന ഗ്രൂപ്പ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തോൽപ്പിച്ച് ടുണീഷ്യയും ശ്രദ്ധ പിടിച്ചു പറ്റി. ഇതിനെക്കാളൊക്കെ മുകളിലായിരുന്നു മൊറോക്കോയുടെ മിന്നും പ്രകടനം. അറബ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർക്ക് ആവേശം പകർന്നു കൊണ്ടാണ് അവർ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

ഗ്രൂപ്പ് ഘട്ടങ്ങളിൽ ബെൽജിയത്തിനെതിരായ വിജയം മൊറോക്കോയെ നോക്കൗട്ട് റൗണ്ടിലേക്ക് നയിച്ചു. അവിടെ ശക്തരായ സ്‌പെയിനിനും പോർച്ചുഗലിനും എതിരായ വിജയങ്ങൾ അവരെ ആഫ്രിക്കൻ, അറബ് ലോകത്ത് നിന്നും സെമിഫൈനലിലെത്തുന്ന ആദ്യ ടീമായി മാറ്റി.വലിയ മുന്നേറ്റങ്ങൾ നടത്താൻ സാധിച്ചില്ലെങ്കിലും മറ്റൊരു അറബ് ടീമായ ഇറാനും ഭേദപ്പെട്ട പ്രകടനമാണ് ഇത്തവണ ലോകകപ്പിൽ  കാഴ്ചവച്ചത്.ഇതുവരെയുള്ള ലോകകപ്പുകളിൽ അറബ്,ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ കാഴ്ചവെച്ചതിനേക്കാൾ മികച്ച പ്രകടനങ്ങൾക്ക് കൂടിയാണ് ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിച്ചത്.

യുറോപ്പിനും ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കും അപ്പുറം കാൽപന്തുകളിയുടെ ആവേശം ഏഷ്യൻ,ആഫ്രിക്കൻ,അറബ് രാജ്യങ്ങളിൽ വേരാഴ്ത്തിത്തുടങ്ങുന്നതിന്റെ കൃത്യമായ സൂചനകൾ കൂടി നൽകിയാണ് ഖത്തർ ലോകകപ്പിന് ഞായറാഴ്ച തിരശീല വീണത്.

ലോകകപ്പ് ചരിത്രത്തിൽ ഇതുവരെയുള്ള അറേബ്യൻ വിശേഷങ്ങൾ ഇങ്ങനെ :

ഈജിപ്ത്
1934 ൽ ഈജിപ്താണ് ആദ്യമായി ലോകകപ്പിൽ അറബ് ലോകത്തിന്റെ കൊടി നാട്ടിയത്. ഇറ്റലിയിൽ നടന്ന ആ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിനപ്പുറം മുന്നേറാനായില്ലെങ്കിലും, ആദ്യമായി ലോകകപ്പിൽ മത്സരിച്ച അറബ് ടീം എന്ന ഖ്യാതി ഈജിപ്ത് സ്വന്തമാക്കി.

ഇറാഖ്
1986-ൽ യുദ്ധവേളയിൽ തന്നെ സദ്ദാം ഹുസൈന്റെ മകൻ ഉദയ് ഹുസൈന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടിയതാണ് ഇറാഖ് ടീമിന്റെ  ലോകകപ്പ് അരങ്ങേറ്റം.മെക്സിക്കോയിൽ നടന്ന  ഇറാഖിന്റെ ആദ്യത്തെയും അവസാനത്തെയും ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയത്തിനെതിരെ ഒരു ഗോൾ നേടിയത് മാത്രമാണ് ഇതുവരെയുള്ള നേട്ടം.

ടുണീഷ്യ
സ്വാതന്ത്ര്യത്തിന് ശേഷം 1957 ലാണ് ടുണീഷ്യയെ  ഫിഫ അംഗീകരിച്ചത് 20 വർഷങ്ങൾക്കു ശേഷം,1978-ൽ അർജന്റീനയിൽ നടന്ന ലോകകപ്പിൽ ശക്തരായ മെക്സിക്കോക്കെതിരെ  ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്  വിജയിച്ചത് ഒരു ആഫ്രിക്കൻ അറബ് ടീമിന്റെ ആദ്യവിജയമായി ചരിത്രത്തിൽ ഇടം പിടിച്ചു.ഇതിനു ശേഷം  1998, 2002, 2006, 2018, 2022 വർഷങ്ങളിൽ ഫിഫ ലോകകപ്പിൽ ടുണീഷ്യ ആറ് തവണ ഇടം പിടിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറാൻ ടുണീഷ്യയ്ക്ക് കഴിഞ്ഞിട്ടില്ല.ഖത്തർ ലോകകപ്പിൽ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടുണീഷ്യ ഫ്രാൻസിനെ 1-0 ന് തോൽപ്പിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറാൻ കഴിഞ്ഞില്ല.

പലസ്തീൻ
1998-ൽ പലസ്തീൻ നാഷണൽ അതോറിറ്റി രൂപീകരിച്ചതിന് ശേഷം പലസ്തീൻ ഫുട്ബോൾ അസോസിയേഷനെ ഫിഫ ഔപചാരികമായി അംഗീകരിക്കുന്നത് വരെ പലസ്തീന് ഒരു ഔദ്യോഗിക ടീം പോലും ഉണ്ടായിരുന്നില്ല.പലസ്തീൻ പ്രദേശങ്ങളിലെ കളിക്കാർക്ക് ഇസ്രായേൽ അധികാരികളിൽ നിന്ന് എക്സിറ്റ് വിസ ലഭിക്കാത്തതിനാൽ തന്നെ, ഗാസയ്ക്കും വെസ്റ്റ് ബാങ്കിനും പുറത്തുള്ള പലസ്തീനിയൻ പ്രവാസികളെ ടീമിൽ ഉൾപെടുത്തി മത്സരിപ്പിക്കുകയാണ് പതിവ്. 2008 ലും 2009 ലും ഓപ്പറേഷൻ കാസ്റ്റ് ലീഡ് സമയത്ത് അയ്മാൻ അൽകുർദ്, വാജെ മോഷ്താഹെ, ഷാദി സ്ബാഖെ എന്നിവരുൾപ്പെടെ നിരവധി കളിക്കാർ ഇസ്രായേലി ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു.

ആദ്യത്തെ മത്സര അന്താരാഷ്ട്ര മത്സരത്തിനായി ഒരു ദശാബ്ദത്തിലധികമാണ് ഫലസ്തീന് കാത്തിരിക്കേണ്ടി വന്നത്. 2011 ജൂലൈയിൽ അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം നടന്നത് വെസ്റ്റ് ബാങ്കിനെ ഇസ്രയേലിൽ നിന്ന് വേർതിരിക്കുന്ന മതിലിന് ഏതാനും മീറ്ററുകൾ മാത്രം അകലെയുള്ള ഫൈസൽ അൽ ഹുസൈനി സ്റ്റേഡിയത്തിൽ 8,000 ആരാധകർക്ക് മുന്നിലായിരുന്നു.ലോകകപ്പ് യോഗ്യത നേടാനായില്ലെങ്കിലും ഒരു സ്വതന്ത്ര രാഷ്ട്രത്തിനായുള്ള തങ്ങളുടെ സഹോദരങ്ങളുടെ പോരാട്ടത്തിൽ പലസ്തീൻ ഫുട്ബോൾ ടീമും എന്നും ഉറച്ചുനിന്നു.

തുർക്കി
രണ്ടുതവണ മാത്രം ലോകകപ്പ് കളിച്ച തുർക്കി പക്ഷേ  കറുത്ത കുതിരകളായി സ്വയം അടയാളപ്പെടുത്തിയത് 2002ലാണ്. സെമിഫൈനൽ വരെ എത്തിയ അവരുടെ പോരാട്ടം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അന്നത്തെ ജേതാക്കളായ ശക്തരായ ബ്രസീലിനോട് സെമി ഫൈനലിൽ തോറ്റെങ്കിലും, സഹ-ആതിഥേയരായ ദക്ഷിണ കൊറിയയെ 3-2 ന് തോൽപ്പിച്ച് അവർ മൂന്നാം സ്ഥാനത്തെത്തിയത് ലോകത്തിന് അത്ഭുതമായിരുന്നു.

അൽജീരിയ
അറബ് രാജ്യമായ അൽജീരിയയെ പുറത്താക്കാൻ1982 ൽ വെസ്റ്റ് ജർമ്മനിയും ഓസ്ട്രിയയും ഒത്തു കളിച്ചത് ലോകകപ്പ് ചരിത്രത്തിലെ കറുത്ത അധ്യായമാണ്.. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ, ജർമ്മനി ഓസ്ട്രിയയെ  ഒന്നൊ രണ്ടോ ഗോളുകൾക്ക് തോൽപ്പിച്ചാൽ അൽജീരിയയെ പുറത്താക്കി ആ രണ്ട് ടീമുകൾക്ക് മുന്നേറാം. അവസാനം അങ്ങനെ തന്നെ സംഭവിച്ചു. അൽജീരിയ പുറത്ത്. ഈ കുപ്രസിദ്ധമായ ഒത്തു കളിക്ക് ശേഷമാണ് ഗ്രൂപ്പ് ഘട്ടത്തിലെ ടീമുകളുടെ മൂന്നാമത്തെ മത്സരം ഒരേ ദിവസം ഒരേസമയം നടത്തുന്നത്.

സൗദി അറേബ്യ

1994, 1998, 2002, 2006, 2018, 2022 വർഷങ്ങളിൽ കളിച്ച സൗദി അറേബ്യ ആകെ ആറ് ഫിഫ ലോകകപ്പ് ടൂർണമെന്റുകളിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 1994-ലാണ് അവരുടെ ഏറ്റവും മികച്ച പ്രകടനം ആരാധകരെ അൽഭുതപ്പെടുത്തിയത്.റൌണ്ട് 16ൽ വരെ  എത്തിയതായിരുന്നു  അവരുടെ ഏറ്റവും മികച്ച പ്രകടനം.ഖത്തർ ലോകകപ്പിൽ അർജന്റീനയ്‌ക്കെതിരായ ഐതിഹാസിക വിജയത്തെ തുടർന്ന് സൗദി വലിയ മുന്നേറ്റം നടത്താൻ സാധ്യതയുണ്ടെന്ന പ്രതീക്ഷകൾ ഉണ്ടായിരുന്നെങ്കിലും  പോളണ്ടിനും മെക്‌സിക്കോയ്‌ക്കും എതിരായ ഗ്രൂപ്പ് മത്സരങ്ങളിൽ സൗദി അറേബ്യ പരാജയപ്പെടുകയായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് സിയിൽ അവസാന സ്ഥാനം വരെ സൗദിക്ക് മുന്നേറാൻ കഴിഞ്ഞു.

കുവൈത്ത് 
1982-ൽ സ്‌പെയിനിൽ നടന്ന ലോകകപ്പിലാണ് കുവൈത്ത് ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ചത്.സ്‌പെയിനിൽ നടന്ന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഏറെ മുന്നേറാൻ കുവൈത്തിന് കഴിഞ്ഞു.ഇംഗ്ലണ്ടിനോടും ഫ്രാൻസിനോടും തോൽക്കുകയും ചെക്കോസ്ലോവാക്യയോട് മാന്യമായ സമനില വഴങ്ങുകയും ചെയ്താണ് കുവൈത്ത് അന്ന് സ്‌പെയിനിൽ നിന്ന് മടങ്ങിയത്.

ഖത്തർ 

ആതിഥേയ രാജ്യമെന്ന നിലയിൽ ആദ്യമായി ലോകകപ്പിൽ കളിക്കാനെത്തിയ ഖത്തറിന് ആദ്യ ഗ്രൂപ്പ് മത്സരത്തിൽ തന്നെ  ഇക്വഡോറിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടേണ്ടി വന്നു.സെനഗലുമായുള്ള മത്സരത്തിൽ രണ്ടിനെതിരെ നേടിയ ഒരു ഗോളാണ് ലോകകപ്പിലെ ഖത്തറിന്റെ ഇതുവരെയുള്ള നേട്ടം.നെതര്ലാന്ഡിന് മുന്നിലും എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വഴങ്ങേണ്ടി വന്നതോടെ 2022 ലോകകപ്പിൽ ആദ്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഖത്തറിന് പുറത്ത് പോകേണ്ടിവന്നു.മുഹമ്മദ് മുൻതാരിയാണ് ലോകകപ്പ് ചരിത്രത്തിൽ ഖത്തറിനായി ആദ്യ ഗോൾ നേടിയത്.

2018 - റഷ്യൻ ലോകകപ്പ്
ഈജിപ്ത്, സൗദി അറേബ്യ, മൊറോക്കോ, ടുണീഷ്യ, ഇറാൻ എന്നീ അഞ്ച് അറബ് രാജ്യങ്ങളുടെ സാന്നിധ്യകൊണ്ട് ശ്രദ്ധേയമായിരുന്നു റഷ്യൻ ലോകകപ്പ്. പക്ഷേ ആർക്കും ഗ്രൂപ്പ് ഘട്ടത്തിനപ്പുറം മുന്നേറാൻ കഴിഞ്ഞിരുന്നില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News