September 04, 2024
September 04, 2024
റിയാദ്: സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, രാജ്യത്തെ ഓൺലൈനും ഓഫ്ലൈനുമായ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും വിലക്കിഴിവ് ഏർപ്പെടുത്താൻ വാണിജ്യ മന്ത്രാലയം അനുമതി നൽകി. സെപ്തംബർ 16 മുതൽ 30 വരെ ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിക്കാനുള്ള ഡിസ്‌കൗണ്ട് ലൈസൻസിനാണ് അധികൃതർ അനുമതി നൽകിയത്. ഇതിനുവേണ്ടി ഓൺലൈനായി അപേക്ഷിക്കാം.
സ്ഥാപനങ്ങൾക്ക് ഒരു വർഷം നിശ്ചയിച്ചിട്ടുള്ള പരമാവധി ഡിസ്‌കൗണ്ട് ദിവസങ്ങൾ കൂടാതെയാണ് ദേശീയദിനം പ്രമാണിച്ച് ഈ ഡിസ്‌കൗണ്ട് ദിനങ്ങൾ അനുവദിക്കുന്നത്. ഡിസ്‌കൗണ്ട് ലൈസൻസുകൾ പ്രിന്റ് ചെയ്ത് ഉപഭോക്താക്കൾ കാണും വിധം കടകളിൽ പ്രദർശിപ്പിക്കണം.
സ്ഥാപനങ്ങളിലും ഇ-സ്റ്റോറുകളിലും വിലക്കിഴിവുകൾക്കായി ഒമ്പത് നിബന്ധനകൾ വാണിജ്യ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസ്‌കൗണ്ട് ലൈസൻസ് നേടുക, അത് വ്യക്തമായി പ്രദർശിപ്പിക്കുക, വിലക്കിഴിവ് നൽകുന്ന ഉൽപ്പന്നങ്ങളിൽ പ്രൈസ് ടാഗ് ഘടിപ്പിക്കുക, വിലക്കിഴിവിന് മുമ്പും ശേഷവും വിലകൾ മാറ്റി എഴുതുക, ലൈസൻസിലെ ബാർകോഡ് സ്കാൻ ചെയ്താൽ ഉപഭോക്താവിന് വിലക്കിഴിവിന്റെ സാധുത മനസിലാക്കാനുള്ള സൗകര്യമൊരുക്കുക, വിലക്കിഴിവ് ഏർപ്പെടുത്തുമ്പോൾ തന്നെ യഥാർഥ വിലകളിൽ കൃത്രിമം കാണിക്കരുത്, കിഴിവ് നിരക്കുകൾ ഉപഭോക്താവിന് വ്യക്തമായി കാണും വിധം പ്രദർശിപ്പിക്കണം, ഓഫർ കാലയളവിലെ എക്‌സ്‌ചേഞ്ച്-റിട്ടേൺ പോളിസി ഉപഭോക്താവിനോട് വെളിപ്പെടുത്തണം, ഉൽപ്പന്നങ്ങൾക്കുള്ള വാറന്റി നിയമം പാലിക്കണം, ഇ-കൊമേഴ്‌സിലെ പരസ്യ നിയന്ത്രണങ്ങൾ പാലിക്കണം, ഉൽപ്പന്നം തെരഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താവിന് ലഭ്യമാക്കണം എന്നിവയാണ് നിബന്ധനകൾ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F