November 18, 2023
November 18, 2023
ദോഹ: ഗസയിലെ ബന്ദികളെക്കുറിച്ചും മാനുഷിക സഹായത്തെക്കുറിച്ചും യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും ചർച്ച നടത്തിയതായി റിപ്പോർട്ട്. ഇസ്രയേലിൽ ഹമാസ് പിടികൂടിയ ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ഖത്തർ അമീറുമായുള്ള ചർച്ചയ്ക്കിടെ ജോ ബൈഡൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഏഷ്യാ-പെസിഫിക് ഉച്ചകോടിക്കിടെ സാൻഫ്രാൻസിസ്കോയിൽ എത്തിയ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും കാലതാമസം കൂടാതെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബൈഡൻ പറഞ്ഞത്.
ഗസയിലേക്ക് അടിയന്തിരമായി ആവശ്യമായ മാനുഷിക സഹായങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളും, ജീവൻ രക്ഷാ സഹായത്തിനായി ഇന്ധന വിതരണം പുനരാരംഭിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനവും ഇരുവരും ചർച്ച ചെയ്തതായി വൈറ്റ് ഹൗസ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധങ്ങളും അവയെ ശക്തിപ്പെടുത്തുന്ന വഴികളും ഇരുവരും ചർച്ച ചെയ്തതായി ഖത്തർ അമീരി ദിവാനും വ്യക്തമാക്കി.
അതേസമയം, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഷെയ്ഖ് തമീം ഫോണിൽ സംസാരിച്ചിരുന്നതായും അമീരി ദിവാൻ അറിയിച്ചു. ഗസയിലെ സംഭവവികാസങ്ങളെക്കുറിച്ചും പൊതുതാൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ബഹ്‌റൈനിലെ കിരീടാവകാശിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തിലാണ് ബഹ്‌റൈൻ രാജാവുമായുള്ള ചർച്ച നടന്നത്. ഗസയിലെ യുദ്ധം ഉടൻ നിർത്തി സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F